ദുബായ്: ഞാന്‍ ഭരിച്ചാലും ആരു ഭരിച്ചാലും കേരളം നന്നാകണം. അതിന് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം-ദുബായില്‍ നടന്ന 'കേരള ഡയലോഗില്‍' ശശി തരൂര്‍ പ്രത്യക്ഷത്തില്‍ പങ്കുവച്ചത് ഈ വികാരമാണ്. രാഷ്ട്രീയക്കാരെ ആരും പേരു പറഞ്ഞ് വിമര്‍ശിച്ചില്ല. പക്ഷേ ചില ഒളിയമ്പുകള്‍ പലര്‍ക്ക് നേരേയും നീണ്ടു. അതില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. പക്ഷേ പ്രധാനമന്ത്രി മോദിയെ മുറവിവേല്‍പ്പിച്ചതുമില്ല. തരൂരിന്റെ ഭാവി രാഷ്ട്രീയത്തിന്റെ സൂചകമായി ഈ ഗള്‍ഫ് ഷോ മാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗള്‍ഫ് പര്യടനത്തിലായിരുന്നു. പക്ഷേ ഒരിടത്തും അത് ചലനമുണ്ടാക്കിയില്ല. ഇതിനിടെയാണ് ഗള്‍ഫിലെ മലയാളികളുടെ മനസ്സിനെ തരൂര്‍ കീഴടക്കുന്നത്. കേരളത്തെ നയിക്കാന്‍ ഞാന്‍ തയ്യാറെന്ന സന്ദേശമാണ് ഇതില്‍ നിറയുന്നതും. തരൂരിന്റെ വാക്കുകളെ പ്രതീക്ഷയോടെയാണ് ഗള്‍ഫ് മലയാളികള്‍ കേട്ടതും.

തരൂരിന്റെ സംവാദ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖന്‍ മറുനാടനോട് പങ്കുവച്ചതും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന സന്ദേശം തരൂര്‍ നല്‍കിയെന്ന് തന്നെയാണ്. തരൂര്‍ മുന്നോട്ട് വയ്ക്കുന്ന വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ താങ്കള്‍ മുഖ്യമന്ത്രിയെന്ന അധികാര കസേരയില്‍ വേണ്ടതല്ലേ എന്ന ചോദ്യം തരൂരിനോട് ചോദിച്ചവരുണ്ട്. രാഷ്ട്രീയത്തിന് അതീതമാണ് വികസനം. അത് ഞാന്‍ ഇരുന്നാലും മറ്റൊരാള്‍ ഇരുന്നാലും നടക്കണമെന്നതാണ് തന്റെ നിലപാട്. അതിന് ഒരുമിക്ക് നില്‍ക്കാമെന്ന മറുപടിയാണ് തരൂര്‍ തന്ത്രപരമായി നല്‍കിയത്. അപ്പോഴും കേരള വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന സന്ദേശം തന്നെയാണ് പ്രവാസ സമൂഹത്തിന് തരൂര്‍ നല്‍കുന്നത്. കേരളത്തില്‍ അഴിമതിയുണ്ടെന്ന പരോക്ഷ സൂചനകളും നല്‍കിയത്രേ. അത് പലതും ചെന്നു കൊളളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലും ഇടതു സര്‍ക്കാരിലുമാണ്.

പി.എം ശ്രീ ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ ചോര്‍ന്നൊലിക്കുന്ന സ്‌കൂളുകള്‍ നന്നാക്കണം. അത് വേണ്ടെന്നു വയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ട് ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ ആഭിമുഖ്യം കൊണ്ട് മാത്രമാവരുതെന്നും ശശി തരൂര്‍ പറഞ്ഞു. വികസനത്തിനാവണം വോട്ട്. ചിന്തിച്ചു മാത്രമേ കൃത്യമായി അത് ചെയ്യാവൂ. ബി.ജെ.പിയുടെ വികസന ആഭിമുഖ്യം നല്ലതാണ്. എന്നാല്‍, മറ്റു കാര്യങ്ങളില്‍ ബി.ജെ.പി തിരുത്തല്‍ വരുത്തണം. വര്‍ഗീയത കേരളത്തില്‍ ഒരു കാലത്തും വിജയിക്കില്ല. തനിക്ക് മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍, മുഖ്യമന്ത്രി ആരായാലും എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് തിരിച്ചറിവുണ്ടാവണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതാണ് താന്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. നേരത്തെ പരിപാടി നിശ്ചയിച്ചിരുന്ന സ്വിസ് ഇന്റര്‍ നാഷനല്‍ സയന്റിഫിക് സ്‌കൂള്‍ ഹാളിലെ വേദി അഭൂത പൂര്‍വമായ രജിസ്ട്രേഷന്‍ മൂലം ഔദ് മയ്ഥായിലെ ഇറാനിയന്‍ ക്ലബ് ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.

തമ്പാനൂരില്‍ വെള്ളെക്കെട്ടൊഴിവാക്കാന്‍ 3000 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ നിന്നും സാധിച്ചെടുത്തു. എന്നാല്‍ ആ തുക എവിടെ പോയെന്ന് അറിയില്ലെന്ന് തരൂര്‍ പറഞ്ഞു. അഴിമതിയില്‍ കേരളം വീര്‍പ്പമുട്ടുന്നുവെന്ന് പറയാതെ പറയുകയായിരുന്നു. പി.എം ശ്രീ പദ്ധതിയുടെ കേന്ദ്ര സഹായം നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനവും നടത്തി. ആദര്‍ശ ശുദ്ധി തെളിയിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്നും കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെച്ചത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഇത് നമ്മുടെ പണമാണ്, അത് സ്വീകരിക്കണം' എന്ന് പറഞ്ഞ തരൂര്‍, പി.എം. ശ്രീ പദ്ധതിയുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം ഉന്നയിച്ചത്. സകലരംഗവും രാഷ്ട്രീയവത്കരണിച്ചതാണ് കേരളത്തിന്റെ പ്രശ്നം. നിക്ഷേപകര്‍ ജീവനൊടുക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹര്‍ത്താലുകള്‍ തടാനും നിയമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ് തുടങ്ങാന്‍ കേരളത്തില്‍ ശരാശരി 236 ദിവസം വേണം. സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ സാധ്യതയെ കുറിച്ച ചോദ്യത്തിന് ഇതായിരുന്നു മറുപടി. അമിത രാഷ്ട്രീവത്കരണത്തില്‍ കേരളം രാജ്യത്തെ മോശം മാതൃകയെന്നും തരൂര്‍ പറഞ്ഞു വച്ചു. നിക്ഷേപകരെ സംരക്ഷിക്കാനും ഹര്‍ത്താലുകള്‍ തടയാനും കേരളത്തില്‍ നിയമം വേണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. നിക്ഷേപക സൗഹൃദ അന്തരീക്ഷമൊരുക്കുന്നതില്‍ കേരളത്തിലുണ്ടായ മുന്നേറ്റം സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ശശി തരൂര്‍ ഈ ചോദ്യങ്ങളുയര്‍ത്തുന്നത്.സിംഗപ്പൂരില്‍ 3 ദിവസമാണ് ഒരു ബിസിനസ് തുടങ്ങാന്‍. ഇന്ത്യയില്‍ അത് 114 ദിവസം. കേരളത്തില്‍ 236 ദിവസം വേണം.സര്‍ക്കാര്‍ വ്യവസായങ്ങള്‍ക്ക് ഏകജാലകത്തെ കുറിച്ച് പറയുന്നു. സര്‍ക്കാരിന്റെ മറ്റു മേഖലകളിലൊന്നും അതിന്റെ സൂചനകള്‍ കാണുന്നില്ല.

സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തുകളയാവുന്നതാണെന്നും തരൂര്‍ പറഞ്ഞു.കേരള മോഡല്‍ വികസനം ഇരുപതാം നൂറ്റാണ്ടിലെ മികച്ചതായിരുന്നു. പുതിയ കാലത്തിന് അതുപോര. നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിന് മുന്‍പ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമല്ലേ മെച്ചപ്പെടേണ്ടത് എന്ന ചോദ്യത്തിനാണ് അമിതരാഷ്ട്രീയവല്‍ക്കരണത്തെ കുറിച്ചുള്ള മറുപടി. ഇതൊരു ദേശീയ പ്രശ്‌നമാണ്. കേരളം അതിലെ മോശം ഉദാഹരണമാണ്. സ്വകാര്യ കോളേജുകളിലെ അധ്യാപകര്‍ പോലും രാഷ്ട്രീയമാണ് ആദ്യം മുന്നില്‍ വെയ്ക്കുന്നത്. നിക്ഷേപക സംരക്ഷണ നിയമം വരണം. ഹര്‍ത്താലുകള്‍ നിരോധിക്കണം. പാര്‍ട്ടി താല്‍പര്യങ്ങളല്ല പൊതുതാല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. കേരളത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ക്കായി ദുബായിലെ സ്ഥിരം ചര്‍ച്ചാ വേദിയാണ് കേരള ഡയലോഗ്‌സ്. വ്യവസായികള്‍ ഉള്‍പ്പടെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സദസ്.