കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തുടർച്ചയായ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും കുരുങ്ങുന്നത് സി.പി. എമ്മിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ നാളെയും മറ്റന്നാളും നടക്കുന്ന സി.പി. എം സംസ്ഥാനകമ്മിറ്റിയോഗത്തിൽ കണ്ണൂരിൽ നിന്നും വിമർശനമുണ്ടായേക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ.

പാർട്ടിയിൽ മുഖ്യമന്ത്രി ഒതുക്കിയ പി.ജയരാജന്റെ നിലപാടാണ് കണ്ണൂർ രാഷ്ട്രീയ ഉറ്റുനോക്കുന്നത്. വ്യക്തിപൂജയുടെ പേരിൽ തന്നെ പാർട്ടിയിൽ നിന്നും ഒതുക്കിയ മുഖ്യമന്ത്രിക്കെതിരെ തുറന്ന വിമർശനത്തിലൂടെ പോർമുഖം തുറക്കാൻ പി.ജയരാജൻ തയ്യാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. കണ്ണൂരിലെ ചില നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി പഴയ അടുപ്പം ഇപ്പോൾ പുലർത്തുന്നില്ല. പാർട്ടിയിലെ മറ്റൊരു ശക്തി കേന്ദ്രമായി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ മാറിയതോടെയാണ് ഈമാറ്റമുണ്ടായത്.

ഗോവിന്ദൻ ലൈനാണ് ശരിയെന്നു നിലപാടാണ് പല നേതാക്കളും വെച്ചു പുലർത്തുന്നത്്. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രബല നേതാക്കളിലൊരാളായ എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും പിണറായിയുമായി പഴയ ഊഷ്മളത ഇപ്പോൾ നിലനിർത്തുന്നില്ല. എ. ഐ ക്യാമറാവിവാദങ്ങളിൽ മുഖ്യമന്ത്രിയെ പിൻതുണയ്ക്കാതെ അർത്ഥ ഗർഭമായ മൗനമാണ് ഇ.പി ജയരാജൻ പുലർത്തുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനകമ്മിറ്റിയോഗത്തിൽ കണ്ണൂരിലെ ഏതെങ്കിലും ഒരു നേതാവ് മുഖ്യമന്ത്രിക്കെതിരെ ശബ്ദിച്ചാൽ പ്രതീക്ഷിക്കാത്ത പലകോണുകളിൽ നിന്നും അതിനു പിൻതുണയുണ്ടായേക്കാം.

ഇതു കണ്ണൂർ സി.പി. എമ്മിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റിമറിക്കുകയും ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവർക്കും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ഇതെല്ലാം ഒരു പൊട്ടിത്തെറിയായി മാറുമോയെന്ന കാര്യം വരുംദിവസങ്ങളിലറിയാം. രണ്ടാം പിണറായിസർക്കാരിനെ പിടിച്ചുകുലുക്കിയ എ. ഐ കരാർ ഇടപാടിൽ മുഖ്യമന്ത്രി ഇനി നേരിടാനിരിക്കുന്നത് അഗ്നി പരീക്ഷണങ്ങളാണ്. എന്നാൽ ഇത്തരം പ്രതിസന്ധിയിൽ മുഖ്യമന്ത്രിയോടൊപ്പം കട്ടയ്ക്കു ഉറച്ചു നിൽക്കാറുള്ള പാർട്ടി കണ്ണൂർ ജില്ലാനേതൃത്വം കഴിഞ്ഞ ഒരാഴ്‌ച്ചയായി മൗനം പാലിക്കുന്നത് സി.പി. എമ്മിൽ അസാധാരണ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

നാളെയും മറ്റന്നാളും നടക്കുന്ന സംസ്ഥാനകമ്മിറ്റിയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന. പാർട്ടി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി ഈക്കാര്യം വിശദീകരിക്കുന്നതിനായി വാർത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഇടതുസർക്കാരിനെതിരെ ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങൾ പാർട്ടി പൊളിറ്റ്ബ്യൂറോയുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് വിവാദകരാറിൽ ഉൾപ്പെട്ടതായുള്ള ആരോപണങ്ങൾ അഴിമതിയിൽ അകന്നു നിൽക്കുന്ന സി.പി. എമ്മിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.

ചാനൽ ചർച്ചകളിൽ എ. ഐ ക്യാമറാവിവാദങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും ന്യായീകരിക്കാൻ ചാനൽ ഫ്ളോറുകളിൽ സി.പി. എം പ്രതിനിധികളായ എം. അനിൽകുമാർ,  ജെയ്ക്ക് പി തോമസ്, എം. പ്രകാശൻ എന്നിവർ വിയർക്കുകയാണ്. പലപ്പോഴും കരാറിന്റെ വിശദാംശങ്ങൾപോലും അറിയാതെയാണ് ഇവർ ന്യൂസ ഔവറുകളിൽ ബഹളമുണ്ടാക്കുന്നത്. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പ്രിംങ്ഗളർ അഴിമതിക്കു ശേഷം കുടത്തിൽ നിന്നും പുറത്തുവിട്ട മറ്റൊരു ഭൂതമായി എ. ഐ ക്യാമറാവിവാദം മാറിയിരിക്കുകയാണ്. ഓരോദിവസവും പുതിയ തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കുമ്പോൾ വെറുതെ കമ്മിഷൻ വാങ്ങുന്ന കരാർ കമ്പിനികളുടെ വൻശൃംഖല തന്നെയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ടു തവണ മന്ത്രിസഭ തള്ളികളഞ്ഞ കരാർ വീണ്ടും നടപ്പിലാക്കിയതിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്.

അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ സി.പി. ഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഗതാഗതവകുപ്പല്ല കരാർ നൽകിയതെന്നാണ് മന്ത്രി ആന്റണിരാജുവിന്റെ വിശദീകരണം. ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് സർക്കാർ പൊതുഭരണ സെക്രട്ടറിയെ കൊണ്ടു അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു പ്രതിപക്ഷത്തിന് സ്വീകരാര്യമല്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കീഴിൽ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ടു നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഈക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചത്.

എന്തുതന്നെയായാലും എ. ഐ ക്യാമറ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിന്നോട്ടുപോയി തടിയൂരാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഇതാകട്ടെ പാർട്ടിക്കും സർക്കാരിനും നാണക്കേടും പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയവുമുണ്ടാക്കും. രണ്ടാം പിണറായി സർക്കാർ രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ തിരിച്ചടി സി.പി. എമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന സി.പി. എം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിലും നാളെ നടക്കുന്ന സംസ്ഥാന സമിതിയോഗത്തിലും മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചും അതു നടപ്പിലാക്കാൻ തീരുമാനിച്ചതിനെ കുറിച്ചും വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു എത്രമാത്രം പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയോഗത്തിലാണ് തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിൽ കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന്റെ കുടുംബത്തിന് ആന്തൂരിലെ വൈദേകം ആയുർവേദ റിസോർട്ടിലെ പങ്കാളിത്തത്വത്തെ കുറിച്ചു പി.ജയരാജൻ ആരോപണമുന്നയിച്ചത്. അതുണ്ടാക്കിയ വെടിയും പുകയും സി. പി. എമ്മിൽ ഇപ്പോഴും അണയാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെയും സർക്കാരിലെയും ഉന്നതനായ പിണറായി വിജയനെതിരെ പി.ജെ ആഞ്ഞടിക്കുമോയെന്ന ആശങ്ക സി.പി. എമ്മിനുള്ളിൽ നിന്നും ഉയരുന്നത്.