- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അസാധാരണ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ചെന്നിതല നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം പ്രശംസ അറിയിച്ചത്. ഫലത്തില്‍ നേതാവായി മുസ്ലീം ലീഗും രമേശ് ചെന്നിത്തലയെ അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്‍ എസ് എസ് ചെന്നിത്തലയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചിരുന്നു. എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു.
ചെന്നിത്തലയെ പുകഴ്ത്തിയ പാണക്കാട് തങ്ങള്‍ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. യു.ഡി.എഫില്‍ ക്രിസ്ത്യന്‍വിഭാഗം അവിഭാജ്യഘടകമാണ്. അവരെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അത്തരം കാര്യങ്ങളെല്ലാം ചെയ്യേണ്ടിവരും. ചില സംഘടനകളുടെ രാഷ്ട്രീയപിന്തുണ വേണ്ടിവരുമെന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. കെ.എം. മാണിയുമായി ലീഗിന് വലിയ അടുപ്പമായിരുന്നു. എല്‍.ഡി.എഫിലേക്ക് പോകുന്നതിനുമുന്‍പ് ജോസ് കെ. മാണി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ, ലീഗിന്റെ മൗനസമ്മതം വേണമെന്നരീതിയില്‍ എന്ന ചോദ്യത്തോട് തങ്ങള്‍ പ്രതികരിച്ചത് നിര്‍ണ്ണായകമാണ്. = അങ്ങനെയൊരു സമ്മതം ചോദിച്ചാല്‍ ലീഗ് ഒരിക്കലും കൊടുക്കില്ലല്ലോ. മാണിസാറിന്റെ മകന്‍ യു.ഡി.എഫ്. വിടട്ടേ എന്ന് ചോദിച്ചാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് ഒരിക്കലും സമ്മതിക്കില്ലായിരുന്നു. അങ്ങനെയൊരു ചോദ്യമൊന്നും ഉണ്ടായിട്ടില്ല. തിരിച്ചുവരണമെന്നു തന്നെയാണ് ഞങ്ങളുടെ ആത്മാര്‍ഥമായ ആഗ്രഹമെന്നും പറയുന്നു. ജോസ് കെ. മാണി വരണമെന്ന് ആഗ്രഹിച്ചിട്ടുമാത്രം കാര്യമില്ലല്ലോ. അതിനുവേണ്ടി ലീഗ് ഇടപെടുമോ എന്നതിന് യു.ഡി.എഫ്. അങ്ങനെയൊരു തീരുമാനമെടുത്താല്‍ തീര്‍ച്ചയായും ലീഗായിരിക്കും അതിന്റെ മുന്നിലുണ്ടാകുക എന്നും പറയുന്നു. അതായത് രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്ന ലീഗ് കേരളം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലുണ്ടാകണമെന്ന് കൂടി പറയുകയാണ്. ഇതിനോട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. ഏതായാലും പാണക്കാട് തങ്ങളെ കടന്നാക്രമിക്കുന്ന രാഷ്ട്രീയ വിശദീകരണം ജോസ് കെ മാണി നല്‍കില്ലെന്ന് ഉറപ്പാണ്.
മുനമ്പം വിഷയത്തോടെ ക്രൈസ്തവ സംഘടനകളും ഇടതു സര്‍ക്കാരിന് എതിരായി. ഇതും കേരളാ കോണ്‍ഗ്രസ് എമ്മിന് മുകളില്‍ സമ്മര്‍ദ്ദമാണ്. പുറമേ നിഷേധിക്കുന്നുണ്ടെങ്കിലും മുന്നണിമാറ്റത്തിനുള്ള സമ്മര്‍ദം കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനുമിടയില്‍ ചര്‍ച്ച നടത്തുന്നത് മുസ്ലിംലീഗാണെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അനൗപചാരികതലത്തില്‍ മാത്രമേ ചര്‍ച്ച നടന്നിട്ടുള്ളൂ. ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനല്‍കാമെന്നും ഓഫറുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി മണ്ഡലങ്ങള്‍ നിലവില്‍ യു.ഡി.എഫിലെ മാണി സി. കാപ്പന്റെയും മോന്‍സ് ജോസഫിന്റെയും പക്കലാണ്. ഈ സാഹചര്യത്തിലാണ് പുതിയ സീറ്റ് ഓഫര്‍ എന്നാണ് സൂചനകള്‍.
മുനമ്പം ഭൂപ്രശ്നം, വനനിയമഭേദഗതി ബില്‍ എന്നിവയില്‍ കത്തോലിക്കാ സഭ സര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുത്തതാണ് കേരള കോണ്‍ഗ്രസിനെ ഒടുവില്‍ പ്രതിസന്ധിയിലാക്കിയത്. ഈ രണ്ടു പ്രശ്നങ്ങളും സഭാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം കൈകാര്യംചെയ്യാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങിയെന്നതും ശ്രദ്ധേയമാണ്. ഇതില്‍ രണ്ടിലും പരസ്യ പ്രതിഷേധം കേരളാ കോണ്‍ഗ്രസ് നടത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് എന്‍ എസ് എസുമായും അടുത്ത ബന്ധമുണ്ട്. എന്‍ എസ് എസ് യുഡിഎഫ് പക്ഷത്തേക്ക് പോകുന്നതും കേരളാ കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിക്കുന്നുണ്ട്.
പാണക്കാട് തങ്ങളുടെ ചെന്നിത്തല അനുകൂല ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.