- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയില്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് നേരെ കടുത്ത നടപടി: പള്ളി പൊളിച്ചു; പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്തു; ന്യൂനപക്ഷ വേട്ടയാടലില്‍ മണിപ്പൂരിനായി നിലവിളിച്ച സിപിഎമ്മിന് മിണ്ടാട്ടമില്ല; അമേരിക്കയേയും വിമര്‍ശിക്കും; പക്ഷേ ചൈന ചെയ്യുന്ന മനുഷ്യാവകാശ ലംഘനം കാണത്തുമില്ല; ഇതൊരു സിപിഎം ഇരട്ടത്താപ്പോ?

കൊച്ചി: ചൈനയില്‍ അംഗീകൃതമല്ലാത്ത ക്രിസ്ത്യന്‍ സഭകള്‍ക്കും വിശ്വാസികള്‍ക്കും നേരെ ഭരണകൂടം അടിച്ചമര്‍ത്തല്‍ ശക്തമാക്കുന്നു. ചൈനയിലെ സ്വാധീനമുള്ള പ്രൊട്ടസ്റ്റന്റ് സഭയായ 'ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിന്റെ' പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും വെന്‍ഷൗവിലെ യായാങ് പള്ളി അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. ലോകത്തെ ഏത് വിഷയങ്ങളിലും പ്രതികരിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. പക്ഷേ ചൈനയിലെ ന്യൂനപക്ഷ വേട്ടയില്‍ അവര്‍ മൗനത്തിലും.
ഇന്ത്യയിലെ ന്യൂനപക്ഷാവകാശങ്ങള്‍ക്കായി തെരുവില്‍ പ്രതിഷേധം നയിക്കുകയും മണിപ്പൂരിലും ഛത്തീസ്ഗഡിലും നടക്കുന്ന സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം, ചൈനയിലെ ക്രിസ്ത്യന്‍ വേട്ടയില്‍ പുലര്‍ത്തുന്ന 'മൗനം' വാചലമാകുന്നു. ചൈനയിലെ ഷി ജിന്‍പിംഗ് ഭരണകൂടം പള്ളികള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുകയും പ്രമുഖ സഭാ നേതാക്കളെ തടവിലാക്കുകയും ചെയ്യുമ്പോഴും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം ഇതിനെതിരെ ഒരു വാക്കുപോലും ഉരിയാടാത്തത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ശക്തമാണ്. മണിപ്പൂരിലും ഛത്തീസ്ഗഡിലും ക്രൈസ്തവര്‍ക്ക് നേരെ അക്രമം നടന്നപ്പോള്‍ കേരളത്തിലുടനീളം പ്രതിഷേധ പ്രകടനങ്ങളും സെമിനാറുകളും സംഘടിപ്പിച്ച സിപിഎം, സമാനമായ സംഭവം ചൈനയില്‍ നടക്കുമ്പോള്‍ കണ്ണടയ്ക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക നടത്തിയ വെനസ്വല ഇടപെടലിലും സിപിഎം പ്രതികരിച്ചിരുന്നു. എന്നാല്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനത്തില്‍ മിണ്ടാട്ടമില്ല.
ചൈനയുടെ 'ജെറുസലേം' എന്നറിയപ്പെടുന്ന വെന്‍ഷൗവില്‍ യായാങ് പള്ളി (ഥമ്യമിഴ ഇവൗൃരവ) നൂറുകണക്കിന് സായുധ പോലീസിന്റെ കാവലില്‍ തകര്‍ത്തു കഴിഞ്ഞു. സഭയുടെ കുരിശും മേല്‍ക്കൂരയും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെ പ്രമുഖ സ്വതന്ത്ര സഭയായ 'ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിന്റെ' നേതാവ് ലി യിന്‍ക്യാങ്, ഭാര്യ ഷാങ് സിന്‍യൂ എന്നിവരടക്കം ഒട്ടേറെപ്പേരെ പോലീസ് വേട്ടയാടി. പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും ക്രിസ്തുവിന്റെ ചിത്രത്തിന് പകരം ഷി ജിന്‍പിംഗിന്റെ ചിത്രം വെക്കണമെന്നും ഉത്തരവിട്ട ചൈനീസ് നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്.
ചൈനയിലേത് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന മതപീഡനമായതിനാലാണ് സിപിഎം ഇതിനെതിരെ പ്രതികരിക്കാത്തതെന്നാണ് പ്രധാന വിമര്‍ശനം. ചൈനയില്‍ സഭകള്‍ക്ക് നേരെ നടക്കുന്ന 'സീനൈസേഷന്‍' (മതങ്ങളെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് കീഴിലാക്കല്‍) നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സിപിഎമ്മിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. 'മണിപ്പൂരിലെ പള്ളികള്‍ക്കായി മെഴുകുതിരി കത്തിച്ചവര്‍ ചൈനയിലെ ബുള്‍ഡോസറുകള്‍ കാണുന്നില്ലേ?' എന്നാണ് പ്രധാന ചോദ്യം. ന്യൂനപക്ഷ സ്‌നേഹം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നാടകം മാത്രമാണോ എന്ന ചോദ്യവും ഉയരുന്നു.
ചൈനയില്‍ വലിയ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. ചെങ്ഡുവിലെ സഭയുടെ ഓഫീസിലും നേതാക്കളുടെ വീടുകളിലും പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഒന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. സഭാ നേതാവായ ലി യിന്‍ക്യാങ്, ഭാര്യ ഷാങ് സിന്‍യൂ എന്നിവരുള്‍പ്പെടെ നാലുപേര്‍ ഇപ്പോഴും തടങ്കലിലാണ്. കൃത്യമായ ചാര്‍ജുകള്‍ ചുമത്താതെയും അറസ്റ്റിനുള്ള കാരണം വ്യക്തമാക്കാതെയുമാണ് പോലീസ് നടപടിയെന്ന് സഭ ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ താക്കീത് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിരുന്ന അധികൃതര്‍, ഇപ്പോള്‍ നേരിട്ട് അറസ്റ്റിലേക്ക് നീങ്ങുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ചൈനയുടെ 'ജെറുസലേം' എന്നറിയപ്പെടുന്ന വെന്‍ഷൗവില്‍ യായാങ് പള്ളി കെട്ടിടം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പള്ളിക്ക് ചുറ്റും നൂറുകണക്കിന് സായുധ പോലീസിനെ വിന്യസിച്ച ശേഷമായിരുന്നു ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുള്ള നടപടി. സമീപവാസികളെ ഒഴിപ്പിക്കുകയും ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് അധികൃതര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളുമായി പൊരുത്തപ്പെടാത്തതും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതുമായ സഭകളെ അടിച്ചമര്‍ത്താനാണ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ നീക്കമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. 2015 മുതല്‍ ഷി ജിന്‍പിംഗ് മതങ്ങളെ ചൈനീസ് സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കര്‍ശന നിയന്ത്രണം: സോഷ്യല്‍ മീഡിയയിലൂടെ തത്സമയം പ്രസംഗിക്കുന്നതിനും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനും കഴിഞ്ഞ വര്‍ഷം മുതല്‍ പുരോഹിതന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ മാത്രം വെന്‍ഷൗവില്‍ നിന്ന് നൂറോളം സഭാ അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയോട് പൂര്‍ണ്ണമായി വിധേയത്വം കാണിക്കാത്ത എല്ലാ സഭകളെയും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് 'ചൈന എയ്ഡ്' സ്ഥാപകന്‍ ബോബ് ഫു പറഞ്ഞു. ചൈനയിലെ മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.


