- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ' വിജയത്തിൽ തിളങ്ങി രാഹുലും പ്രിയങ്കയും
ന്യൂഡൽഹി: ഒരുകാലത്ത് ഗുഗിളിൽ 'ഹു ഈസ് പപ്പു' എന്ന് തിരഞ്ഞ് രാഹുൽ ഗാന്ധിയെ കളിയാക്കിയ എതിരാളികൾ എത്രയോ! പപ്പു മുതൽ ഷെഹ്‌സാദെ( രാജകുമാരൻ) വരെ, വർഷങ്ങളായി ബിജെപിയുടെ പരിഹാസ കഥാപാത്രമായിരുന്നു രാഹുൽ. ഓരോ തിരഞ്ഞെടുപ്പിലും, മോദി അടക്കം ബിജെപിയിലെ പ്രധാന നേതാക്കളെല്ലാം കടന്നാക്രമിച്ചതും രാഹുലിനെ തന്നെ. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷ കക്ഷിയാകാൻ 10 ശതമാനം വോട്ടുപോലും ഇല്ലാതിരുന്ന കോൺഗ്രസിനെ ഇക്കുറി 100 സീറ്റിലെ ജയത്തിലേക്ക് നയിച്ചതോടെ ക്രെഡിറ്റ് രാഹുലിന് മാത്രമല്ല, പ്രിയങ്കയ്ക്ക് കൂടി അവകാശപ്പെട്ടതാണ്.
പപ്പുമോനിൽ നിന്ന് പ്രതിഭാശാലിയിലേക്ക്
സോണിയ ഗാന്ധിക്ക് ശേഷം, നെഹ്റു കുടുംബത്തിൽ നിന്നുള്ള ഇളമുറക്കാർക്ക് വേണ്ടി കോൺഗ്രസ്സിൽ മുറവിളി ഉയർന്നുകൊണ്ടേയിരുന്നു. രാഹുലും പ്രിയങ്കയും സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്നായിരുന്നു പലരുടേയും ആവശ്യം. പ്രിയങ്കയ്ക്ക് വേണ്ടിയായിരുന്നു മിക്കവരും കൊതിച്ചിരുന്നത്. അക്കാലത്ത് പ്രിയങ്ക അത് നിഷേധിച്ചു. പക്ഷേ, പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ രാഷ്ട്രീയത്തിൽ ഇറങ്ങുക തന്നെ ചെയ്തു.
2004ൽ അച്ഛന്റെയും അമ്മയുടെയും മണ്ഡലമായ യു.പിയിലെ അമേഠിയിൽ മത്സരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ രാ്ര്രഷ്ടീയ പ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ രാഹുൽ ഗാന്ധി നേടിയത് 2.9 ലക്ഷത്തിന്റെ ഭൂരിപക്ഷം ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അമേഠിയിൽ 66.18 ശതമാനം വോട്ടുകളും രാഹുൽ ഗാന്ധി തന്നെ ആയിരുന്നു സ്വന്തമാക്കിയത്. പക്ഷേ കഴിഞ്ഞ തവണ അദ്ദേഹം അമേഠിയിൽ തോറ്റു. വയനാട്ടിൽ നിന്നുള്ള വൻ ജയമാണ് കോൺഗ്രസിനെ ആ ദയനീയ അവസ്ഥയിൽ നിന്ന് രക്ഷിച്ചത്. ആദ്യ തെരഞ്ഞെടുപ്പ് സമയത്ത്, കുപ്പിപ്പാലിന്റെ മണം മാറാത്ത ചോക്കലേറ്റ് ബേബിയെന്ന് കോൺഗ്രസിലെ തന്നെ മുതിർന്ന പലരും അടക്കം പറഞ്ഞു. അമ്മയുടെ സാരിത്തുമ്പിനു പിന്നാലെ, അനുസരണശീലമുള്ള മകനപ്പോലെ രാഹുൽ നിശ്ശബ്ദം നടന്നു. നമ്മുടെ വി എസ് അച്യുതാന്ദൻ പോലും രാഹുലിനെ ഒരു സമയത്ത് വിളിച്ചത് അമൂൽ ബേബിയെന്നായിരുന്നു. ബിജെപിക്കാർ പപ്പുമോൻ എന്നും.
ഒന്നൊന്നായി അമ്മ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. പതിയെപ്പതിയെ ചുമതലകൾ ഓരോന്നായി ഏല്പിച്ചു. ആദ്യം പാർട്ടി ജനറൽ സെക്രട്ടറി. അത് 2014ൽ. 2013ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷ പദവിയിൽ. രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചെങ്കിലും, ശുദ്ധമനസ്സു കൊണ്ട് പറഞ്ഞ പലതും രാഹുലിനു വിനയായി. പറഞ്ഞ പലതിനും മാധ്യമങ്ങൾ പുതിയ അർത്ഥങ്ങൾ നൽകി. രാഹുൽ ഓരോന്നും അനുഭവിച്ചു പഠിക്കുകയായിരുന്നു. പപ്പുമോൻ തമാശകൾ കൊണ്ട് നിറഞ്ഞതായിരുന്നു അക്കാലത്തെ സൈബർ ലോകം.
രാഹുൽ ഗാന്ധി വരുന്നതുവരെ, ഗ്രൂപ്പുകളികൾ കൊണ്ടും സ്ഥാപിത താത്പര്യങ്ങൾ കൊണ്ടും ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ആയിരുന്നു കോൺഗ്രസിന്റെ യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. 2007 ൽ രാഹുൽ ഗാന്ധിയെ യൂത്ത് കോൺഗ്രസിന്റേയും എൻഎസ് യുവിന്റേയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. അതുവരെ രാഹുൽ ഗാന്ധിക്ക് കോൺഗ്രസിൽ ഔദ്യോഗിക പദവികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും യൂത്ത് കോൺഗ്രസിന്റേയും എൻഎസ് യുവിന്റേയും ഉയിർത്തെഴുന്നേൽപ്പിൽ രാഹുൽ നിർണായക പങ്കാണ് വഹിച്ചത്. ടാലന്റ് ഹണ്ട് നടത്തി നേതാക്കളെ തിരഞ്ഞെടുത്ത് ഒരു രാഹുൽ ബ്രിഗേഡിനെ തന്നെ പാർട്ടിയിൽ രാഹുൽ ഗാന്ധി സൃഷ്ടിച്ചെടുത്തു. ഇതിനെതിരെ പാർട്ടിക്കുള്ളിലെ തന്നെ ചില താപ്പാനകൾ രംഗത്ത് വന്നെങ്കിലും രാഹുൽ പ്രഭാവത്തിൽ അതെല്ലാം ഒലിച്ചുപോയി. പിന്നീടങ്ങോട്ട് കോൺഗ്രസിൽ രാഹുൽ കാലമായിരുന്നു. പതുക്കെ പാർട്ടിയിലും ഭരണത്തിലും രാഹുൽ പിടിമുറുക്കി.
ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ രക്ഷപ്പെടുത്താൻ പാകത്തിൽ യു.പി.എ സർക്കാറിന്റെ കാലത്തുകൊണ്ടുവന്ന ഓർഡിനൻസ് കീറിയെറിഞ്ഞത് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മന്ത്രിസഭയിൽ ചേരാനും കോൺഗ്രസ് നേതൃഭാരം ഏറ്റെടുക്കാനുമൊക്കെ മടിച്ചുനിന്നപ്പോൾ തന്നെ, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഭൂമി ഏറ്റെടുക്കൽ നിയമം മനുഷ്യത്വപരമാക്കുന്നതിലും പിന്നാമ്പുറത്ത് നിന്ന് രാഹുൽ പങ്കുവഹിച്ചു. അമ്മയുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ കാലത്തിനു മുമ്പേ, തലമുറമാറ്റത്തിന്റെ അനിവാര്യത പാർട്ടിയിൽ ചർച്ചയായിരുന്നു. രാഹുൽ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിലേക്കു വരണം. അഭ്യൂഹങ്ങൾ ഒരുപാടുണ്ടായി. കാത്തിരിപ്പുകൾക്കൊടുവിൽ രാഹുൽ പാർട്ടിയുടെ അമരത്തെത്തിയത് 2017 ഡിസംബറിൽ.
പൊതുവെ നിശ്ശബ്ദനും, ക്ഷിപ്രപ്രതികരണശാലിയുമല്ലാത്ത രാഹുൽ അതോടെ മാറുകയായിരുന്നു. ഒടുവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ, രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നു പാർലമെന്റിൽ വിളിച്ചു പറഞ്ഞപ്പോൾ രാഹുൽ സ്വന്തം നായകത്വം പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസിനെ സഖ്യകക്ഷി രാഷ്ട്രീയത്തിലേക്ക് സോണിയ വഴിനടത്തിയെങ്കിൽ, പൊതുതാൽപര്യത്തിന് വിട്ടുവീഴ്ച കാട്ടി സഖ്യകക്ഷി രാഷ്ട്രീയം രാഹുൽ കരുപ്പിടിപ്പിച്ചതിന് തെളിവാണ് ബിഹാറിലുണ്ടാക്കിയ മഹാസഖ്യം. ഒരുവേള മോദിയെപ്പോലും പിന്നിലാക്കുന്ന ജനപ്രീതി രാഹുലിന് ഉണ്ടായിരുന്നു. പക്ഷേ അത് വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
രാഹുലിന്റെ എറ്റവും വലിയ പ്രശ്‌നം എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്നില്ല എന്നതാണ്. വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തിയപ്പോൾ കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക്' എന്ന് പറഞ്ഞ് മുഖപ്രസംഗം എഴുതിയാണ് ദേശാഭിമാനി അധിക്ഷേപിച്ചത്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ അമേഠി സിനിമാ തീയറ്ററുകളും ആശുപത്രികളും ഒന്നും ഇല്ലാത്ത മണ്ഡലമാണെന്നും സൈബർ സഖാക്കൾ പ്രചരിപ്പിച്ചു. പക്ഷേ റെയിൽവേയുടെ കുപ്പിവെള്ള ഫാക്ടറിയും എച്ച്.എ.എൽ ഫാക്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയും അടക്കം രാഹുൽ അമേഠിയിൽ കൊണ്ടുവന്നത് നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. യുപിയുടെ പൊതു പിന്നോക്കാവസ്ഥ അമേഠിയിൽ ഉണ്ടെന്ന് മാത്രം. പക്ഷേ ഇപ്പോഴും എല്ലാവരും വിശ്വസിക്കുന്നത് അമേഠിയെന്നാൽ ഒരു പ്രാകൃത ഗ്രാമം ആണെന്നാണ്. ഇത് പ്രതിരോധിക്കാൻ രാഹുലിന് കഴിഞ്ഞില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയോടെ കോൺഗ്രസ് അധ്യക്ഷസ്ഥാനം വലിച്ചെറിഞ്ഞ രാഹുൽ പാർട്ടിയെയും ഒരു പ്രതിസന്ധിയിലാക്കി. സമചിത്തതയോടെ ഒരു പ്രശ്‌നം പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. എന്നാൽ, പതിയെ രാഹുൽ മാറി. ഭാരത് ജോഡോ യാത്രയോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
മാറ്റത്തിന്റെ കാറ്റായി ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമിട്ടപ്പോഴും അതൊരു ഭ്രാന്തൻ ആശയമെന്ന് പലരും പരിഹസിച്ചെങ്കിലും, രാജ്യത്ത് അങ്ങോളം ഇങ്ങോളമുള്ള യാത്ര രാഹുലിന്റെ പ്രതിച്ഛായ അടിമുടി മാറ്റി. ഭാരത് ജോഡോ യാത്രയോ, ന്യായ യാത്രയോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുനേടി കൊടുത്തോ എന്ന ചോദ്യം തർക്കവിഷയമായിരിക്കും. എന്നാൽ, ഒരു കാര്യം ഉറപ്പാണ്. ജനങ്ങളുമായി രാഹുൽ തുറന്ന് ഇടപെടുന്നതും, സംസാരിക്കുന്നതും ടെലിവിഷൻ സ്‌ക്രീനുകളിൽ കൂടി നാടാകെ പരന്നതോടെ, ബിജെപി സൃഷ്ടിച്ച പപ്പുമോൻ പ്രതിച്ഛായ താനേ തകർന്നുപോയി.
രാഹുൽ സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട ആളുകളുമായി സംസാരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, വിദ്യാർത്ഥികൾ മുതൽ ട്രക്ക് ഡ്രൈവർമാരും, മെക്കാനിക്കുകളും വരെയുള്ളവരുമായി ഇടപെടുന്നതും എല്ലാം രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത രാഹുലിന്റെ മറ്റൊരു വശം കാട്ടിക്കൊടുത്തു.
പ്രിയങ്കയുടെ വരവ്
പ്രിയങ്ക ഗാന്ധി ഇത്തവണ റായ്ബറേലിയിൽ മത്സരിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. പലവട്ടം ചോദ്യങ്ങൾ ഉയർന്നെങ്കിലും, പ്രിയങ്ക പ്രതികരിച്ചില്ല. അത് താൻ ബോധപൂർവം എടുത്ത തീരുമാനം എന്നായിരുന്നു പ്രിയങ്ക അഭിമുഖങ്ങളിൽ പറഞ്ഞത്. രാഹുലോ താനോ മത്സരിച്ചാൽ, ആ മണ്ഡലത്തിൽ മാത്രമായി കെട്ടിയിടപ്പെടുമെന്നും രാജ്യമൊട്ടുക്ക് റാലികളിൽ പങ്കെടുക്കാൻ തനിക്ക് സാധിക്കില്ലെന്നുമാണ് പ്രിയങ്ക പറഞ്ഞത്. എന്തായാലും ആ തീരുമാനം ഫലം കണ്ടു.
രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന് വേണ്ടി രാജ്യമൊട്ടുക്ക് റാലികളിൽ പങ്കെടുത്തപ്പോൾ, പ്രിയങ്ക അമേഠി, റായ്ബറേലി പോലെ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ ശ്ര്ദ്ധ കേന്ദ്രീകരിച്ചു. അമേഠിയിൽ രാഹുലിനെ തോൽപ്പിച്ച സ്മൃതി ഇറാനിയെ ഇത്തവണ കിഷോരി ലാൽ ശർമ മലർത്തിയടിച്ച് മധുര പ്രതികാരം വീട്ടി. റായ്ബറേലിയിൽ രാഹുൽ തന്നെ മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ അടക്കം പ്രിയങ്ക മുന്നിൽ നിന്ന് നയിച്ചു. പ്രിയങ്കയിലെ വാഗ്മിയെ മാത്രമല്ല, ജനങ്ങളുമായി അടുത്തുപെരുമാറി അവരിൽ ഒരാളായി മാറുന്ന വശ്യതയും ഈ തിരഞ്ഞെടുപ്പിൽ കണ്ടു.
മോദിയുടെ താലിമാല പരാമർശത്തിന് ചുട്ട മറുപടി
വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. മുൻപ് കോൺഗ്രസ് അധികാരത്തിൽവന്നപ്പോൾ രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിർഥം അവർ ഈ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മാത്രമല്ല, അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.
രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ബെംഗളൂരുവിൽ ചോദിച്ചു. എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വർണാഭരണങ്ങൾ രാജ്യത്തിന് വേണ്ടിയാണ് നൽകിയതെന്നും പ്രിയങ്ക ബെംഗളൂരുവിൽ പറഞ്ഞു.
രാഹുലിന്റെയും പ്രിയങ്കയുടെയും തുറന്ന ഇടപെടലുകളും, ചുട്ട മറുപടികളും എതിരാളികൾ സൃഷ്ടിച്ച 'വകയ്ക്ക് കൊള്ളാത്തവർ' എന്ന കുപ്രചാരണത്തിന്റെ മുനയൊടിക്കുകയും ചെയ്തു.