- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാർ രണ്ടു പതിറ്റാണ്ടായി നിൽക്കുന്നത് നിതീഷ് പക്ഷത്ത്; നിറം മാറുന്ന ഓന്തോ ജെഡിയു?
പാട്ന: നിതീഷ് കുമാർ ഒൻപതാം തവണ ബീഹാർ മുഖ്യമന്ത്രിയാകുന്നു. അത് ബിജെപിയുടെ പിന്തുണയിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു നിതീഷിന്റെ മത്സരം. ഭൂരിപക്ഷവും കിട്ടി. എന്നാൽ മുന്നണിയിലെ പ്രധാന കക്ഷി ബിജെപിയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താൽപ്പര്യത്തിലാണ് ബീഹാറിൽ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് അന്ന് തൃപ്തിപ്പെട്ടത്.
പക്ഷേ 18 മാസം മുമ്പ് ബിജെപിയെ തേടി ചതിയെത്തി. നിതീഷ് കളം മാറി. അങ്ങനെ അന്ന് എട്ടാം തവണ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേറ്റു. അതും മോദിയെ വിമർശിച്ച്. ഇതോടെ ഇനി ഒരിക്കലും നിതീഷും ബിജെപിയും ചങ്ങാതത്തിലാകില്ലെന്ന് ഏവരും കരുതി. അതും വെറുതെയായി. നിതീഷിന് ഒൻപതാം ഊഴം നൽകുകയാണ് മോദി. അതും മുമ്പ് പറഞ്ഞതെല്ലാം മറന്ന്. ബീഹാറിലെ ദളിത്-സ്ത്രീ വോട്ടർമാരെ കേന്ദ്ര സർക്കാരിനൊപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കം.
18 മാസം മുമ്പ് എൻഡിഎ സഖ്യം വിട്ട് മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിതീഷ് കുമാർ രംഗത്ത് വന്നിരുന്നു. മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചു എന്നാൽ 2024 സാധിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. 2022ലെ ഓഗസ്റ്റിൽ ജെഡി(യു) യോഗത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ, വൈകിട്ട് തേജസ്വി യാദവിനൊപ്പം ഗവർണർ ഫാഗു ചൗഹാനെ കണ്ട് സർക്കാരുണ്ടാക്കാൻ കത്തുനൽകുകയായിരുന്നു. അടുത്ത ദിവസം വീണ്ടും സത്യപ്രതിജ്ഞ. ഇത്തവണ രാജിവച്ച അന്നു തന്നെ ഒൻപതാം തവണ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ.
നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറിൽ രണ്ടു തവണ അധികാരത്തിൽ എത്തി. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സർക്കാർ അധികാരത്തിലേറിയത്. 2017 ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് 2022വരെ ആ സഖ്യം തുടർന്നു. പിന്നെ വീണ്ടും തേജസ്വയിക്കൊപ്പം സർക്കാരുണ്ടാക്കി. 18 മാസത്തിന് ശേഷം വീണ്ടും നിതീഷ് കളം മാറി. തേജസ്വയിക്ക് മുഖ്യമന്ത്രി കസേരയിലുള്ള കണ്ണായിരുന്നു ഇതിന് കാരണം. തന്റെ പാർട്ടിയെ ആർജെഡി പിളർത്തുമോ എന്ന് പോലും അദ്ദേഹം കരുതി. വേണ്ടത്ര മുൻകരുതൽ എടുത്ത് കളം മാറി. അതാണ് നിതീഷ് മാജിക്. 2005നു ശേഷമുള്ള ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് എവിടെയോ ആ സഖ്യത്തിനായിരുന്നു വിജയം.
മോദി പ്രഭാവം ആഞ്ഞടിച്ച 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിയിലായിരുന്നു നിതീഷ്. അന്ന് മോദി ബിഹാർ തൂത്തു വാരിയെന്നത് മാത്രമാണ് ഇതിനിടെയിലെ ഏക തിരഞ്ഞെടുപ്പ് തിരിച്ചടി. ആ തോൽവിയിൽ മുഖ്യമന്ത്രി പദം നിതീഷ് രാജിവച്ചു. പകരം വിശ്വസ്തനായ ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയായി. പിന്നീട് മാഞ്ചിയും നിതീഷും തെറ്റി. ഇന്ന് മാഞ്ചി എൻഡിഎ പക്ഷത്താണ്. മാഞ്ചിയും നിതീഷും വീണ്ടും ഒരുപക്ഷത്ത് എത്തുന്നുവെന്നതും ഇത്തവണത്തെ ശ്രദ്ധേയ ചിത്രമാണ്. നിറം മാറുന്ന ഓന്തിനെ നിതീഷ് തോൽപ്പിക്കുമെന്നാണ് 2024ലെ ചാട്ടത്തിൽ കോൺഗ്രസ് പ്രതികരണം. ഈ ചാട്ടം ലോക്സഭയിലെ ജനവിധി ബിജെപിക്ക് അനുകൂലമാക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.
ജെപിയുടെ പിന്തുടർച്ചക്കാരനാണ് നിതീഷ്. സോഷ്യലിസ്റ്റ്. 1994 ൽ ഇദ്ദേഹം ജോർജ് ഫെർണാണ്ടസുമായി ചേർന്ന് സമതാ പാർട്ടി എന്നൊരു പാർട്ടി ഉണ്ടാക്കി. 1997 -ൽ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ജനതാദളിൽ ശരദ് യാദവ് ഇടയുന്നു. ലാലു രാഷ്ട്രീയ ജനതാ ദൾ ഉണ്ടാക്കി വേറിട്ടുപോകുന്നു. പിന്നീട് 2003 ൽ ശരദ് യാദവിന്റെ ജനതാദളും, സമതാപാർട്ടിയിലെ ബഹുഭൂരിപക്ഷം പേരും ചേർന്ന് ലയിച്ച് ഒരൊറ്റ പാർട്ടിയായതാണ് ജനതാദൾ യുണൈറ്റഡ് അഥവാ ജെഡിയു. അതിന്റെ ഭാഗമാണ് ഇന്നും നിതീഷ് കുമാർ.
1998-99 കാലത്ത് വാജ്പേയി സർക്കാരിൽ റെയിൽവേയ്സ്, ഗതാഗത മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പിലും മന്ത്രിപദം അലങ്കരിച്ചു. 1999 -ൽ ഗെയ്സലിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം ഉണ്ടായപ്പോൾ മന്ത്രി എന്ന നിലയിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ രാജിവെച്ചിറങ്ങുന്നു. അന്നത് അത് വലിയ സംഭവം ആയിരുന്നു. വിദേശമാധ്യമങ്ങൾ പോലും അത് വാർത്തയാക്കി. ലാൽ ബഹാദൂർ ശാസ്ത്രിക്കുശേഷം ഒരു നേതാവ് ധാർമ്മിക പ്രശ്നം ഏറ്റെടുത്ത് രാജിവെക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യവും അവസാനവും ആയിരുന്നു. 2001 -ൽ വീണ്ടും റെയിൽവേ മന്ത്രിയായി തിരിച്ചുവരുന്നു. ഇത്തവണ 2004 മെയ് വരെ തുടരുന്നു.
2000 ൽ വെറും ഏഴുദിവസത്തേക്ക് നീതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നുണ്ട് നിതീഷ്. അന്ന് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു എങ്കിലും, ലാലു പ്രസാദ് യാദവിന്റെ അനിഷേധ്യ നേതൃത്വത്തിന്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന എതിരാളിയായി ബിഹാറിൽ നിതീഷ് കുമാർ അതോടെ രംഗത്തെത്തി. അഞ്ചുവർഷത്തിനു ശേഷം, 2005 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാ ദളിനെ തോൽപ്പിക്കുന്നു, നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു.
2010 -ൽ വീണ്ടും ജയിച്ചു മുഖ്യമന്ത്രി ആകുന്നു എങ്കിലും, നരേന്ദ്ര മോദിയെ എൻഡിഎ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു. 2015 -ലെ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് സഖ്യത്തിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിർത്തുന്നു. 2017 -ൽ ആർജെഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എൻഡിഎയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങൾ മാറിയും മറിഞ്ഞും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് അടുത്ത് നിതീഷ് കുമാർ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിൽ.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ മടിച്ച വ്യക്തിയായിരുന്നു നിതീഷ്. അതുപോലെ മോദിയെ ദേശീയതലത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടതും പഴയ ചരിത്രം. വൈകാതെ എൻഡിഎയിൽ തന്നെ തിരിച്ചെത്തിയ നിതീഷ് ഇപ്പോൾ മോദിയുടെ കാൽക്കീഴിൽ ഞെരിഞ്ഞ് അമരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.