ഗ്യാങ്‌ടോക്: സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോർച്ച അദ്ധ്യക്ഷൻ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിങ് തമാംഗ് വീണ്ടും അധികാരത്തിലെത്തുമ്പോൾ ജയിക്കുന്നത് വികസന രാഷ്ട്രീയം. സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റിൽ വിജയിച്ചാണ് 2019ൽ ക്രാന്തികാരി മോർച്ച അധികാരം പിടിച്ചത്. ഇത്തവണ അത് 32ൽ 31ആകുന്നു. പ്രതിപക്ഷത്തെ പൂർണ്ണമായും തകർത്ത ജനവധി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഡൽഹിക്ക് ആംആദ്മിയിൽ ലഭിച്ച വിജയത്തിന് സമാനമാണ് സിക്കിമിലെ പ്രേംസിങ് തമാംഗിന്റെ 2024ലെ നേട്ടം. എക്‌സിറ്റ് പോളുകൾ തമാംഗിന്റെ പാർട്ടി 25 സീറ്റാണ് പ്രവചിച്ചത്. എന്നാൽ 31 പിടിച്ചാണ് അധികാരത്തിലേക്കുള്ള അശ്വമേധം.

2019ന് മുമ്പ് 25 വർഷമായി സിക്കിങ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിങ് ക്രാന്തികാരി മോർച്ച രൂപീകരിച്ചത്. ആറു കൊല്ലം കൊണ്ട് അധികാരം പിടിച്ചു. ചാംലിങ് നേതൃത്വം നല്കിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിലൊരാണു ഗോലേ. ചാംലിംഗുമായി തെറ്റി 2013ൽ ഗോലേ രൂപവത്കരിച്ച പാർട്ടിയാണ് സിക്കിം ക്രാന്തികാരി മോർച്ച(എസ്‌കെഎം). 2014ൽ എസ്‌കെഎം 10 സീറ്റ് നേടി പ്രതിപക്ഷനിരയിൽ ശക്തിയായി. അടുത്ത തവണ അധികാരവും പിടിച്ചു.

നേപ്പാളികളായ കാലു സിങ് തമാംഗിന്റെയും ധൻ മായാ തമാംഗിന്റെ മകനായി 1968 ഫെബ്രുവരി അഞ്ചിനാണു ഗോലേ ജനിച്ചത്. ഡാർജലിംഗിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം സംസ്ഥാന സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു. മൂന്നു വർഷത്തിനുശേഷം അദ്ധ്യാപക ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കു തിരിഞ്ഞു. 1994ൽ ആദ്യമായി സിക്കിം നിയമസഭാംഗമായ ഗോലേ അഞ്ചുതവണ തുടർച്ചയായി വിജയിച്ചു. 1994 മുതൽ 2009 വരെ മന്ത്രിയായിരുന്നു. നാലാമാത്ത എസ്ഡിഎഫ് സർക്കാരിൽ(2009-2014) ഗോലേക്കു മന്ത്രിസ്ഥാനം നിഷേധിച്ചു. ഇതോടെ എസ്ഡിഎഫ് വിട്ട ഗോലേ എസ്‌കെഎം രൂപവത്കരിച്ചു.

1994-1999 കാലത്ത് സർക്കാർ ഫണ്ട് ക്രമവിരുദ്ധമായി ചെലവഴിച്ചതിന്റെ പേരിൽ 2016ൽ ഗോലേ കുറ്റക്കാരനെന്നു കോടതി വിധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദായി. സിക്കിൽ നിയമസഭാംഗത്വം റദ്ദാകുന്ന ആദ്യ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കീഴ്‌ക്കോടതി വിധിക്കെതിരേ ഗോലേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഗോലേ ജയിലിലായി. 2018ൽ ജയിൽമോചിതനായ ഗോലേക്ക് വൻ വരവേൽപ്പാണു ലഭിച്ചത്. ഒറ്റ വർഷത്തിനകം ചാംലിംഗിനെ അധികാരത്തിൽനിന്നു പുറത്താക്കി ഗോലേ സിക്കിമിന്റെ മുഖ്യമന്ത്രിപദത്തിലെത്തി. 2024ൽ ആ ജനപിന്തുണ പ്രവചനത്തിനും അപ്പുറത്തെത്തി.

75% ജനങ്ങളും നേപ്പാളി വംശജരായ സിക്കിമിൽ അഞ്ചു വർഷമൊഴികെ എന്നും പ്രാദേശിക പാർട്ടികളുടെ ഭരണത്തിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.5% മാത്രം വോട്ട് നേടിയ ബിജെപിക്ക് 32 അംഗ സഭയിൽ പിന്നീട് 12 എംഎൽഎമാരെത്തി. എല്ലാവരും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽനിന്ന് (എസ്ഡിഎഫ്) കൂറുമാറിയവർ. ഇത്തവണ പക്ഷേ ബിജെപിക്ക് സീറ്റൊന്നുമില്ല. എന്നാൽ എസ് ഡി എഫിന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് ബിജെപിയിലേക്കുള്ള നേതാക്കളുടെ കൂറുമാറ്റം കാരണമായി.

കഴിഞ്ഞ നിയമസഭയിൽ എസ്ഡിഎഫിന്റെ 15 എംഎൽഎമാരിൽ 12 പേർ ബിജെപിയിലേക്കും 2 പേർ എസ്‌കെഎമ്മിലേക്കും പോയി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളെന്ന റെക്കോർഡ് ബംഗാളിലെ ജ്യോതി ബസുവിനെ മറികടന്നു സ്വന്തമാക്കിയ പവൻകുമാർ ചാംലിങ് അങ്ങനെ എസ്ഡിഎഫിന്റെ ഏക എംഎൽഎയായി. ഇക്കുറി ശക്തമായ തിരിച്ചുവരവിനാണ് ചാംലിങ് ശ്രമിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപ്റ്റൻ ബൈചുങ് ബൂട്ടിയയാണ് പാർട്ടി വൈസ് പ്രസിഡന്റ്. ബൂട്ടിയയുടേ സാന്നിധ്യവും ചാംലിങിന് തുണയായില്ല.

ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്‌കെഎം തയാറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ധാരണയുണ്ടായതുമില്ല. ബിജെപിയുമായും എസ് കെ എം മത്സരിച്ചു. പക്ഷേ സിക്കമിലെ പ്രേം തമാങിനേയും എൻഡിഎ മുന്നണിയിലാണ് ഏവരും ചേർക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.