പാലക്കാട്: തിരഞ്ഞെടുപ്പ് ജയത്തിന് അനിവാര്യമായ രണ്ടു ഘടകങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് പാലക്കാട്ടെ ബിജെപിയുടെ പ്രതിസന്ധി. സംഘടനാ കരുത്തിനൊപ്പം മികച്ച സ്ഥാനാര്‍ത്ഥിയും അനിവാര്യം. ഇതുണ്ടെങ്കില്‍ മാത്രമേ ജയിക്കാനാകൂ. തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് ഒ രാജഗോപാലും താമര വിരിയിച്ചത് ഇതു രണ്ടും അനുകൂലമാക്കിയാണ്. പാലക്കാട് ഇ ശ്രീധരന്‍ എന്ന മെട്രോ മാനെ കളത്തിലറക്കിയ മോദി ബുദ്ധിയും സംഘടനാ കരുത്തിനൊപ്പം നല്ല സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്തയിലാണ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ നാമമാത്ര വോട്ടുകള്‍ തോല്‍ക്കുമ്പോള്‍ ഈ രണ്ട് ഘടങ്ങള്‍ അവിടേയും തെളിഞ്ഞു.

നെയ്യാറ്റിന്‍കര-അരുവിക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ഒ രാജഗോപാല്‍ തന്നെ മത്സരിക്കണമെന്ന അന്നത്തെ ബിജെപി അധ്യക്ഷന്‍ വി മുരളീധരന്റെ വാശിയും മികച്ച സ്ഥാനാര്‍ത്ഥിയെ ഉറപ്പിക്കാനായിരുന്നു. പക്ഷേ പാലക്കാട് മികച്ച സ്ഥാനാര്‍ത്ഥിയെ ബിജെപി ആഗ്രഹിച്ചില്ല. ആദ്യമേ സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാര്‍ മതിയെന്ന് തീരുമാനിച്ചു. അതാണ് മികച്ചതെന്ന് പറഞ്ഞു വച്ചു. എന്നാല്‍ നിലവില സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രനായിരുന്നു പാലക്കാട് കത്തിക്കയറാന്‍ പറ്റിയ മികച്ച സ്ഥാനാര്‍ത്ഥി. രണ്ടാമത് സന്ദീപ് വാര്യരും. ഈ രണ്ടു പേരിനേയും വെട്ടി മൂന്നാമനെ സ്ഥാനാര്‍ത്ഥിയാക്കി. ഇപ്പോള്‍ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടു പോയി. അങ്ങനെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. എന്നാല്‍ ഏറ്റവും മികച്ച ശോഭാ സുരേന്ദ്രനെ നിര്‍ത്തിയിരുന്നുവെങ്കില്‍ 'സന്ദീപ്' ഫാക്ടറിനെ പാലക്കാട് ബിജെപിക്ക് മറികടക്കാന്‍ കഴിയുമായിരുന്നുവെന്നതാണ് വസ്തുത.

നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും ഉപതിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബിജെപിക്ക് അവിടെ ഒരു വിജയ പ്രതീക്ഷയും ഉണ്ടായില്ല. എന്നിട്ടും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതിലൂടെ അഞ്ചിരട്ടിയില്‍ അധികം വോട്ട് കൂടി. അവിടെ സംഘടനയും മെച്ചപ്പെട്ടു. ഇപ്പോഴും പതിനായിരത്തിന് മുകളില്‍ വോട്ട് രണ്ടിടത്തും ബിജെപിക്ക് ഉറപ്പായ അവസ്ഥ ആ മണ്ഡലങ്ങളിലുണ്ട്. ഒ രാജഗോപാലെന്ന മികച്ച സ്ഥാനാര്‍ത്ഥിയുടെ സംഭാവനയായിരുന്നു അത്. പാലക്കാട് ബിജെപിക്ക് നല്ല സംഘടനാ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെന്നത് അനിവാര്യതയായിരുന്നു. പാലക്കാട് ശോഭാ സുരേന്ദ്രന്‍ എത്തുന്നതിനെ കോണ്‍ഗ്രസ് പോലും ഭയന്നിരുന്നു.

അസാധാരണ രീതിയില്‍ വോട്ടുയര്‍ത്തുന്ന ശോഭയ്ക്ക് ജയിക്കാനാകുമെന്ന വിലയിരുത്തല്‍ പരിവാര്‍ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. പക്ഷേ ശോഭ ജയിച്ചാല്‍ മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ ചിലര്‍ ശോഭയെ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ വെട്ടി. ചില കുടുംബ ബന്ധങ്ങള്‍ക്ക് മുന്നില്‍ ബിജെപി ദേശീയ നേതൃത്വവും മൗനത്തിലായി. അങ്ങനെ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി. സന്ദീപ് വാര്യര്‍ കലാപമുണ്ടാക്കിയപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടു പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉറപ്പായിരുന്നു. സന്ദീപ് എന്ന ശല്യം സിപിഎമ്മില്‍ പോകട്ടേ എന്ന് ചിലര്‍ വിലയിരുത്തി. പക്ഷേ പോയത് കോണ്‍ഗ്രസിലാണ്. ഇവിടെയാണ് ബിജെപി ഞെട്ടിയത്.

പാലക്കാട് ചിട്ടയായ പ്രവര്‍ത്തനം ആര്‍ എസ് എസ് നടത്തുന്നുണ്ട്. ജയിക്കാനുള്ള കരുതലായി അതു മാറുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ. ബലിദാനികളുടെ പേരടക്കം ഉപയോഗിക്കുന്നത് പരിവാര്‍ മനസ്സിലെ അനുകൂലതയ്ക്ക് വേണ്ടിയാണ്. എന്നാല്‍ പാലക്കാട് കഴിഞ്ഞ തവണ ബിജെപിയ്ക്ക് വോട്ട് കൂടിയത് ഇ ശ്രീധരന്‍ എന്ന പൊതു സമ്മതന്റെ സ്ഥാനാര്‍ത്ഥിത്വത്തിലാണ്. ഇത്തവണ ആ പ്രതിച്ഛായ കൃഷ്ണകുമാറിനില്ല. ആര്‍ എസ് എസിനോട് സ്‌നേഹമുള്ളവര്‍ എല്ലാം കൃഷ്ണകുമാറിന് വോട്ട് ചെയ്താലും നിഷ്പക്ഷ വോട്ട് കൃഷ്ണകുമാറിന് കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അതിശക്തമായ പോരാട്ട സൂചനകളുണ്ടെങ്കില്‍ അത് സംഭവിക്കുമായിരുന്നു. സന്ദീപ് വാര്യര്‍ വിട്ടു പോയതോടെ ബിജെപിയിലെ തമ്മില്‍ തല്ലും പ്രശ്‌നങ്ങളുമെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയാണ്. കള്ളവോട്ട് പിടിത്തവും വനിതാ നേതാക്കളുടെ മുറിയിലെ റെയ്ഡും കോണ്‍ഗ്രസിന് അനുകൂലമായി മാറുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ സന്ദീപ് ഫാക്ടറും കൂടിയാകുമ്പോള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുകയാണ്. 15000 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് മനസ്സില്‍ കാണുന്നത്. ഇതിന് കാരണമായി അവര്‍ പറയുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പൊതു സ്വീകാര്യതക്കുറവാണ്.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചു. അതുകൊണ്ട് ഇ ശ്രീധരനെ പോലൊരു പൊതു സമ്മതനോ ശോഭാ സുരേന്ദ്രനെ പോലൊരു പരിവാര്‍ പോരാളിയോ നിന്നിരുന്നുവെങ്കില്‍ ഫലം ബിജെപിക്ക് അനുകൂലമാകുമായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. കൂട്ടത്തിലുള്ള മികച്ച സ്ഥാനാര്‍ത്ഥിയെ മനപ്പൂര്‍വ്വം മറന്ന ബിജെപിയുടെ ഔദ്യോഗിക നേതൃത്വമാണ് എല്ലാ പ്രതിസന്ധിക്ക് കാരണമെന്ന വിലയിരുത്തലാണ് ഉയരുന്നത്. അതുകൊണ്ട് തന്നെ കൃഷ്ണകുമാറിനെ എങ്ങനേയും ജയിപ്പിക്കാനാണ് ബിജെപിയുടെ കൊണ്ടു പിടിച്ച ശ്രമം.

ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി കെ സുഭാഷ് ഉണ്ടായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കില്ലെന്ന് കരുതുന്നവരും പരിവാര്‍ പക്ഷത്ത് ഇപ്പോഴുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയായി സുഭാഷുണ്ടായിരുന്നുവെങ്കില്‍ സന്ദീപിനെ അടക്കം യോജിപ്പിച്ച് കൊണ്ടു പോകുമമെന്ന വിലയിരുത്തലും ഉയര്‍ന്നു കഴിഞ്ഞു. ഇഷ്ടക്കാര്‍ മാത്രം മതിയെന്ന ഔദ്യോഗിക പക്ഷത്തിന്റെ മനസ്സാണ് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതെന്ന ചിന്ത ബിജെപിയില്‍ തന്നെ സജീവമാണ്.