തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചു കുലുക്കുമെന്ന് കരുതിയ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി.അന്‍വറിന്റെ ആരോപണ ബോംബുകളൊന്നും ഈ ഉപതിരഞ്ഞെടുപ്പില്‍ പൊട്ടിയില്ല. പാലക്കാടും ചേലക്കരയിലും ഈ ആരോപണങ്ങള്‍ നനഞ്ഞ പടക്കമായി. ചേലക്കരയിലെ യുആര്‍ പ്രദീപിന്റെ മിന്നും വിജയത്തോടെ ഭരണ വിരുദ്ധതയില്ലെന്ന വിലയിരുത്തലുയര്‍ത്താനും സിപിഎമ്മിന് കഴിഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലും ചേലക്കരയെ സ്വാധീനിച്ചില്ല. സ്ഥാനാര്‍ത്ഥിയുടെ മികവുണ്ടെങ്കില്‍ ജയിക്കാമെന്നതിന് തെളിവായി ചേലക്കരയിലെ ജയം. സിപിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കപ്പുറത്ത് പാലക്കാട്ട പ്രചരണ വീഴ്ചകളാണ് സിപിഎം തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നത്. പാലക്കാട്ടെ നേതാക്കള്‍ക്ക് പിഴച്ചില്ലായിരുന്നുവെങ്കില്‍ സരിന്‍ രണ്ടാമത് എത്തുമായിരുന്നുവെന്നും വിലയിരുത്തുന്നു.

മുമ്പ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കൊടുംക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിക്കുകയാണെന്നായിരുന്നു മറ്റൊരാരോപണം. പത്തനംതിട്ട മുന്‍ എസ്.പി എസ്. സുജിത് ദാസ് കരിപ്പൂരിലെ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചു. സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി ഇതെല്ലാം പൊതു സമൂഹത്തില്‍ നിറഞ്ഞു. അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റി. തിരഞ്ഞെടുപ്പ് കാലത്ത് ഐഎഎസിലെ ചേരിപ്പോരും വില്ലനായി എത്തി. സംസ്ഥാനത്തിന് നാഥനില്ലെന്ന ചര്‍ച്ച പ്രതിപക്ഷം ഉയര്‍ത്തി. എന്നാല്‍ ഇതിന്റെ പ്രഭാവമൊന്നും ഒരിടത്തും കണ്ടില്ല. ഇതോടെ സിപിഎമ്മിലെ 'ക്യാപ്ടന്‍' ചര്‍ച്ച വീണ്ടും സജീവമാകുന്നു. അന്‍വറിസം തകര്‍ന്നെന്നും പിണറായിസം വളര്‍ന്നെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകും. വയനാട് ലോക്‌സഭയും പാലക്കാട് നിയമസഭയും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. വയനാട് പ്രിയങ്ക വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഉറപ്പായിരുന്നു. പാലക്കാട് മൂന്നാമതുള്ള സിപിഎം അത്ഭുതം കാട്ടുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ചേലക്കരയില്‍ പോര് കടുക്കുമെന്നായിരുന്നു പിണറായി വിരുദ്ധ വിലയിരുത്തിയത്. എന്നാല്‍ അതുണ്ടായില്ല.

അന്‍വറിന്റെ പ്രസ്താവനകള്‍ ഏറ്റുപിടിച്ച് മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിലായിരുന്നു. പി.ശശിയും അജിത് കുമാറും ഉള്‍പ്പെട്ട ഉപജാപക സംഘം മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരി വയ്ക്കുന്നതായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. .ഭസ്മാസുരന് വരം കൊടുത്തതുപോലെയായി അന്‍വര്‍ എന്ന് സിപിഎം തിരിച്ചറിഞ്ഞു ഭൂമി കൈയേറിയ കേസില്‍ കുടുങ്ങിയ അന്‍വറിനെ സംരക്ഷിച്ചതും രണ്ടാമത് നിയമസഭാ സീറ്റ് നല്‍കിയതും എന്ന് സിപിഎം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വന്ന് അന്‍വറിനെ തള്ളി പറയുകയും ചെയ്തു. ഇതെല്ലാം പിണറായി സര്‍ക്കാരിന് പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ കരുത്തായി എന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎമ്മിലും സംസ്ഥാനത്തും 'പിണറായി ഇഫക്ട്' കൂടുതല്‍ സജീവമാകും. അന്‍വറിനെതിരെ നിരവധി ജാമ്യമില്ലാ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പോലീസ് ഇനിയെടുക്കുന്ന നടപടികളും നിര്‍ണ്ണായകമാണ്. ഈ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര ജയിച്ച് സിപിഎം കേരളാ രാഷ്ട്രീയത്തിലെ തല്‍സ്ഥിതി തുടരുകയാണ്. ഇത് പിണറായിയ്ക്കാണ് കരുത്ത് പകരുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ശക്തമായി അണികളേയും സമൂഹത്തേയും ബോധ്യപ്പെടുത്താന്‍ ചേലക്കര പിടിവള്ളിയായി. അതുകൊണ്ട് തന്നെ അന്‍വറിന്റെ ആരോപണം അടക്കം വോട്ടു കുറയ്ക്കാത്തത് പിണറായിയുടെ മുഖത്ത് ചിരി എത്തിക്കുമെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം.

സുധീര്‍ എന്‍കെയെ അടര്‍ത്തിയെടുത്ത് ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടു പോലും കിട്ടിയത് 3920 വോട്ടാണ്. അന്‍വറിന്റെ ഡിഎംകെയ്ക്ക് ചേലക്കരയില്‍ എസ് ഡി പി ഐ പിന്തുണയുണ്ടായിരുന്നു. ആയിരത്തി അഞ്ചൂറോളം വോട്ട് ഇവിടെ എസ് ഡി പി ഐയ്ക്കുണ്ട്. ഈ വോട്ടുകള്‍ മുഴുവനായി സുധീറിന് കിട്ടിയെന്നാണ് സിപിഎം വിലയിരുത്തല്‍. ഇടതു പക്ഷത്തെ ഒരു വോട്ടു പോലും നിലമ്പൂരില്‍ നിന്നും ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ചരിത്രമുള്ള അന്‍വറിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. സിപിഎം വികാരങ്ങള്‍ ഉയര്‍ത്തി പിണറായി വിജയനെ കുറ്റക്കാരനാക്കി ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു അന്‍വര്‍ ശ്രമിച്ചിരുന്നത്. തനിക്ക് സഖാക്കളുടെ പിന്തുണയുണ്ടെന്ന് അന്‍വര്‍ എപ്പോഴും പറയുകയും ചെയ്തു. ഈ തന്ത്രം അപ്പാടെ പാളി. സിപിഎം വോട്ടുകളില്‍ അന്‍വര്‍ ഇഫക്ട് വിള്ളലുണ്ടാക്കിയില്ല.

പിണറായിസത്തിനെതിരെ പോരാടുകയാണെന്ന് പ്രഖ്യാപിച്ച് ഡി.എം.കെക്ക് രൂപം നല്‍കി ചേലക്കരയില്‍ മത്സരത്തിനിറങ്ങിയ പി.വി അന്‍വറിന് കനത്ത തിരിച്ചടിയാണുണ്ടായത്. കെ.പി.സി.സി സെക്രട്ടറി എന്‍.കെ സുധീറിനെ അടര്‍ത്തിയെടുത്ത് മത്സരിപ്പിച്ച അന്‍വര്‍ 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചത്. 1000 വീട്, വിവാഹധനസഹായം, ചികിത്സാസഹായം, ചെറുപ്പക്കാര്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടടക്കം മോഹന വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു അന്‍വര്‍ ചേലക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയത്. മണ്ഡലത്തിലുടനീളം പ്രചരണ വാഹനങ്ങളും ഓടിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയ നെക്സസാണെന്നും പിണറായിസത്തിനെതിരായുള്ള പോരാട്ടമാണ് തന്റേതാണെന്നുമാണ് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നത്.

മുമ്പ് ആലത്തൂരില്‍ മത്സരിച്ചിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എന്‍.കെ സുധീറിനെ കിട്ടിയിട്ടും 5000 വോട്ടുപോലും സ്വന്തമാക്കാന്‍ കഴിയാത്തതാണ് അന്‍വറിനെ പ്രതിസന്ധിയിലാക്കുന്നത്. ചേലക്കരയില്‍ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ വാ പോയ കോടാലിയെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ തലപോയ തെങ്ങിനോടാണ് അന്‍വര്‍ ഉപമിച്ചത്. എന്നാല്‍ അന്‍വര്‍ വാ പോയ കോടാലിയായി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേരള ഘടകമെന്ന പ്രതീക്ഷയോടെ തുടങ്ങിയ ഡി.എം.കെയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതോടെ രാഷ്ട്രീയ പാര്‍ട്ടിയല്ല സാമൂഹിക സംഘടനയാണെന്ന വാദമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഡി.എം.കെയുടെ കൊടിയും ചുവപ്പും കറുപ്പും ഷാളുമാണ് ഉപയോഗിച്ചത്.

ഡി.എം.കെയെ കേരളത്തില്‍ യു.ഡി.എഫ് ഘടകകക്ഷിയാക്കാനുള്ള പി.വി അന്‍വറിന്റെ രാഷ്ട്രീയ നീക്കം കൂടിയാണ് ചേലക്കരയില്‍ നാലായിരം വോട്ടുപോലും നേടാനാകാത്ത നാണംകെട്ട പരാജയത്തിലൂടെ പൊലിഞ്ഞത്. ചേലക്കരയില്‍ അന്‍വര്‍ പിടിക്കുക സി.പി.എം വോട്ടാകുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ചേലക്കരയില്‍ സി.പി.എം 12021 വോട്ടിന് വിജയിച്ചതോടെ പാര്‍ട്ടി വോട്ടുകള്‍ പിടിക്കാന്‍ അന്‍വറിന് കഴിയില്ലെന്ന യാഥാര്‍ത്ഥ്യം യു.ഡി.എഫ് നേതൃത്വവും തിരിച്ചറിഞ്ഞു. അന്‍വര്‍ നിര്‍ത്തിയ സുധീറിന്റെ സ്ഥാനാര്‍ത്ഥിത്വം കാരണം രമ്യാ ഹരിദാസിന് കിട്ടേണ്ട വോട്ടും കുറഞ്ഞു. ഇതും സിപിഎം സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ ഭൂരിപക്ഷം ഉയര്‍ത്തി. അതായത് ചേലക്കരയില്‍ സിപിഎമ്മിന് എല്ലാ അര്‍ത്ഥത്തിലും ഗുണകരമായി മാറി അന്‍വറിന്റെ ഇടതുപക്ഷത്ത് നിന്നുള്ള പുറത്തേക്ക് പോകലും പുതിയ പാര്‍ട്ടീ രൂപീകരണവും.