- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് ബിജെപി വിരുദ്ധരാകാൻ മത്സരിച്ച് സിപിഎമ്മും കോൺഗ്രസും
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാൽ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെല്ലാം ആവർത്തിക്കുന്നത്. എന്നാൽ, ഇതൊക്കെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പഞ്ച് ഡയലോഗ് മാത്രമാണ് എന്നതാണ് വസ്തുത. കേരളം തുടക്കം മുതൽ എതിർപ്പ് ഉയർത്തിയതോടെ അതിനെ മറികടക്കും വിധത്താലാണ് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
പൗരത്വം നൽകുന്നതിൽനിന്ന് കേന്ദ്രത്തെ തടയാൻ സംസ്ഥാന സർക്കാരുകൾക്കു വലിയ സാധ്യതകളൊന്നും ഇല്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാറിന് നേരിട്ടു നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലാണ് ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷ നൽകണം എന്നതിൽ നിന്നു തന്നെ സംസ്ഥാനത്തിന്റെ ആദ്യത്തെ റോൾ ഇല്ലാതാകും. ഇതിനായി രൂപീകരിക്കപ്പെടുന്ന എംപവേഡ്, ജില്ലാതല സമിതികളിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായിരിക്കും മുൻഗണന നൽകുക. സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഒരാൾ മാത്രമാകും ഉണ്ടാകുക എന്നും പൗരത്വം നൽകുന്നതിനുള്ള പൂർണ ചുമതല കേന്ദ്രത്തിൽനിന്ന് നിയോഗിക്കുന്നവർക്ക് ആയിരിക്കും. ഇതോടെ കേരളത്തിന്റെ ഇടപെടൽ സാധ്യതകൾ ഇല്ലാതാകുകയാണ് ചെയ്യുന്നത്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കാനായി സംസ്ഥാന, ജില്ലാ തലത്തിൽ സമിതികൾ രൂപീകരിക്കുമെന്നാണ് 2024 സിഎഎ നിയമത്തിൽ പറയുന്നത്. എന്നാൽ ഈ സമിതികളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കായിരിക്കും മുൻതൂക്കമെന്നും സംസ്ഥാനങ്ങളിൽനിന്ന് ഒരാൾ മാത്രമാകും പ്രതിനിധിയായി ഉണ്ടാകുകയെന്നുമാണ് സൂചന.
ഓരോ സമിതിക്കും അധ്യക്ഷൻ ഉൾപ്പെടെ രണ്ടു പേരായിരിക്കും ക്വാറം. അതായത് സംസ്ഥാനത്തിന്റെ പ്രതിനിധി ഇല്ലാതെ തന്നെ രേഖകൾ പൂർണമായി പരിശോധിച്ച് പൗരത്വം നൽകാൻ ഈ സമിതികൾക്കു കഴിയുന്ന അവസ്ഥയാണുള്ളത്. എംപവേഡ് കമ്മിറ്റിയുടെയും ജില്ലാതല സമിതിയുടെയും അധ്യക്ഷൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കും. സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ആയിരിക്കും എംപവേഡ് കമ്മിറ്റി അധ്യക്ഷൻ. ജില്ലാതല സമിതികൾ കേന്ദ്രസർക്കാരിലെ സീനിയർ സൂപ്രണ്ട്, സൂപ്രണ്ട് തസ്തികയിലുള്ളവർ നയിക്കും. സെൻസസ് ഡയറക്ടർ, കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെൻസസ് കമ്മിഷണർക്കും രജിസ്റ്റ്രാർ ജനറൽ ഓഫ് ഇന്ത്യയ്ക്കുമാകും റിപ്പോർട്ട് ചെയ്യുക. എംപവേഡ് കമ്മിറ്റിയിലെ മറ്റംഗങ്ങളായ ഓഫിസർ ഓഫ് സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോ, ഫോറിനേഴ്‌സ് റീജനൽ റജിസ്‌ട്രേഷൻ ഓഫിസർ, സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫിസർ, പോസ്റ്റ്മാസ്റ്റർ ജനറൽ എന്നിവരും കേന്ദ്രസർക്കാർ ജീവനക്കാരാണ്.
രണ്ട് ക്ഷണിതാക്കളിൽ ആദ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിൽനിന്നോ, അഡീ.ചീഫ് സെക്രട്ടറിയുടെ (ആഭ്യന്തരം) ഓഫിസിൽനിന്നോ ഉള്ള ആൾ മാത്രമാകും ഫലത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി ഉണ്ടാകുക. രണ്ടാമത്തെ ആൾ റെയിൽവേയുടെ പ്രതിനിധി ആയിരിക്കും. ജില്ലാതല സമിതിയിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫിസറും ഒരു കേന്ദ്രനോമിനിയും കേന്ദ്രസർക്കാർ ജീവനക്കാരായി ഉണ്ടാകും. ക്ഷണിതാക്കളിൽ തഹസിൽദാറുടെ തസ്തികയിൽ കുറയാത്ത ഒരാളോ അല്ലെങ്കിൽ ജില്ലാ കലക്ടറുടെ ഓഫിസിൽനിന്നുള്ള ഒരാളോ മാത്രമാകും സംസ്ഥാന പ്രതിനിധി. രണ്ടാമതായി എത്തുന്ന റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കേന്ദ്ര ജീവനക്കാരനാണ്.
1955-ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണു പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വർഷമായി ചുരുക്കും.
1955ലെ പൗരത്വ നിയമമാണ് 2019ൽ ഭേദഗതി ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ. എന്നാൽ, 3 അയൽരാജ്യങ്ങളിൽനിന്നുള്ള 6 മതക്കാർക്ക് പൗരത്വം നൽകാൻ 2016ൽ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് 2021ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 6 മതക്കാർക്കു പൗരത്വം അനുവദിക്കാൻ അധികാരം പ്രയോഗിക്കുന്നത് നേരത്തേ തുടങ്ങിയെങ്കിൽ, ഒരു മതത്തിൽനിന്നുള്ളവരെ ഒഴിവാക്കുന്നതിന് നിയമത്തിലൂടെ തന്നെ വ്യവസ്ഥ ചെയ്തുവെന്നാണ് സർക്കാർ വൃത്തങ്ങൾ ഇതേക്കുറിച്ച് പിന്നീടു വിശദീകരിച്ചത്.
അതേസമയം ൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കിയത്. ഇത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് വ്യക്തമാണ്. ബിജെപിയെയും കേന്ദ്രസർക്കാറിനെയും എതിർക്കുന്തിൽ മുന്നിലാര് എന്ന് മത്സരിക്കുകയാണ് ഇവർ. പൗരത്വ നിയമതത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണെന്ന് മന്ത്രി വ്കയക്തമാക്കി.
സി.എ.എക്കെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കിയത് കേരളമാണ്. സി.എ.എ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ കേരളം കോടതി?യെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി തുടർ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും ഇന്നലെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. നിലവിൽ 250ൽ കൂടുതൽ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസാധുവാക്കാനുള്ള ശ്രമങ്ങൾ സിപിഎം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് കേന്ദ്ര സർക്കാർ. മുസ്ലിംകളോട് വിവേചനപരമായ സമീപനം പ്രാവർത്തികമാക്കുന്നതാണ് ചട്ടങ്ങൾ. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന് ആശങ്ക ഉയർത്തുന്നുണ്ടെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.