കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്‌ളോക്ക് പ്രസിഡന്റ് എടയന്നൂർ ഷുഹൈബ് വധ കേസിൽ ആരോപണമുന സിപിഎം നേതാവ് പി.ജയരാജനിലേക്കും. അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു ആകാശ് തില്ലങ്കേരി. എടയന്നൂർ തെരുവിൽ വെച്ചു ഷുഹൈബിനെ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടി കൊല്ലുന്നത് പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തു തന്നെയാണ്. പി.ജയരാജനറിയാതെ ഷുഹൈബിന്റെ കൊലപാതകം നടക്കില്ലെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും ഇപ്പോൾ ഉന്നയിക്കുന്നത്.

കൊലപാതകത്തിന് ശേഷം ആകാശ് തില്ലങ്കേരി ഉൾപ്പെടെ രണ്ടുപേരെ പാർട്ടി പുറത്താക്കിയെങ്കിലും പി.ജയരാജനുമായി പിന്നീടും ആകാശും കൂട്ടാളികളും സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്നു പി.ജെ യുടെ വാഴ്‌ത്തുപാട്ടുകാരായാണ് ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. പി.ജയരാജനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മയായ പി.ജെ ആർമിയുടെ പ്രചാരകരായിരുന്നു ആകാശും കൂട്ടാളികളും. ഈ സംഘത്തിന്റെ പ്രവർത്തനം കാരണം പി.ജയരാജന് പാർട്ടിയിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും അച്ചടക്ക നടപടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. തുടർന്ന് ഗത്യന്തരമില്ലാതെ പി.ജെ ആർമിയെ പി.ജയരാജന് തന്നെ തള്ളി പറയേണ്ട സാഹചര്യവുമണ്ടായി. അതിനു ശേഷം റെഡ് ആർമിയെന്ന പേരിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് എന്നാൽ ഈ സംഘവും പി.ജയരാജന് അനുകുലമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിവരികയാണ്.

ഇതിനിടെ കൊല്ലുന്നവരും കൊല്ലിച്ചവരും പാർട്ടിക്ക് അകത്തുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സിപിഎമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്ര നാളും ഈ കാര്യം രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ചിരുന്ന ആരോപണമായിരുന്നുവെങ്കിൽ പാർട്ടിക്കായി കൊല നടത്തിയ ഒരാൾ തന്നെ അതു വിളിച്ചു പറയുന്നത് സി.പി. എമ്മിനെ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. വിചാരണ കാത്തു നിൽക്കുന്ന കേസിലെ പ്രതി തന്നെ കുറ്റകൃത്യം സ്വയം സമ്മതിക്കുകയും പാർട്ടി നേതൃത്വത്തിന് പങ്കുണ്ടെന്നു തുറന്നു പറച്ചിൽ നടത്തുകയും ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിച്ചേക്കും.

ഇതുകാരണമാണ് കേസിൽ മാപ്പുസാക്ഷിയാകാനുള്ള നീക്കമാണ് ആകാശ് നടത്തുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് തുറന്നു പറയേണ്ടി വന്നത്. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു ശേഷം സിപിഎം ആദ്യമായി നടത്തുന്ന കേരള യാത്രയുടെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് വിവാദങ്ങൾ ഇടിത്തീ പോലെ പാർട്ടിക്കു മുകളിൽ പതിക്കുന്നത്. എന്നാൽ ഷുഹൈബ് വധത്തിന് ശേഷം ആകാശ് തില്ലങ്കേരിയെ പാർട്ടി പുറത്താക്കിയതാണെന്ന തൊടുന്യായം പറഞ്ഞാണ് സിപിഎം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്.

2018 ഫെബ്രുവരി 12 ന് രാത്രി ഒൻപതു മണിയോടെയാണ് യുത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂർ തെരുവിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കൊല്ലപ്പെടുന്ന കേസിൽ ആകാശ് തില്ലങ്കേരി ഉൾപെടെ 17 ഡി. വൈ. എഫ്.ഐ-സി.പിഎം പ്രവർത്തകരാണ് പ്രതികൾ .സി.ബി. ഐ അന്വേഷിക്കണമെന്ന ഷുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യത്തെ എതിർത്തത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. 90 ലക്ഷം രൂപയോളമാണ് പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുന്നത്തിനായി സർക്കാർ ഖജനാവിൽ നിന്നും ഇതിനു വേണ്ടി ചെലവഴിച്ചത്.

എന്നാൽ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ് ഈ സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ പാർട്ടിക്ക് തിരിച്ചടിയാകുന്നത്.