തൃശൂർ: രണ്ടുതവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നൽകുമെന്നും മൂന്നുതവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്റെ പ്രസ്താവനയിൽ സിപിഎം അമിത ആവേശം കാട്ടി എടുത്തു ചാടില്ല. അടുത്ത തവണ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്നാണു താൻ സുഹൃത്തുക്കളായ സഖാക്കളോടു പറയാറുള്ളതെന്നും വന്നാൽ അതു പ്രസ്ഥാനത്തിന്റെ അവസാനമായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കരുതെന്ന നിർദ്ദേശം സിപിഎം സൈബർ സഖാക്കൾക്ക് നൽകി കഴിഞ്ഞു. ഗുരുതര പരമാർശമാണ് ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന സച്ചിദാനന്ദൻ നടത്തുന്നത്. ഈ ചർച്ചയിലേക്ക് പോകുന്നത് സിപിഎമ്മിന് ഗുണകരമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

വീണ്ടും അധികാരത്തിലെത്താതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാൽ ബംഗാളിലെ പോലെ പാർട്ടി നശിക്കുമെന്നും സച്ചിദാനന്ദൻ പറയുമ്പോൾ അതു ചെന്നു കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. 'പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു - അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും' . സച്ചിദാനന്ദൻ പറഞ്ഞു. പിണറായിയെ പേരെടുത്ത് പറയുന്നില്ലെങ്കിലും വിക്തിത്വ ആരാധനയെന്ന ചർച്ചയിലേക്ക് കാര്യങ്ങളെത്തിക്കുന്നതിന് പിന്നിൽ വലിയ അജണ്ടയുണ്ടെന്ന് സിപിഎം വിലയിരുത്തുന്നു. അതിന് പിന്നാലെ അതുകൊണ്ട് തന്നെ പോകില്ല.

കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ വ്യക്തിത്വ ആരാധന നടത്തുന്നതിൽ കുറ്റപ്പെടുത്താനാവില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രോ വാസു വിഷയം ആളിക്കത്തിക്കാനും സച്ചിദാനന്ദൻ മുന്നോട്ട് വരുന്നു. ഇത്തരമൊരു ഇടപെടൽ സച്ചിദാനന്ദനെ പോലൊരു ഇടതു സാസ്‌കാരിക നായകനിൽ നിന്നും സിപിഎം പ്രതീക്ഷിച്ചതല്ല. എന്നാൽ ശക്തമായ വിമർശനങ്ങൾ ഉയർത്തുമ്പോൾ സച്ചിദാനന്ദന്റെ വാക്കുകൾ കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് സിപിഎം വിലയിരുത്തൽ.

കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു നേതാവിനെമാത്രം ആരാധിക്കുന്ന സ്ഥിതിവിശേഷത്തിന് ആ നേതാവിനെമാത്രം കുറ്റം പറയാനാവില്ല. ഈ ആരാധനയ്ക്കു പിന്നിലെ മനഃശാസ്ത്രം കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ വ്യക്തി ആരാധന ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നതു സമ്മതിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇതു വളരെ ദോഷമാണ്. സ്റ്റാലിൻ കാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽ അതു കണ്ടതാണ്. ഗ്രോ വാസുവിനോടു ചെയ്തത് ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യരുതാത്തതാണെന്ന് സച്ചിദാനന്ദൻ പറയുന്നു. ഇതിനൊപ്പം മറ്റു ചില വിമർശനങ്ങളും അദ്ദേഹം നടത്തുന്നു. ആർ എസ് എസുമായി ബന്ധപ്പെട്ടാണ് ഇത്. കേരളത്തിൽ കോൺഗ്രസ് ഉയർത്തുന്ന ചർച്ചയാണ് ഇതെല്ലാം.

സംഘപരിവാർ അധികാരത്തിൽ വരുന്നതിൽ ഇടതുപാർട്ടികൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ സിപിഎം തീരുമാനിച്ചതു വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞാണ്. അന്ന് ആ പിന്തുണ പിൻവലിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് ഇത്ര പെട്ടെന്നു തളർന്നുപോകില്ലായിരുന്നു. വലതുപക്ഷത്തിനെതിരെ ഏക ബദലായ കോൺഗ്രസിന്റെ തളർച്ച തന്നെ വേദനിപ്പിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു. ഇത്തരം ചർച്ചകൾ കേരളത്തിൽ അതിശക്തമായി ഉയരരുതെന്നാണ് സിപിഎം ആഗ്രഹം. അതുകൊണ്ടാണ് പ്രതികരണങ്ങൾ വേണ്ടെന്ന് സിപിഎം നിലപാട് എടുക്കുന്നത്. സച്ചിദാനന്ദനെ സൈബർ ഇടത്തിൽ ആക്രമിക്കുന്നത് വിഷയം ആളിക്കത്തിക്കുമെന്നാണ് നിഗമനം.

സാംസ്‌കാരിക സ്ഥാപനങ്ങളിൽ എത്രത്തോളം സ്വയംഭരണം സാധ്യമാണെന്നതു ഭരണകൂടത്തെ ആശ്രയിച്ചിരിക്കും. കേന്ദ്ര സാഹിത്യ അക്കാദമിയിൽ താൻ സാരഥ്യം വഹിക്കുമ്പോൾ ഒരിക്കലൊഴികെ ഭരണകൂട ഇടപെടൽ നേരിടേണ്ടി വന്നിട്ടില്ല. കാർഗിൽ യുദ്ധവിജയം എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളും ആഘോഷിക്കണമെന്നു പറഞ്ഞതുമാത്രമാണ് അപവാദം. അതു പറ്റില്ലെന്നു താൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ഭരണഘടന സർക്കാർ ഇടപെടൽ അനുവദിക്കുന്ന വിധത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതും സംസ്ഥാന സർക്കാരിനുള്ള സച്ചിദാനന്ദന്റെ ഒളിയമ്പാണ്. സിപിഎം പതിയെ ഈ പദവിയിൽ നിന്നും സച്ചിദാനന്ദനെ ഒഴിവാക്കും. എന്നാൽ എടുത്തു ചാടിയൊരു തീരുമാനം എടുക്കില്ല.

കേരളത്തിന്റെ വലതുപക്ഷത്തോടുള്ള ചായ്വ് നമ്മുടെ മൂക്കിന് താഴെ നടന്നുകൊണ്ടിരിക്കുന്നു സംഭവമാണ്. നാട്ടിലെ പുരാണങ്ങളെയും ആചാരങ്ങളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം പ്രകടമാണ്. ഓണത്തെ വാമനഃപൂജ എന്ന് വിശേഷിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഇപലപ്പോഴും തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാൻ വിസമ്മതിക്കുന്ന സമുദായങ്ങൾക്കും ജാതി സംഘടനകൾക്കും ഇടയിൽ ഇത് ഭിന്നത സൃഷ്ടിക്കുന്നു. ഒരു നിലപാട് എടുക്കാതിരിക്കുന്നതുംഅപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. പൊലീസിനകത്തുള്ള ആർ.എസ് എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണമോ ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പൊലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.