- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്‍; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെ
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും മുന്നേ സമാജ്‌വാദി പാര്‍ട്ടിയുമായി (എസ്പി) പിവി അന്‍വര്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍നിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. ജെഡിഎസില്‍ നിന്നും അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവായിരുന്നു ഇടനില നിന്നത്. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അന്‍വര്‍ രാജ്യസഭയിലേക്കുള്ള തന്റെ താല്‍പര്യം അന്‍വര്‍ അറിയിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നായിരുന്നു എസ് പി നേതാവിന്റെ മറുപടി. അന്‍വറിന്റെ കാര്യം ജനുവരി 20ന് ചര്‍ച്ച ചെയ്യാമെന്നായിരുന്നു അഖിലേഷ് യാദവ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനു മുന്നേ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറി. എംപി സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇത്.
സമാജ്‌വാദി പാര്‍ട്ടി നേതാക്കളുമായി രണ്ടു തവണയാണ് അന്‍വര്‍ ചര്‍ച്ച നടത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. എസ്പിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ജോ ആന്റണിക്ക് അന്‍വറിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനോട് താല്‍പര്യമില്ലായിരുന്നു. രണ്ടാമത്തെ ചര്‍ച്ചയും വിജയമായില്ല. ജനുവരി 20ന് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്താനും ധാരണയില്‍ എത്തി. അതിനിടെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് അന്‍വര്‍ എത്തിയത്. യുപിയിലും ദേശീയതലത്തിലും എസ്പിയും കോണ്‍ഗ്രസുമായി വലിയ ബന്ധമുണ്ട്. ഇത് മനസ്സിലാക്കിയാണ് എസ് പിയുമായി ചര്‍ച്ചകള്‍ നടത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കുരുക്കിലായി പിവി അന്‍വര്‍ എന്നും റിപ്പോര്‍ട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിയ്ക്കാനാകില്ലെന്നും യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടാണെന്നും കെ മുരളീധരന്‍ പറഞ്ഞു, മമത ബാനര്‍ജി ഇന്ത്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചവരാണവര്‍. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുകാര്‍ക്ക് തൃണമൂലിനെ ദഹിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇടതുമുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയില്‍ ചേരാനായിരുന്നു ആദ്യം നീക്കം നടത്തിയത്. ഇതിനായി ഡിഎംകെ എന്ന ചുരുക്കപ്പേരില്‍ മറ്റൊരു സംഘടനയും രൂപീകരിച്ചു. ഡിഎംകെ കയ്യൊഴിഞ്ഞതോടെ മുസ്ലിം ലീഗിലും പിന്നീട് കോണ്‍ഗ്രസിലും അംഗമാവാനായി ശ്രമം. ഇതും നടക്കില്ലെന്നുറപ്പായതോടെ യുഡിഎഫ് മുന്നണിയുടെ ഭാഗമാവാനായി ചര്‍ച്ചകള്‍ നടത്തി. തൃണമൂല്‍ പ്രവേശനത്തോടെ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനമെന്ന മോഹവും വിദൂരത്തായി.
അതിനിടെ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കാനാവില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭാ സ്പീക്കര്‍ ആണെന്നും പിഡിറ്റി ആചാരി പ്രതികരിച്ചു. കഴിഞ്ഞ ദിവസം താന്‍ തൃണമൂലിന്റെ സംസ്ഥാന കോഓര്‍ഡിനേറ്ററായി എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് അന്‍വര്‍ ഇട്ടിരുന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് സിപിഎം പരാതി നല്‍കിയേക്കും.