തിരുവനന്തപുരം: പിവി അന്‍വറിനെ സിപിഎം സംസ്ഥാന സമിതിയില്‍ ആരും പിന്തുണച്ചില്ല. കണ്ണൂരിലെ ചെന്താരകം പി ജയരാജനിലേയ്ക്കായിരുന്നു എല്ലാ ശ്രദ്ധയും. എന്നാല്‍ പിജെ എന്ന പി ജയരാജന്‍ അന്‍വറിനെ അനുകൂലിക്കാന്‍ എത്തിയില്ല. ഇതിനിടെയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് നോക്കി ചില ചോദ്യങ്ങളെത്തി. അത് മലപ്പുറത്തെ കുറിച്ചായിരുന്നു. 2005ല്‍ മലപ്പുറം സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെ വെട്ടിയൊതുക്കിയ ശേഷം പിണറായി ആയിരുന്നു സിപിഎമ്മിലെ എല്ലാം എല്ലാം. 19 കൊല്ലത്തിന് ശേഷമാണ് പിണറായിയ്ക്ക് നേരെ സംസ്ഥാന സമിതിയില്‍ കാര്യമായ ചോദ്യം ഉയരുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച പുറത്തായ സാഹചര്യത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണമെന്നു സിപിഎം സംസ്ഥാന സമിതിയിലും ആവശ്യമുയര്‍ന്നു. അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്, നടപടി വൈകുന്നത് ദോഷകരമാകില്ലേ എന്ന ചോദ്യമുയര്‍ന്നത്.

ഈ ചോദ്യം ഉയര്‍ത്തിയത് ആരെന്നതാണ് സിപിഎം നേതാക്കളേയും അത്ഭുതപ്പെടുത്തിയത്. 2005ലെ മലപ്പുറം സമ്മേളനത്തില്‍ എല്ലാം ഭദ്രമെന്ന് കരുതിയാണ് വിഎസ് എത്തിയത്. അവിടെ വിഎസിനെ ആദ്യം ചോദ്യം ചെയ്തത് തിരുവനന്തപുരത്ത് നിന്നുള്ള അതിവിശ്വസ്തനായിരുന്നു. ആനാവൂര്‍ നാഗപ്പന്‍. ആനാവൂര്‍ തുടങ്ങിയതാണ് മലപ്പുറത്ത് പിണറായിയുടെ ആധിപത്യത്തിലേക്ക് എത്തിച്ചത്. 2024ല്‍ എകെജി സെന്ററില്‍ പിണറായിയ്ക്് നേരെ ചോദ്യം ഉയര്‍ന്നു. ഈ ചോദ്യത്തിന് പിന്നിലും പിണറായി വിശ്വസ്തനെന്ന് കരുതിയ കണ്ണൂരിലെ നേതാവായിരുന്നു. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശവും പിആര്‍ കമ്പനി ഇടപെടലും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കെ.ചന്ദ്രന്‍പിള്ളയും അടക്കമുള്ളവരായിരുന്നു. ഇതില്‍ ചന്ദ്രന്‍പിള്ളയ്ക്കുള്ള വിഎസ് അച്യുതാന്ദനോട് അടുപ്പം കാട്ടുന്ന ചരിത്രമാണ് സിപിഎമ്മിലുള്ളത്.

എന്നാല്‍ എവി ജയരാജനോട് പിണറായി വിജയന് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജയരാജന്‍. പിന്നീട് പി ജയരാജനെ തന്ത്രത്തിലൂടെ മാറ്റി കണ്ണൂരിലെ ജില്ലാ സെക്രട്ടറിയാക്കിയതും പിണറായി തന്നെ. കണ്ണൂരിലെ സംഘടനയെ നയിക്കാന്‍ വിശ്വസ്തന്‍ വേണമെന്ന ചര്‍ച്ചയായിരുന്നു ഇതിനു കാരണം. എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. എംവി ജയരാജന്‍ പിണറായിയ ചോദ്യം ചെയ്യുന്നു. കണ്ണൂരില്‍ നേതൃത്വത്തോട് തെറ്റി നില്‍ക്കുന്ന മറ്റൊരു ജയരാജനുണ്ട്. ഇപി ജയരാജന്‍. ഇടതു കണ്‍വീനര്‍ സ്ഥാനം പോയ ശേഷം ഇപി മൗനത്തിലാണ്. ആകെ പങ്കെടുക്കുന്നത് എംവി ജയരാജന്‍ ക്ഷണിക്കുന്ന പരിപാടികളിലും. അടുത്ത കാലത്ത് കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ പലതിലും ഇപിയ്ക്ക എംവി മാന്യമായ പരിഗണനയും സ്ഥാനവും നല്‍കുന്നുമുണ്ട്. ഇതിനിടെയാണ് സംസ്ഥാന സമിതിയിലെ എംവി ജയരാജന്റെ ചോദ്യം ഉയര്‍ത്തല്‍. അതുകൊണ്ട് തന്നെ എംവി ജയരാജനെ ഇപി ജയരാജന്‍ സ്വാധീനിക്കുന്നുണ്ടോ എന്ന സംശയം എകെജി സെന്ററിലെ ചര്‍ച്ചകളില്‍ സജീവമാണ്.

അജിത് കുമാറിനെതിരെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം ആവശ്യമെങ്കില്‍ നടപടിയാകാമെന്നാണു മുഖ്യമന്ത്രി പാര്‍ട്ടിക്കു മുന്നിലും വിശദീകരിച്ചത്. എന്നാല്‍ എഡിജിപിയുടെ ആര്‍എസ്എസ് ബന്ധം രാഷ്ട്രീയമായും തിരിച്ചടിയാണെന്നു ചൂണ്ടിക്കാട്ടി നടപടി വൈകുന്നതിനെതിരെ ചോദ്യമുയര്‍ന്നു. പക്ഷേ, ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരസ്യ പ്രതികരണം. 'ദ് ഹിന്ദു' പത്രം ക്ഷമാപണം നടത്തിയതോടെ വിവാദം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടിനോടു വിയോജിപ്പുണ്ടായി. 'ഹിന്ദു'വിന്റെ വിശദീകരണം കൂടുതല്‍ ദോഷമായെന്നു ചൂണ്ടിക്കാട്ടിയ നേതാക്കള്‍ ഇതുമൂലമുണ്ടായ രാഷ്ട്രീയ ക്ഷതത്തിന് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. ഉത്തരമുണ്ടായില്ലെന്നാണ് ഇതു സംബന്ധിച്ച മനോരമ വാര്‍ത്തയില്‍ പറയുന്നത്.

സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രതിച്ഛായയെ ബാധിച്ച സമീപകാല വിവാദങ്ങളില്‍ സ്വന്തം ജില്ലയില്‍നിന്നുതന്നെ മുഖ്യമന്ത്രിക്കുനേരേ എതിര്‍സ്വരം ഉയര്‍ന്നുവെന്നത് മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറം പരാമര്‍ശവും പി.ആര്‍. ഏജന്‍സി വിവാദവും സൃഷ്ടിച്ച ആഘാതത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നാണ് കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ ഉയര്‍ന്ന ചോദ്യം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രധാന ചുമതലവഹിച്ച കണ്ണൂരില്‍നിന്നുള്ള നേതാവാണ് ഈയൊരു വിമര്‍ശനത്തിനു തുടക്കമിട്ടതെന്നും വാര്‍ത്ത മാതൃഭൂമി നല്‍കുന്നു. എറണാകുളത്തുനിന്നുള്ള നേതാവും പിന്തുണച്ചു. ഈ നേതാക്കളാണ് എംവി ജയരാജനും ചന്ദ്രന്‍പിള്ളയും. കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലയെന്ന് മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും ന്യായീകരിക്കുമ്പോഴാണ് അഭിപ്രായഭിന്നത വിമര്‍ശനങ്ങളിലൂടെ പുറത്തുവന്നത്.

അന്‍വറിനെ തള്ളിപ്പറയാമെങ്കിലും പാര്‍ട്ടി സ്വതന്ത്രനായി ജയിച്ച ഒരാളുടെ ആരോപണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വികാരം കണ്ടില്ലെന്നുനടിക്കാനാവില്ല. മലപ്പുറം പരാമര്‍ശം പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കി. പി.ആര്‍. ഏജന്‍സിയുണ്ടെന്ന് സ്ഥിരീകരിക്കുന്നതരത്തില്‍ ഹിന്ദു പത്രത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അതിലേറെ ക്ഷീണമുണ്ടാക്കി. ഏജന്‍സി ഇല്ലെന്നു പറഞ്ഞാല്‍ അത് മറികടക്കാനാവില്ല. ഇതിന്റെയൊക്കെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും വിമര്‍ശനമുന്നയിച്ച ഇരുനേതാക്കളും ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിവാദങ്ങളില്‍ കുറച്ചുകൂടി ഗൗരവത്തോടെ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഊര്‍ജിതമായി പ്രചാരണത്തിനിറങ്ങാനുള്ള കമ്മിറ്റിതീരുമാനം വന്നത്. എന്നാല്‍ ഈ രണ്ടു നേതാക്കളും അന്‍വറിനെ പിന്തുണച്ചുമില്ല. എന്നാല്‍ പിണറായിക്ക് നേരെ ചോദ്യങ്ങളുയര്‍ത്തി. ഇത് സമകാലിക സിപിഎം രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.