- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സമുദായവും കര്‍ഷകസമൂഹവും ഇത്രയധികം അവഗണന നേരിടുന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്ന തുറന്നു പറച്ചില്; ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശയിലെ നടത്തിപ്പ് വീഴ്ച അടക്കം ചര്‍ച്ചയാക്കി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്; ലക്ഷ്യം കത്തോലിക്കാ വോട്ടുകളുടെ സമാഹരണമോ? മാര്‍ തോമസ് തറയലിന്റെ 'കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം' മുന്നണികള്‍ക്ക് ഭീഷണിയാകുമ്പോള്‍
'കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം' മുന്നണികള്‍ക്ക് ഭീഷണിയാകുമ്പോള്‍
ചങ്ങനാശേരി: വോട്ടുബാങ്കിന്റെ വലുപ്പം മാത്രം നോക്കി നീതിയും നിയമവും നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു താക്കീതായി കര്‍ഷകരക്ഷാ നസ്രാണിമുന്നേറ്റം പടര്‍ന്നു പന്തലിക്കുമെന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ നിലപാട് പ്രഖ്യാപനം കേരളത്തിലെ ഇരു മുന്നണികള്‍ക്ക് തലവേദനയായേക്കും. മാര്‍ തോമസ് തറയലിന്റെ നേതൃത്വത്തില്‍ വ്യക്തമായ രാഷ്ട്രീയ നീക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാലാ ബിഷപ്പ് നേരത്തെ നര്‍കോട്ടിക് ജിഹാദ് ചര്‍ച്ചയാക്കി. തലശ്ശേരി ബിഷപ്പിന്റെ കര്‍ഷക അനുകൂല പ്രസ്താവനയും വിവാദമായിരുന്നു. പക്ഷേ ഇവരെല്ലാം ക്രൈസ്തവരെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടു വന്നിരുന്നില്ല. എന്നാല്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ നീക്കങ്ങള്‍ അതിന് അപ്പുറത്തേക്കാണ്. ചങ്ങനാശേരിയില്‍ സഹായ മെത്രാനായപ്പോള്‍ തന്നെ ചില രാഷ്ട്രീയ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ ഇടപെടലിന് തയ്യാറെടുക്കുകയാണ് മാര്‍ തോമസ് തറയില്‍.
ക്രൈസ്തവ സമുദായവും കര്‍ഷകസമൂഹവും ഇത്രയധികം അവഗണന നേരിടുന്ന സാഹചര്യത്തിലാണ് ചങ്ങനാശേരി അതിരൂപത, സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ദേശീയ, സംസ്ഥാന തലങ്ങളില്‍ ക്രൈസ്തവ സമുദായവും കര്‍ഷകസമൂഹവും നേരിടുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. സംവരണത്തിനായുള്ള ദളിത് ക്രൈസ്തവരുടെ നിലവിളിക്ക് മറുപടിയില്ല. റബറിനു താങ്ങുവില പോയിട്ട് ചെറിയൊരാശ്വാസംപോലുമില്ല. മൃഗങ്ങള്‍ യഥേഷ്ടം കാടിറങ്ങി മനുഷ്യരെ കൊന്നൊടുക്കുമ്പോഴും കേന്ദ്ര വനം-വന്യജീവി നിയമത്തില്‍ മാറ്റമില്ല. കേരളത്തിലാകട്ടെ രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഗുരുതമായ വിവേചനമാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ ഏതാണ്ട് സ്തംഭിച്ചു. ഇഎസ്എ, ബഫര്‍സോണ്‍, പട്ടയപ്രശ്നങ്ങള്‍... ദുരിതങ്ങള്‍ക്ക് അളവില്ല. ജനങ്ങളുടെ സംയമനം മറയാക്കി, പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍ക്കു ഭൂഷണമല്ലെന്ന് ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിക്കുകയാണ്.
നീതിനിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചും അവകാശപ്രഖ്യാപന റാലിയും ഭരണാധികാരികള്‍ക്കുള്ള താക്കീതായി എല്ലാ അര്‍ത്ഥത്തിലും മാറി. കര്‍ഷകജനതയും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ക്രൈസ്തവ ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ കടുത്ത മുന്നറിയിപ്പാണ് മാര്‍ച്ചിലും മഹാസംഗമത്തിലും മുഴങ്ങിയത്. അതിരമ്പുഴ മുതല്‍ അമ്പൂരി വരെ ദീര്‍ഘിച്ച ചങ്ങനാശേരി അതിരൂപതയിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ കാല്‍ ലക്ഷത്തിലേറെവരുന്ന വിശ്വാസികളാണ് കൊടികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അവകാശസംരക്ഷണത്തിനായി ആവേശത്തോടെ അണിനിരന്നത്. അനീതിക്കും അവകാശനിഷേധത്തിനും വിവേചനങ്ങള്‍ക്കുമെതിരേ ക്രൈസ്്തവര്‍ ഒരുമിക്കുമെന്നതിനു തെളിവാണ് റാലിയിലും സമ്മേളനത്തിലും അണിനിരന്ന ജനസാഗരമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ചൂണ്ടിക്കാട്ടി. ഈ റാലിയും മാര്‍ച്ചുമെല്ലാം ക്രൈസ്തവ സഭയുടെ രാഷ്ട്രീയ ഇടപെടലിന്റെ പുത്തന്‍ വഴി തുറക്കുമെന്ന വിലയിരുത്തല്‍ നിരീക്ഷകര്‍ക്കുമുണ്ട്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ആരു തോല്‍ക്കണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്ന കരുത്ത് ക്രൈസ്തവ സഭകള്‍ക്കുണ്ട്. അതവര്‍ ഏക മനസ്സോടെ നിര്‍വ്വഹിക്കുന്ന തരത്തിലെ വോട്ട് ബാങ്കായി കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ക്രിസ്ത്യാനി ഒരുമിച്ച് നില്‍ക്കില്ലെന്ന ചിന്ത രാഷ്ട്രീയക്കാര്‍ക്കുണ്ട്. അത് മാറണം. അതിജീവനത്തിനായി മുമ്പോട്ട് പോകുമ്പോള്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് ഒരുമിച്ച് നിന്ന് മറുപടി നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു വയ്ക്കുന്നു. കാലാകാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു ക്രൈസ്തവ സഭകളുടെ മനസ്സ്. യാക്കോബായ സഭ മാത്രമാണ് ഇടതിനോട് ചേര്‍ന്ന് നിന്നത്. അവരും പരസ്യ നിലപാട് എടുത്തിരുന്നില്ല. എല്ലാ സഭകളും രാഷ്ട്രീയ ആഭിമുഖ്യങ്ങള്‍ പ്രകടിപ്പിക്കാറുണ്ടെങ്കിലും പ്രത്യക്ഷമായി ആരേയും പിന്തുണയ്ക്കാറില്ല. കേന്ദ്ര സര്‍ക്കാരില്‍ ബിജെപി പിടിമുറുക്കിയതോടെ സഭകള്‍ അവരേയും ചെറുതായി പിന്തുണയ്ക്കാന്‍ തുടങ്ങിയെന്ന വിലയിരുത്തലുണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ സഭകളും നിര്‍ണ്ണായക പങ്കുവഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അധികാര കരുത്തില്‍ ക്രൈസ്തവരെ പിടിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. ഇതിനിടെയാണ് മാര്‍ തറയിലിന്റെ രാഷ്ട്രീയ ഇടപെടലുകള്‍. ജെബി കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കം ചര്‍ച്ചയാക്കുകയാണ് ആര്‍ച്ച് ബിഷപ്പ്. മുനമ്പം-ചെറായി പ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിയെ ഭരണനേതൃത്വങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും മുമ്പ് ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു. ഇത് മുനമ്പത്തുകാരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റേയോ പ്രശ്നമല്ലെന്നും നാടിന്റെ മുഴുവന്‍ വേദനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
ജനാധിപത്യ രാഷ്ട്രത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് സദ്ഭരണത്തിന്റെ ലക്ഷണമല്ല. ഈ വിഷയത്തില്‍ ഭരണകൂടങ്ങളുടെ നിര്‍ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താല്‍പര്യങ്ങളും പ്രീണനനയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണം -ഇതായിരുന്നു മുനമ്പത്ത് മാര്‍ തറയില്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത നിലപാട് പരസ്യമാക്കി കഴിഞ്ഞു. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുകയും ചെയ്തു.
ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറില്‍ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണത്താല്‍ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണില്‍ കാണുകയാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു മാര്‍ച്ചും റാലിയുമെല്ലാം.
ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായത് നവംബറിലാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ ചുമതലയേറ്റത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതിന് മുമ്പ് സഹായ മെത്രാനായിരുന്നു. അതുകൊണ്ട് തന്നെ പാലാ രൂപതയെ അടുത്തറിയുന്ന ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍.