കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബു മരിച്ച് 12 ദിവസം പിന്നിടുമ്പോഴും കേസിലെ ഏക പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ എവിടെയെന്ന് പോലീസിന് അറിയില്ല. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും നടപടി ഉണ്ടാകാത്തതിന് കാരണം ചെങ്ങളായി മാഫിയയ്ക്ക് കണ്ണൂര്‍ സിപിഎമ്മിലുളള സ്വാധീനത്തിന് തെളിവാണ്. കണ്ണൂരിലെ ജയരാജന്മാര്‍ എതിരായിട്ടും ദിവ്യയെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സിപിഎമ്മിലെ 'ബിനാമി മാഫിയ' അത്രയ്ക്ക് കരുത്തുള്ളതായി എന്നതാണ് വസ്തുത. പെട്രോള്‍ പമ്പ് നേടിയ പ്രശാന്തനെതിരെ ആരോഗ്യ വകുപ്പിനും കാര്യമായൊന്നും ചെയ്യാനായിട്ടില്ല.

കണ്ണൂരിലെ സിപിഎമ്മിന്റെ മനസ്സിനെ ബിനാമി മാഫിയ കീഴടക്കുകയാണ്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ദിവ്യയെ അറസ്റ്റു ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ ദിവ്യയെ അസുഖമുണ്ടെന്ന പേരില്‍ ആശുപത്രിയില്‍ കിടത്തണമെന്നാണ് ആവശ്യം. ഇതിന് വേണ്ടിയുള്ള ചികില്‍സ ദിവ്യ തുടങ്ങി കഴിഞ്ഞു. പ്രശാന്തന്റെ അടുത്ത ബന്ധുക്കളായ സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് എല്ലാം നടക്കുന്നത്. റവന്യു വകുപ്പും ആരോഗ്യവകുപ്പും ഉന്നതോദ്യോഗസ്ഥരെ നിയോഗിച്ച് വകുപ്പുതല അന്വേഷണങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും പൊലീസിന് അനങ്ങാനായില്ല. അന്വേഷണം ടൗണ്‍ എസ്എച്ച്ഒയില്‍നിന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന് എത്തിയതും വെറുതെയായി.

കണ്ണൂരിലെ സിപിഎമ്മിനെ ഏറെ നാളായി നയിക്കുന്നത് ഇപി ജയരാജനോ പി ജയരാജനോ എംവി ജയരാജനോ ആണ്. ഈ മൂന്ന് പേര്‍ ഒരുമിച്ചാല്‍ കണ്ണൂരിലെ സിപിഎമ്മില്‍ എന്തും നടക്കും. പിപി ദിവ്യ വിഷയത്തില്‍ നിയമ വഴിയോടാണ് ഇവര്‍ക്ക് താല്‍പ്പര്യം. എന്നിട്ടും കണ്ണൂരിലെ പോലീസിന് ദിവ്യയെ തൊടാന്‍ കഴിയുന്നില്ല. കണ്ണൂരില്‍ പ്രാദേശിക തലത്തില്‍ വളര്‍ന്നു പന്തലിച്ച ബിനാമി മാഫിയയ്ക്കുള്ള സ്വാധീനമാണ് ഇതിന് കാരണം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും പോലും ഇവരെ അംഗീകരിക്കേണ്ടി വരുന്ന.ു അതുകൊണ്ടാണ് കേരളാ പോലീസ് 'കൂട്ടിലടച്ച തത്ത'യെ പോലെ തൊട്ടു മുന്നില്‍ ദിവ്യയുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തത്. ദിവ്യയ്‌ക്കെതിരെ തല്‍കാലം പോലീസ് ഒന്നും ചെയ്യില്ല.

അന്വേഷണച്ചുമതല ഏറ്റെടുത്ത സിറ്റി പൊലീസ് കമ്മിഷണര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും കേസിന്റെ മേല്‍നോട്ടച്ചുമതലയുള്ള റേഞ്ച് ഡിഐജിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും ചെയ്തു. ഇത് അറസ്റ്റിനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ചെങ്ങളായിയില്‍ നിന്നുള്ള സിപിഎം നേതാക്കള്‍. ഇത് അംഗീകരിക്കാന്‍ ജില്ലാ നേതൃത്വവും നിര്‍ബന്ധിതമാവുകയാണ്. പ്രാദേശിക നേതൃത്വത്തെ മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് സിപിഎമ്മിനെ ഇവര്‍ ഭീഷണിപ്പെടുത്തുന്നത്. ഇതിന് മുന്നിലാണ് നേതൃത്വവും പ്രതിസന്ധിയിലാകുന്നത്.

കോടതിയിലോ അന്വേഷണസംഘത്തിനു മുന്നിലോ കീഴടങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന് ദിവ്യയുമായി അടുപ്പമുള്ളവരും വ്യക്തമാക്കുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഫിസ് ജീവനക്കാരില്‍നിന്നു മൊഴിയെടുത്തു. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം ഇന്നലെ ജില്ലാ വികസനസമിതി യോഗം അംഗീകരിച്ചു. ദിവ്യയ്‌ക്കെതിരെയുള്ള പ്രമേയം എതിരില്ലാതെയാണ് അംഗീകരിച്ചത്. പ്രത്യക്ഷത്തില്‍ സിപിഎമ്മിന് ദിവ്യയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ പരോക്ഷമായി എല്ലാ സഹായവും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്നുമുണ്ട്.

മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും തൃശൂരില്‍ ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. എന്നാല്‍ എഡിഎമ്മിന്റെ മരണം സിപിഎം സെക്രട്ടേറിയറ്റ് ഗൗരവമായി ചര്‍ച്ച ചെയ്തില്ല. ആരോപണത്തിനു പിന്നാലെ ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ബാക്കി നടപടികള്‍ ചൊവ്വാഴ്ചയ്ക്ക് ശേഷം സിപിഎം ചര്‍ച്ച ചെയ്യും.