- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രി മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നും വെളിപ്പെടുത്തിയ നേതാവ്; കർഷക സമരത്തെ എല്ലായ്‌പ്പോഴും പിന്തുണച്ച കോൺഗ്രസിലെ പഴയ സോഷ്യലിസ്റ്റ്; വീണ്ടും മോദിയുടെ സുഹൃത്തായ അദാനിക്ക് വേണ്ടി കർഷക ദ്രോഹമെന്ന് കുറ്റപ്പെടുത്തൽ; മേഘാലയാ ഗവർണ്ണർ കേന്ദ്രത്തിന് തലവേദനയാകുമ്പോൾ
ന്യൂഡൽഹി: വീണ്ടും മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. ബിജെപിക്കുള്ളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്രാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. മോദിയുടെ സുഹൃത്തായ അദാനിക്കു വേണ്ടിയാണ് കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്ക് സർക്കാർ നിയമപരിരക്ഷ നൽകാത്തതെന്നു ബിജെപി നേതാവെന്ന പരിവേഷവുമായി മേഘാലയ ഗവർണറായ സത്യപാൽ മാലിക്ക് ആരോപിച്ചു. കർഷകരെ തോൽപിക്കാനാവില്ലെന്നും ഇനിയും കർഷക സമരമുണ്ടാകുമെന്നും മേഘാലയയിലെ ചടങ്ങിൽ മാലിക്ക് പറഞ്ഞു.
നേരത്തേയും കർഷക സമരവുമായി ബന്ധപ്പെട്ടു മാലിക്ക് ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിക്ക് അഹങ്കാരമാണെന്നും കർഷക സമരത്തെക്കുറിച്ചു പുച്ഛത്തോടെയാണ് പ്രതികരിച്ചതെന്നും മാലിക്ക് പറഞ്ഞിരുന്നു. ഇതേ മാലിക് വീണ്ടും കേന്ദ്ര സർക്കാരിനെതിരെ രംഗത്തു വരികയാണ്. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കിയില്ലെങ്കിൽ കടുത്ത പോരാട്ടമുണ്ടാകും. കർഷകരെ പേടിപ്പിക്കാനാവില്ല. ഇഡിയെയും ഇൻകംടാക്‌സ് വകുപ്പിനെയും അയയ്ക്കാനാവില്ലെങ്കിൽ അവരെ എങ്ങനെ ഭയപ്പെടുത്താനാവും എന്നും മാലിക്ക് ചോദിച്ചു.
മോദി ഭരിച്ച 5 വർഷം കൊണ്ട് അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് അദാനി ഹരിയാനയിൽ സൂക്ഷിച്ചിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോൾ അതു വിറ്റു കോടികൾ സമ്പാദിക്കും. ഇതൊന്നും ജനങ്ങൾ അധികകാലം പൊറുക്കില്ല. വലിയ പ്രക്ഷോഭം വരും. ഗവർണർ കാലാവധി കഴിഞ്ഞാൽ ഞാനും കർഷകർക്കു വേണ്ടി പോരാട്ടത്തിനിറങ്ങും. മാലിക് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നുമുള്ള വിവാദ പരാമർശങ്ങളുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക് കേന്ദ്ര സർക്കാരിനെ കുറച്ചു കാലം മുമ്പ് വെട്ടിലാക്കി എന്നതാണ് വസ്തുത. ഹരിയാനയിലെ ചർഖി ദാദ്രിയിൽ പൊതുചടങ്ങിൽ കർഷക സമരവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശങ്ങൾ. ഇത് പ്രതിപക്ഷവും ആയുധമാക്കുി. ബിജെപി പ്രതികരിക്കാതെ അകലം പാലിക്കുകയാണ് വിവാദങ്ങളിൽ നിന്ന് അന്ന് ചെയ്തത്. അതിനിടെ കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കളിയാക്കുകയും ചെയ്തു. കാശ്മീരിലും മാലിക് ഗവർണ്ണറായിരുന്നു.
സ്വന്തം പാർട്ടിയാണെങ്കിൽ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്താറുള്ള ഗവർണ്ണർ. കോൺഗ്രസിലും ജനതാദള്ളിലും പ്രവർത്തിച്ച ശേഷം 2004ലാണ് മാലിക് ബിജെപിയിലെത്തിയത്. മോദി സർക്കാർ എല്ലാ സ്ഥാനമാനങ്ങളും നൽകി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്റികാര്യ മന്ത്രിയായി. തുടർന്ന് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ്, കർഷകമോർച്ചയുടെ ചുമതലക്കാരൻ. 2017 മുതൽ ഗവർണറുമായി. 2020ലാണ് മാലിക് മേഘാലയ ഗവർണറാകുന്നത്.
ഗുരുതര ആരോപണങ്ങളുമായിട്ടാണ് മാലിക്കിന്റെ ആദ്യ പ്രസംഗം ചർച്ചയായത്. ''500 പേർ മരിച്ചതിനെക്കുറിച്ചു ഞാൻ പറഞ്ഞു. പട്ടി ചത്താൽ വരെ കത്തെഴുതുന്ന താങ്കൾ ഇതേക്കുറിച്ചു പ്രതികരിച്ചില്ലെന്നു പറഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി അഹങ്കാരത്തോടെയാണു പ്രതികരിച്ചത്. 'അവർ മരിച്ചത് എനിക്കു വേണ്ടിയല്ലല്ലോ' എന്ന് അദ്ദേഹം ചോദിച്ചു. താങ്കൾ രാജാവാണ്, അതിനാൽ ഉത്തരവാദിത്തമുണ്ട് എന്നു ഞാൻ പറഞ്ഞു. അദ്ദേഹം അംഗീകരിച്ചില്ല. ഞങ്ങൾ തമ്മിൽ തർക്കമായി. അമിത് ഷായെ കാണാൻ മോദി പറഞ്ഞു. അമിത് ഷാ എന്നോടു പറഞ്ഞത് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ബുദ്ധി ശരിക്കു പ്രവർത്തിക്കുന്നില്ല എന്നാണ്. അദ്ദേഹത്തിനു സ്ഥിരബുദ്ധിയുണ്ടാകട്ടെയെന്നും ഷാ പറഞ്ഞു'' ഈ വാക്കുകൾ ചർച്ചയായതിനു പിന്നാലെ മാലിക് നൽകിയ വിശദീകരണവും വിവാദമായി.
''പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല.'' -ഇതായിരുന്നു മാലിക്കിന്റെ തിരുത്ത്. ഇതിലും പ്രതിഫലിച്ചത് അമിത് ഷായ്ക്ക് മോദിയോടുള്ള നീരസമാണ്. ഈ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് മോദിയും കേന്ദ്ര സർക്കാരും വിശദീകരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും രമല്ലികാർജുൻ ഖർഗെയും മാലിക്കിന്റെ വിവാദ വിഡിയോ ട്വീറ്റ് ചെയ്തു. ബിജെപി ഇതുകണ്ടില്ലെന്ന് നടിച്ചു.
കശ്മീരിൽ ബിജെപിയുടെ അജൻഡ നടപ്പാക്കാനെത്തിയ ആൾ ഇപ്പോൾ അവർക്കു തന്നെ പാരയായെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. മുൻപു ജമ്മു കശ്മീർ ഗവർണറായിരുന്നു മാലിക്. കർഷകസമരവുമായി ബന്ധപ്പെട്ട് നേരത്തേയും അദ്ദേഹം കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കിയിരുന്നു. കർഷകർക്കും കർഷകസമരത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തിയ നേതാവായിരുന്നു സത്യപാൽ മാലിക്. കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ബിജെപി ഇനി അധികാരത്തിൽ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കർഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാൽ ഗവർണർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നായിരുന്നു മാലികിന്റെ പിന്നീടുള്ള പ്രസ്താവന. 'കർഷക വിഷയത്തിൽ ഞാനെന്തെങ്കിലും പറഞ്ഞാൽ അത് വിവാദങ്ങൾക്ക് തിരികൊളുത്തും. ഡൽഹിയിൽ നിന്നുള്ള വിളിക്കായി ഞാൻ കാത്തിരിക്കുകയാണ്. ഒരു ഗവർണർ ഒരിക്കലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടരുത്. അതിനേക്കുറിച്ച് ഞാനെന്തെങ്കിലും പറയാനായി എന്റെ അഭ്യുദയകാംക്ഷികൾ കാത്തിരിക്കുകയാണ്. ഡൽഹിയിലുള്ളവർ പറയുന്ന ദിവസം ഞാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞിരിക്കും', ഇതായിരുന്നു സത്യപാലിന്റെ വാക്കുകൾ.
'600 പേരാണ് ഈ കർഷക മുന്നേറ്റത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ഒരു മൃഗം മരിച്ചാൽ പോലും നേതാക്കൾ അനുശോചനവുമായി എത്തും. പക്ഷെ മരിച്ച 600 പേർക്കായി അവർ ഒന്നും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ ബിജെപി നേതാക്കൾക്ക് പ്രവേശിക്കാൻ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു. ഇതിനെ എല്ലാം അന്ന് ബിജെപി അവഗണിച്ചു. ഇന്നും അതു തന്നെ ചെയ്യും. കാലാവധി പൂർത്തിയാക്കുമ്പോൾ ഗവർണ്ണർ സ്ഥാനത്തു നിന്നു അദ്ദേഹം സ്വയം പുറത്താകുമെന്നാണ് ബിജെപി പറയുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ