ന്യൂഡൽഹി: ഏറെക്കാലമായി ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ മലയാളി നേതാവ് കെ സി വേണുഗോപാലാണ്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. കെ സി വേണുഗോപാലിന്റെ ആത്മാർഥമായ ഇടപെടലുകൾ കോൺഗ്രസിന് പലയിടങ്ങളിലും തുണയായി മാറുകയും ചെയ്തിട്ടുണ്ട്. കർണാടക കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക റോൾ കെ സി വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോൾ ഏറ്റവും കരുത്തനായ നേതാവ് കെ സി വേണുഗോപാലാണ്.

ഇപ്പോൾ പ്രവർത്തക സമിതിയിൽ ശശി തരൂരും ഇടംനേടുമ്പോൾ കോൺഗ്രസിൽ മറ്റൊരു കരുത്തന്റെ പിറവി കൂടിയാണ്. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള പട്ടികയിൽ ആറാമതായാണ് എ കെ ആന്റണിയുടെ പേര്. സജീവ രാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്ത അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്ത് വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം ഇടപെടാൻ സാധ്യത കുറവാണ്. പിന്നീട് പ്രവർത്തക സമിതിയിലെ പട്ടികയിൽ 22ാം സ്ഥാനത്താണ് തരൂരിന്റെ പേരുള്ളത്. ഇതോടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ സ്ഥാനം കൊണ്ട് രണ്ടാമനായി മാറുകയാണ് തരൂർ.

ഒന്നാമനായി കെ സി വേണുഗോപാൽ മാറുമ്പോൾ തന്നെ സജീവ രാഷ്ട്രീയത്തിൽ തരൂർ രണ്ടാമനാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തക സമിതിയിൽ ക്ഷണിതാവ് സ്ഥാനം മാത്രമാണ് ഉള്ളത്. ഇത് ഫലത്തിൽ ചെന്നിത്തലയേക്കാൾ തരൂനിനെ മുന്നിലാക്കുന്നു. കേരളത്തിലെ കോൺഗ്രസിലും ദേശീയ തലത്തിലെ മാറ്റങ്ങൾ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നപ്പോൾ തരൂരിനൊപ്പമായിരുന്നു എ ഗ്രൂപ്പ്. ഐ ഗ്രൂപ്പ് ആകട്ടെ വി ഡി സതീശനും കെ സി വേണുഗോപാലിനും ഒപ്പമായി മാറി.

ഇപ്പോൾ തരൂർ കരുത്തനായി മാറുമ്പോൾ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകൾക്ക് അദ്ദേഹത്തെ എളുപ്പം തഴയാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കും. കുറച്ചുകാലമായി അദ്ദേഹത്തിന് വേദികൾ നിഷേധിച്ചവർക്ക് ഇനി അതിന് സാധിക്കാതെ വരും. കേരളത്തിൽ അധികാരം പിടിക്കാൻ ജനകീയനായ നേതാവിനെ മുന്നിൽ നിർത്തുക എന്ന തന്ത്രം അനിവാര്യമാണ്. അതിന് എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനായ നേതാവ് അത്യാവശ്യമായ സമയമാണ് സമാഗതമാകുന്നത്. ഭാവിയിൽ തരൂരിനെ വേണ്ടിവന്നാൽ ഉപയോഗിക്കാൻ തന്നെയാകും സാധ്യത.

തരൂരിനെ പ്രവർത്തക സമിതിയിൽ എത്തിച്ചതിലൂടെ ഹൈക്കമാൻഡ് പാർട്ടി അണികൾക്ക് നൽകുന്നത് കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തരൂരും യോഗ്യനാണ് എന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇനി മുതൽ കേരളത്തിലെ രാഷ്ട്രീയത്തിലും തരൂരിന്റെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് സാധിക്കാത്ത കാര്യങ്ങൾ ഭാവിയിൽ തരൂരിനെ ഉപയോഗിച്ചു സാധിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചേക്കും.

കോൺഗ്രസിലെ യുവനേതാക്കൾക്ക് താൽപ്പര്യം തരൂരിനെ പോലൊരു നേതാവിനെയാണ്. മാത്യു കുഴൽനാടനും ഹൈബി ഈഡനും എം കെ രാഘവനും അടക്കം വലിയൊരു നിര തന്നെ ഗ്രൂപ്പിന് അതീതമായി തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്. ദേശീയ തലത്തിലും തരൂരിന് പരിഗണന ലഭിച്ചതോടെ കൂടുതൽ നേതാക്കളും തരൂരിനോട് അടുക്കും. കേരളത്തിൽ എല്ലാ സമുദായങ്ങൾക്കും പ്രിയങ്കരനായ വ്യക്തിയാണ് തരൂർ. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ യുഡിഎഫ് എടുത്തുകാണിക്കാൻ ഒരു നേതാവില്ലാത്ത വിധം പ്രതിസന്ധികൾ നേരിടുകയാണ്. പ്രതിപക്ഷത്തെ അനക്കമില്ലായ്മ മുതലെടുത്ത് രാഷ്ട്രീയമായി മുന്നോട്ടു പോകുന്ന പിണറായി വിജയനെയും സിപിഎമ്മിനെയും കാണാൻ സാധിക്കും. ആകെ നിരാശരായ യുഡിഎഫ് പ്രവർത്തകർക്ക് മുന്നിൽ പ്രതീക്ഷയുടെ തിരിവെട്ടം കൊടുക്കുന്ന നേതാവായി മാറിയിരിക്കുന്നത് ശശി തരൂരാണ്.

ഇപ്പോൾ പിണറായിയെ വെട്ടിലാക്കിയ മാത്യു കുഴൽനാടനും തരൂർ പക്ഷത്തുള്ള നേതാവാണ്. പാർട്ടിയിൽ നേതാക്കൾ ചവിട്ടി ഒതുക്കാൻ ശ്രമിക്കുമ്പോഴും സമുദായ നേതാക്കളുടെ പിന്തുണ വലിയ തോതിൽ തരൂരിലേക്ക് കേന്ദ്രീകരിച്ചിരുന്നു. ഇതോടെ അവഗണിക്കാൻ സാധിക്കാത്ത വിധം തരൂർ മാറിയിട്ടുണ്ട്. സുകുമാരൻ നായർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, ക്രൈസതവ സംഘടനകളും തരൂരിനായി വാദിച്ചു. യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തണെങ്കിൽ തരൂരിനെ പോലൊരു നേതാവ് നയിക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മുസ്ലിംലീഗും. വീണ്ടും അധികാരം ലഭിക്കാത്ത രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയാൽ തരൂരിനെ മുന്നിൽ നിർത്താൻ ലീഗും ആവശ്യപ്പെട്ടേക്കാം. ഇവിടെയാണ് തരൂരിന്റെ അവസരവും.