- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷന്‍; സന്ദീപ് വാര്യരെ 'ക്രിസ്റ്റര്‍ ക്ലിയര്‍' എന്ന് പറഞ്ഞവര്‍ അതിവേഗം മനസ്സു മാറ്റി; 'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം'; സുപ്രഭാതത്തിലും സിറാജിലും മാത്രം വിഷയം 'സന്ദീപ് വാര്യര്‍'; സിപിഎമ്മിന്റെ സരിന് തരംഗ പരസ്യം വിവാദത്തില്‍
പാലക്കാട്: ഇതാണ് ഇടതു പക്ഷം... ഇതാകണമോ ഇടതു പക്ഷം? ഈ ചോദ്യം ഉയര്‍ത്തുകായണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോള്‍ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം നടത്തുന്ന പ്രചരണം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തെ നേരിടാന്‍ തയാറായിരിക്കുന്നത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ ഒരു പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇതുകൊണ്ടാണ് ഇടതുപക്ഷ താല്‍പ്പര്യത്തില്‍ സംശയം കൂടുന്നത്.
അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന് തിരഞ്ഞെടുത്തത് മുസ്ലീം സമുദായത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് പത്രത്തിലാണ്.
ഇതോടെ മുസ്ലീം വോട്ടുകലുടെ ഏകീകരണം സരിന് ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്നും വ്യക്തമായി. ഇത്തരത്തിലൊരു വര്‍ഗ്ഗീയ അജണ്ടയിലൂടെ വോട്ട് പിടിക്കേണ്ട അനിവാര്യത സിപിഎമ്മിനുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ ഇടതു പരസ്യങ്ങളെല്ലാം ദേശാഭിമാനിയിലും വരുന്നതാണ്. പക്ഷേ പാലക്കാട്ട് അതും വേണ്ടെന്ന് വച്ചു. ഏതു തരത്തിലും വോട്ട് നേടാനുള്ള സിപിഎം തന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാ പരസ്യമായി ഇത് മാറുകയാണ്.
'ഈ വിഷ നാവിനെ സ്വീകരിക്കുകയോ ഹാ കഷ്ടം', 'കാശ്മീരികളുടെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത സന്ദീപ് ' എന്നീ തലക്കെട്ടുകളുകളുള്ള പരസ്യത്തില്‍ പൌരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ ചെറുതായി വെടിവെച്ചു കൊന്നതാണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റമെന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവനയും ചിത്രമുള്‍പ്പടെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണോ ജമാത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും പറയുന്നതെന്നും പരസ്യത്തില്‍ ചോദിക്കുന്നു.
സരിനെ സിപിഎമ്മിലേക്ക് അടുപ്പിച്ച സിപിഎം സന്ദീപ് വാര്യരേയും ഇടതുപക്ഷത്തേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. മന്ത്രി എംബി രാജേഷും എകെ ബാലനും പോലും സന്ദീപിനെ പൊ്ക്കി സംസാരിക്കുകയും ചെയ്തു. നല്ല പയ്യന്‍ എന്ന് ബാലേട്ടന്‍ വിളിച്ച സന്ദീപ് പക്ഷേ പോയത് കോണ്‍ഗ്രസിലേക്കായിരുന്നു. ഇതോടെ വിഷ നാവായി സന്ദീപ് മാറുകയും ചെയ്തു. ഇതെല്ലാം പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതിനിടെ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര്‍ എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു .അദ്ദേഹത്തിന്റെ അമ്മ ആര്‍എസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാര്‍ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എംബി രാജേഷിന്റെ വീട്ടിലും എകെ ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.