തിരുവനന്തപുരം: 2026ലെ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ പിണറായി വിജയന്‍ തന്നെ നയിച്ചേക്കും. ഇതിനുള്ള അണിയറ നീക്കങ്ങള്‍ സിപിഎമ്മിലെ പിണറായി അനുകൂലികള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയില്‍ പ്രായ പരിധിയില്‍ ഇളവ് നേടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. . അന്‍വര്‍ ചില കാര്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ധര്‍മടത്ത് തനിക്കെതിരെ മത്സരിക്കാന്‍ അന്‍വര്‍ സന്നദ്ധത പ്രകടിപ്പിച്ച കാര്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ധര്‍മടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലല്ലോ. ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാന്‍ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇതിലൂടെ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും നായകനാകുമെന്ന സന്ദേശമാണ് സിപിഎം അണികള്‍ക്ക് പിണറായി നല്‍കുന്നതും.

നിലവില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടതിനാല്‍ പിണറായിക്ക് പിബിയിലെ സ്ഥാനം ഒഴിയേണ്ടതുണ്ട്, എന്നാല്‍ പിണറായിയ്ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃയോഗങ്ങളില്‍ ചര്‍ച്ചയാക്കും. ഈ ആവശ്യം പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത. അതിന് ശേഷം നിയമസഭയിലേക്ക് വീണ്ടും മത്സരിക്കും. ധര്‍മ്മടത്ത് അന്‍വര്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനാണ് താനെന്ന സന്ദേശം സിപിഎം നേതാക്കള്‍ക്ക് പിണറായി നല്‍കി കഴിഞ്ഞു. ധര്‍മ്മടത്ത് താന്‍ മത്സരിക്കില്ലെന്ന പ്രതീക്ഷയിലാണ് അന്‍വറിന്റെ വെല്ലുവിളി. അന്‍വറിനെ കേരള രാഷ്ട്രീയത്തില്‍ നിശബ്ദനാക്കാന്‍ ധര്‍മ്മടത്ത് താന്‍ മത്സരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് പിണറായി. ധര്‍മ്മടത്ത് നിന്നും ചരിത്ര ഭൂരിപക്ഷത്തില്‍ അന്‍വറിനെ തോല്‍പ്പിക്കാനാണ് നീക്കം. അന്‍വര്‍ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തില്‍ മത്സരിച്ചില്ലെങ്കില്‍ അതിനെ ഭയന്നുള്ള പിന്മാറ്റമായി വിലയിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് വന്‍ മുന്നേറ്റം കെ സുധാകരന്‍ ഉണ്ടാക്കിയിരുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും ഈ മേഖലയില്‍ സിപിഎമ്മിന് വോട്ടു ചോര്‍ച്ചയുണ്ടായി. ഇതെല്ലാം കണ്ടാണ് ധര്‍മ്മടത്തെ മത്സരം അന്‍വര്‍ ചര്‍ച്ചയാക്കുന്നത്.

അതുകൊണ്ട് തന്നെ ധര്‍മ്മടത്ത് വീണ്ടും പിണറായിയെ മത്സരിപ്പിക്കാനുള്ള നീക്കം കണ്ണൂരിലെ പിണറായി അനുകൂലികള്‍ തന്നെ നടത്തും. കേരളത്തില്‍ ഭരണത്തില്‍ ഹാട്രിക്ക് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃമാറ്റം തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ചില സിപിഎം കേന്ദ്രങ്ങളിലുണ്ട്. ഇതും പിണറായിയ്ക്ക് തുണയാകും. ബംഗാളില്‍ സിപിഎം തുടര്‍ച്ചയായി ഭരണത്തില്‍ ഇരുന്നു. അന്ന് മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. ജ്യോതി ബസുവിനെ മാറ്റി ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയാതോടെ ബംഗാളില്‍ സിപിഎമ്മിന് അടിതെറ്റി. ജ്യോതിബസുവില്‍ നിന്ന് ബുദ്ധദേവിലേക്കുള്ള മാറ്റം ബംഗാളിലെ ജനത ഉള്‍ക്കൊണ്ടില്ല. ത്രിപുരയിലും ഇപ്പോള്‍ ഭരണമില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ഭരണം സിപിഎമ്മിന് കൈവിട്ട് കളയാനുമാകില്ല. ഈ സാഹചര്യത്തില്‍ പിണറായി ക്യാപ്ടനായി തുടരുന്നതാണ് നല്ലതെന്ന വാദം സിപിഎമ്മില്‍ സജീവമാണ്. സിപിഎമ്മില്‍ 75 വയസ് പ്രായപരിധി ഒഴിവാക്കില്ലെന്ന് പോളിറ്റ് ബ്യൂറോ പറയുന്നുണ്ട്. 75 വയസ് പ്രായപരിധി ഒഴിവാക്കണമെന്ന ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ തള്ളിയിരുന്നു.

ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും സംസ്ഥാന കമ്മിറ്റികളില്‍ നിന്നും 75 കഴിഞ്ഞ നേതാക്കള്‍ പുറത്താകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 75 വയസ് കഴിഞ്ഞവര്‍ പോളിറ്റ് ബ്യൂറോയില്‍ തുടരണമോ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നായിരുന്നു ആ യോഗ തീരുമാനം. നിലവില്‍ പിണറായിയെ കൂടാതെ പോളിറ്റ് ബ്യൂറോയിലുള്ള നിരവധി നേതാക്കള്‍ പ്രായപരിധി പിന്നിട്ടവരാണ്. 17 ആംഗ പിബിയില്‍ ഏഴ് പേര്‍ 75 വയസ് കഴിഞ്ഞവരാണ്. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുര്‍ജ്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍, സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ സമ്മേളനകാലത്താണ് സിപിഎം 75 പ്രായപരിധി നടപ്പാക്കിയത്. എന്നാല്‍ പ്രായപരിധിയില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. കമ്മിറ്റിക്കുള്ളില്‍ അനുഭവ സമ്പത്തുള്ളവര്‍ വേണമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുന്‍ മന്ത്രി ജി. സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പ്രായ പരിധി നിര്‍ബന്ധമാക്കരുതെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേരളത്തില്‍ പിണറായി മാറിയാല്‍ അതേ കരുത്തുള്ള നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ പകരമില്ല. കൊടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗമാണ് ഈ നേതൃപ്രശ്നം സിപിഎമ്മിലുണ്ടാക്കിയത്. പിണറായിയുടെ സ്വാഭാവിക പകരക്കാരന്‍ എന്ന് ഏവരും കരുതിയത് കൊടിയേരിയെയാണ്. ഈ സാഹചര്യത്തില്‍ കരുത്തനായ പടത്തലവനില്ലാതെ മത്സരിച്ചാല്‍ 2026ല്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതുകൊണ്ട് മികച്ച ഭരണമാണ് പിണറായിയുടെ നേതൃത്വത്തിലെന്ന സന്ദേശം അടുത്ത തിരഞ്ഞെടുപ്പിലും ജനങ്ങള്‍ക്ക് നല്‍കാന്‍ പിണറായി തന്നെ നയിക്കണമെന്നതാണ് വാദമാണ് സിപിഎമ്മില്‍ മുന്‍തൂക്കം നേടുന്നത് അത്രേ. പാര്‍ട്ടി സമ്മേളനത്തിലും പിണറായി സജീവമാണ്. ആലപ്പുഴയിലെ സമ്മേളനത്തില്‍ താരമായതും എല്ലാം നിയന്ത്രിച്ചതും പിണറായി നേരിട്ടാണ്. ഇനിയുള്ള ജില്ലാ സമ്മേളനത്തിലും പിണറായി നിറയും. സംസ്ഥാന സമ്മേളനത്തിലും തനിക്ക് അനിഷ്ടമായതൊന്നും സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അതിന് ശേഷമാകും കേന്ദ്രത്തില്‍ നിന്നും പ്രായപരിധിയില്‍ ഇളവ് ഉറപ്പാക്കുക.

സിപിഎം ദേശീയ നേതൃത്വത്തിന് പഴയ കരുത്ത് ഇപ്പോഴില്ല. അതുകൊണ്ട് തന്നെ പിണറായി തന്നെയാകണം അടുത്ത തിരഞ്ഞെടുപ്പും നയിക്കേണ്ടതെന്ന തീരുമാനം കേരളാ പാര്‍ട്ടി എടുത്താല്‍ അത് ഡല്‍ഹി നേതൃത്വവും അംഗീകരിക്കും.