പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം നില മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെടുമ്പോഴും സിപിഎമ്മിന് മുന്നില്‍ ചോദ്യങ്ങള്‍ നിരവധി ബാക്കിയാകുന്നു. ബിജെപിയെ ചെറുക്കുന്നത് തങ്ങളാണെന്ന് വാദിച്ചിരുന്ന സിപിഎമ്മിനേറ്റ തിരിച്ചടിയാണ് പാലക്കാട്ടെ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയം. സ്വന്തം പാളയത്തില്‍ ഒരു സ്ഥാനാര്‍ഥി ഇല്ലാതിരുന്ന ഘട്ടത്തിലാണ് സിപിഎം കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടിയെത്തിയ പി സരിനെ സ്ഥാനാര്‍ഥിയാക്കിയത്.

ഡോ. പി.സരിന്‍ എത്തിയപ്പോള്‍ അത് വന്‍ മുന്നറ്റമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് വോട്ടുബാങ്കിലടക്കം വിള്ളലുണ്ടാക്കുമെന്നുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും കണക്കുകൂട്ടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലത്തില്‍ വിജയപ്രതീക്ഷപോലും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കൈമെയ് മറന്നായിരന്നു മണ്ഡലത്തില്‍ ഇടതു പ്രചാരണം. പക്ഷെ, കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി എല്‍.ഡി.എഫിന് നേടാനായത് 860 വോട്ട് മാത്രമാണ്.

2021ല്‍ 36433 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇത്തവണ കിട്ടിയത് 37293 വോട്ടാണ്. എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടില്‍ വര്‍ധനവുണ്ടാക്കാനും കഴിഞ്ഞു. 2021-ല്‍ ഷാഫി പറമ്പില്‍ 54079 വോട്ട് നേടിയപ്പോള്‍ രാഹുലിന് നേടാനായത് 58389 വോട്ട്. അതായത് 4310 അധിക വോട്ട്. അതേസമയം, എന്‍.ഡി.എക്ക് വന്‍ നഷ്ടമുണ്ടാവുകയും ചെയ്തു. ഇത്തവണയും മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞെങ്കിലും 10671 വോട്ടാണ് 2021-ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞത്. അതായത്, ഇത്തവണ കൃഷ്ണകുമാറിന് നേടാനായത് 39549 വോട്ടുമാത്രം. കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ നേടിയ 50,220 എന്ന വോട്ടില്‍ നിന്നാണ് എന്‍ഡിഎയുടെ വോട്ട് കുത്തനെ കുറഞ്ഞത്.

ഇതോടെ 860 വോട്ടുകള്‍ നേടാന്‍ വേണ്ടിയാണോ സരിനെ കൊണ്ടുവന്നത് എന്ന ചോദ്യമാണ് എല്ലാ കോണില്‍ നിന്നും ഉയരുന്നത്. ഒരുപക്ഷേ പ്രാദേശികമായി മറ്റൊരു നേതാവിനെ കളത്തില്‍ ഇറക്കിയിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമായിരുന്നു എന്നാണ് സിപിഎം അണികള്‍ തന്നെ അടക്കം പറയുന്നത്. സരിനെ സ്വീകരിച്ചതിന്റെ പേരില്‍ സൈബറിടങ്ങളില്‍ അടക്കം പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരുന്നു.

ഇന്നലെ പാര്‍ട്ടിയിലേക്ക് വന്നൊരാള്‍ പെട്ടെന്ന് സ്ഥാനാര്‍ഥിയായതിലുള്ള അമര്‍ഷം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയകളിലും ചാനല്‍ ചര്‍ച്ചകളിലും തങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും നിരന്തരം ട്രോളുന്ന രാഹുലിനെ തോല്‍പ്പിക്കാന്‍ അണികളും ഒടുവില്‍ കച്ചകെട്ടിയിറങ്ങി. എന്നാല്‍, അതൊന്നും ഫലം കണ്ടില്ല. പാലക്കാട്ട് മുമ്പ് ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ നേടിയ വോട്ടുകള്‍ സരിന് നേടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടിയത്.

ആദ്യം എംബിബിഎസ് പഠനം നടത്തി ഡോക്ടറായി, പിന്നീട് അതുപേക്ഷിച്ച് ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസുകാരനായി. അതിനിടയില്‍ നിയമ പഠനവും തുടങ്ങി. ഒടുവില്‍ അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയ വഴി സ്വീകരിച്ച് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ വിഭാഗത്തിന്റെ ഹെഡായും സംസ്ഥാനത്തെ പ്രധാന നേതാവായും മാറിയ സരിന്‍ തങ്ങള്‍ക്ക് തുണയായി മാറുമെനന്ന് സിപിഎം കരുതി. എന്നാല്‍, അതുകണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞടുപ്പു ഫലം.

രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡെടുക്കില്ലെന്ന് ചാനല്‍ ചര്‍ച്ചകളിലും നിരന്തരം ഉദ്‌ഘോഷിച്ച സരിന്റെ ആത്മവിശ്വാസം കണ്ട് യുഡിഎഫുകാര്‍ പോലും അങ്കലാപ്പിലാിയരുന്നു. എന്നാല്‍, യാതൊരു ഡാറ്റയുടെയും അടിസ്ഥാനത്തിലായിരുന്നില്ല സരിന്റെ തള്ളെന്ന് പിന്നാലെ ബോധ്യമയി.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നില കാണിക്കില്ലെന്ന് പറഞ്ഞ സരിന്‍ മൂന്നാം സ്ഥാനത്തെത്തി. പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഘട്ടത്തില്‍ പോലും രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ സരിന് കഴിഞ്ഞില്ല. രാഹുലിന് 58389 വോട്ടുകളും കൃഷ്ണ കുമാറിന് 39549 വോട്ടുകളും കിട്ടിയപ്പോള്‍ സരിന് കിട്ടിയത് 37293. രാഹുലിന്റെ ഭൂരിപക്ഷം 18724 വോട്ടുകള്‍, പാലക്കാട് പണ്ട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെയും കടത്തിവെട്ടിയുള്ളതായിരുന്നു രാഹുലിന്റെ ഈ വിജയം.

ശക്തമായ പോരാട്ടം നടന്ന കഴിഞ്ഞ തവണത്തേക്കാള്‍ 860 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് അധികം കിട്ടിയത്. പുതിയ വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ മറ്റ് രണ്ട് പാര്‍ട്ടികളും വോട്ടിങ് ശതമാനത്തില്‍ ഉണ്ടാക്കിയ നേട്ടം നോക്കുമ്പോള്‍ വളരെ കുറവാണിത്. ഇതോടെ സമ്മേളന കാലത്ത് സരിന്റെ സ്ഥാനാര്‍ഥിത്വം ഇനിയും ചര്‍ച്ചകളില്‍ നിറഞ്ഞേക്കും.