- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരും
തിരുവനന്തപുരം: എന്‍ എസ് എസുമായി ഒരുവിധ സഹകരണത്തിനും ഇല്ലെന്ന സൂചനകളുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതോടെ വീണ്ടും എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും ഒരുമിപ്പിച്ച് രാഷ്ട്രീയ നേട്ടമെന്ന ചിലരുടെ മോഹവും പൊളിയുകയാണ്. അനവസരത്തില്‍ എന്‍ എസ് എസിനെ കളിയാക്കുന്നതിലൂടെ സഹകരണ സാധ്യതയാണ് എസ് എന്‍ ഡി പി തള്ളുന്നത്. വിശാല ഹിന്ദു ഐക്യമെന്ന അജണ്ടയില്‍ എസ് എന്‍ ഡിപിയേയും എന്‍ എസ് എസിനേയും ഒരുമിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയാകുമെന്ന സൂചനയാണ് വെള്ളാപ്പള്ളി നടത്തുന്നത്.
എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നു. പാലക്കാട് ആര്‍ക്കു വോട്ടു ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ വിശദീകരണത്തിലെ സമദൂരത്തെ ചോദ്യം ചെയ്യുകയാണ് വെള്ളാപ്പള്ളി. എന്‍എസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചതിനെ ഗൗരവത്തോടെ തന്നെ എന്‍ എസ് എസ് കാണും. എങ്കിലും പതിവ് പോലെ വെള്ളാപ്പള്ളിയ്ക്ക് മറുപടി നല്‍കാതെ അവഗണിക്കും. എങ്കിലും എന്‍ എസ് എസിനെ കിട്ടുന്ന അവസരത്തില്‍ എല്ലാം താറടിക്കുന്ന എസ് എന്‍ ഡി പി നിലപാടിനെ ഗൗരവത്തോടെ തന്നെ എന്‍ എസ് എസ് കാണും. ഉപതിരഞ്ഞെടുപ്പ് കാലമാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയ്‌ക്കെതിരെ പ്രതികരണത്തിന് എന്‍ എസ് എസ് എത്തിയാല്‍ അത് രണ്ട് സമുദായ സംഘടനകള്‍ തമ്മിലെ പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിക്കും.
'മുന്‍പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്നു ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.'അതുകൊണ്ട് പഴയ സമദൂരത്തിലേക്ക് പോകുന്നുവെന്നാണ് സുകുമാരന്‍ നായര്‍ വിശദീകരിച്ചത്. ഇതിനെയാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ്-എസ് എന്‍ ഡി പി നിലപാടുകള്‍ നിര്‍ണ്ണായകമാണ്. തൃശൂരില്‍ ബിജെപിയുടെ സുരേഷ് ഗോപി ജയിച്ചതിന് പിന്നില്‍ സമുദായ സമവാക്യങ്ങളെല്ലാം അനുകൂലമാക്കിയാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും പിന്തുണച്ചാല്‍ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ പരസ്യമായി എന്‍ എസ് എസ് ഈ നിലപാടിനെ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസിനൊപ്പമാകും എന്‍ എസ് എസ് മനസ്സെന്ന വാദങ്ങളുമെത്തി. ഇതിനിടെയാണ് വെള്ളാപ്പള്ളിയുടെ പരിഹാസം.
ഇടതിനേയും വലതിനേയും ബിജെപിയേയും പ്രകോപിപ്പിക്കാതെയാണ് എന്‍ എസ് എസ് നിലപാട് സുകുമാരന്‍ നായര്‍ വിശദീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോയെന്ന ചോദ്യം വിലയിരുത്താന്‍ തക്ക സര്‍ക്കാരുകള്‍ കേന്ദ്രത്തിലും കേരളത്തിലും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. അതായത് എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയത്. ഇതിനെയാണ് വെള്ളാപ്പള്ളി കളിയാക്കുന്നതെന്നാണ് നിര്‍ണ്ണായകം. രണ്ട് സമുദായ സംഘടനകളും രണ്ടു വഴിക്കെന്ന് വ്യക്തം.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഫലം പ്രവചനാതീതമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. പാലക്കാട് ഇ.ശ്രീധരന്‍ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിക്ക് കിട്ടണമെന്നില്ല. ബിജെപിയില്‍ ചില അപശബ്ദങ്ങളുണ്ട്. എസ്എന്‍ഡിപിക്ക് ഉപതെരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാടില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ മുന്നിലുള്ളത്. പി.വി.അന്‍വറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സീനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിര്‍ണായകമാണ്. ചെറിയ വോട്ടുകള്‍ക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എന്‍എസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു വയ്ക്കുകയാണ്.
നേരത്തെ എന്‍ എസ് എസ് നേതൃത്വത്തില്‍ പികെ നാരായണ പണിക്കരുണ്ടായിരുന്നപ്പോള്‍ എസ് എന്‍ ഡി പിയുമായി സഹകരിക്കാന്‍ നീക്കം നടത്തിയിരുന്നു. വിശാല ഹിന്ദു ഐക്യമെന്ന അജണ്ടയാണ് അന്നുയര്‍ത്തിയത്. എന്നാല്‍ അന്ന് എന്‍ എസ് എസില്‍ രണ്ടാമനായിരുന്ന സുകുമാരന്‍ നായരുമായുള്ള പ്രശ്‌നങ്ങളില്‍ വെള്ളാപ്പള്ളി ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് നേതൃത്വം സുകുമാരന്‍ നായരിലേക്ക് എത്തി. അപ്പോഴും എന്‍ എസ് എസും എസ് എന്‍ ഡി പിയും രണ്ടു വഴിക്കാണ് നീങ്ങിയത്. അത് ഇനിയും തുടരുമെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം വ്യക്തമാക്കുന്നത്.