തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ അപ്രതീക്ഷിതമായ ഒരു ഉപതിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുന്നത്. നേതാക്കള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പു ആഗ്രഹിച്ചിരുന്നില്ല. എങ്കിലും യുഡിഎഫിന് നേട്ടമുണ്ടാക്കനുള്ള അവസമരമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നു.

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷ യുഡിഎഫിനുണ്ട്. അത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഊര്‍ജമാകുമെന്ന ചിന്തയും മുന്നണിയിലുണ്ട്. എന്നാല്‍, അതിന് വേണ്ടിവരുന്നു മുന്നൊരുക്കങ്ങള്‍ പാര്‍്ട്ടിയിലെ പുനസംഘടനകളെ പോലും അവതാളത്തിലാക്കുമെന്ന ആശങ്കയും ശക്തമാണ്. ശക്തമായ പാര്‍ട്ടി സംവിധാനമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ അത് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.

ഒഴിവുവന്ന സീറ്റില്‍ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം. നിലമ്പൂരില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പു നടന്നാല്‍ ഒരു വര്‍ഷത്തോളം കാലാവധി ലഭിക്കും. തിരഞ്ഞെടുപ്പു വേണോയെന്ന കാര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും.

അന്‍വര്‍ രാജിവെച്ച് കളമൊരുക്കിയ തിരഞ്ഞെടുപ്പ് സിപിഎമ്മിനും അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക പോലും പാര്‍ട്ടിക്ക് അവിടെ എളുപ്പമുള്ള കാര്യമല്ല. തോല്‍വി സാഹചര്യവും മുന്നില്‍ കാണുന്നതു കൊണ്ട് തന്നെ വലിയ ഗൗരവത്തില്‍ സിപിഎം തിരഞ്ഞെടുപ്പിനെ കാണുന്നുണ്ട്. സംഘടനാപരമായ തിരക്കുകള്‍ ഇരുവശത്തുമുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളുടെ നടുവിലാണു സിപിഎം. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ മൂലം നീട്ടിവച്ച പുനഃസംഘടന കോണ്‍ഗ്രസിനു പൂര്‍ത്തിയാക്കേണ്ടതുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ 4 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിരുന്നു; പുതുപ്പള്ളിയും തൃക്കാക്കരയും പാലക്കാടും യുഡിഎഫും ചേലക്കര എല്‍ഡിഎഫും. സിറ്റിങ് എംഎല്‍എയുടെ മരണം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള രാജി എന്നിവയാണ് ഈ ഉപതിരഞ്ഞെടുപ്പുകള്‍ക്കു വഴിവച്ചത്.

അതേസമയം ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പു തൃണമൂല്‍ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയിലേക്ക് വഴിയൊരുക്കുന്നതാകും എന്നതില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് തൃണമൂല്‍ വഴങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പികളിലെ കോണ്‍ഗ്രസിന്റെ ഏക പച്ചത്തുരുത്താണ് കേരളം. അവിടെ മമതയുടെ പാര്‍ട്ടി അടിവേരുണ്ടാക്കുന്നത് കോണ്‍ഗ്രസിന് അത്രയ്ക്ക് താല്‍പ്പര്യമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിലയില്‍ അന്‍വറിനെ മുന്നണിയില്‍ ഇടം കൊടുക്കണോ എന്ന ചോദ്യം വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാര്‍ട്ടികളില്‍നിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ ശക്തമായൊരു രാഷ്ട്രീയപ്പാര്‍ട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അന്‍വറിന്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജന്‍ഡയില്‍ ആളെ ചേര്‍ക്കുക എന്നതാണ് അദ്ദേഹത്തിന്റെ നീക്കം.

വിവിധ കേരള കോണ്‍ഗ്രസുകളില്‍നിന്നുള്ള ഒറ്റയൊറ്റ നേതാക്കളില്‍ പലരുമായും അന്‍വറും ഒപ്പമുള്ളവരും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്‍.സി.പി. പോലുള്ള ചില പാര്‍ട്ടികളിലെ ചില നേതാക്കളും ചില മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും ഒപ്പം ചേരാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് അന്‍വറിനൊപ്പമുള്ള ചില നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍നിന്നും ഇടതുപക്ഷത്തുനിന്നും ഒറ്റപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ചില പ്രാദേശിക നേതാക്കളും പുതിയൊരു രാഷ്ട്രീയ സാധ്യതയായി തൃണമൂലിനെ കാണുന്നുണ്ട്.

മുന്‍പ് ഇടതു പക്ഷത്തിനൊപ്പമായിരുന്നവരും ഇടതുരാഷ്ട്രീയ നിലപാടാണ് ഇപ്പോളുമുള്ളത് എന്നുപറയുന്നവരുമായ ഒരു വിഭാഗമുണ്ട്. ഇപ്പോള്‍ എല്‍.ഡി.എഫിനെതിരായ നിലപാടെടുക്കുന്ന ഈ വിഭാഗത്തെ ആകര്‍ഷിക്കാന്‍ കൂടിയാണ് പിണറായിസത്തിനെതിരായ നിലപാട് എന്നാണ് അന്‍വര്‍ ആവര്‍ത്തിച്ചു പറയുന്നത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആഴ്ന്നിറങ്ങി പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളില്‍ സാന്നിധ്യം അറിയിക്കാനാവുമെന്നാണ് അന്‍വറിനൊപ്പമുള്ളവരുടെ വിശ്വാസം. ഇടയ്‌ക്കൊന്നു മന്ദീഭവിച്ച ഡി.എം.കെ.യെ സംസ്ഥാന തലത്തില്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഇനി തൃണമൂലിന്റെ ലക്ഷ്യം.

ബംഗാളിനുപുറത്ത് കഴിയുന്നത്ര ഇടങ്ങളില്‍ വേരു പടര്‍ത്തി കൂടുതല്‍ ദേശീയ പ്രസക്തിയുള്ള പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റുകയാണ് മമതാ ബാനര്‍ജിയുടെ ലക്ഷ്യം. സി.പി.എം. വിരോധമാണ് മമതയുടെയും അന്‍വറിന്റെയും പൊതുഘടകം. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും നിലമ്പൂര്‍, ഏറനാട് പ്രദേശങ്ങളിലെ പല പഞ്ചായത്തുകളിലും ഇടതുമുന്നണിയിലെ ഒരു വിഭാഗം അംഗങ്ങള്‍ ജയിച്ചു കയറിയത് അന്‍വറിന്റെ പിന്തുണയിലാണ്. ഇവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനൊപ്പം നില്‍ക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.