ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കുറച്ചുകാലമായി ഒറ്റയ്ക്ക് പൊരുതുകയാണ് ശശി തരൂർ എന്ന നേതാവ്. ജനങ്ങളുടെ പിന്തുണ നേടിയാൽ സ്ഥാനമാനങ്ങൾ പിന്നാലെ വരുമെന്ന പ്രതീക്ഷ തരൂരിന്റെ കാര്യത്തിൽ ശരിയാകുകയാണ്. കോൺഗ്രസിൽ കാലങ്ങൾക്ക് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നപ്പോൾ ഹൈക്കമാൻഡ് ആശിർവാദത്തോടെ എത്തിയ മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്ഥാനാർത്ഥിയായിരുന്നു തരൂർ.

ആരും തരൂരിന്റെ കൂടെ ഉണ്ടാകില്ലെന്ന് കരുതിയ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് തരൂർ മത്സരിച്ചു 1072 വോട്ടുകൾ നേടിയത്. ആ വോട്ടുകൾ നൽകിയ ബലത്തിലാണ് തരൂർ ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വം നേടിയിരിക്കുന്നത്. കോൺഗ്രസിനെ നിയന്ത്രിക്കുന്ന 39 അംഗ ബോഡിയിൽ തരൂർ എത്തി എന്നത് ചെറിയ കാര്യമല്ല. തരൂരിന് വേണ്ടി ശബ്ദിക്കാൻ വലിയ നേതാക്കൾ ഇല്ലാതിരുന്ന ഘട്ടത്തിലാണ് രണ്ടാം നിരയിലെ നേതാക്കളും യുവാക്കളും ഒപ്പം നിന്നത്. ഇതോടെ തരൂരിന് പിന്നിൽ വലിയ ആൾക്കൂട്ടം തന്നെ ഉണ്ടെന്ന് ബോധ്യമായി.

നേരത്തെ കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി നൽകി തരൂരിനെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, അത്തരം ഓഫർ സ്വീകരിക്കില്ലെന്ന് തരൂർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും നില കൊണ്ടത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച തരൂരിന് ആയിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചുകൊണ്ടായിരുന്നു ഈ നേട്ടം തരൂർ കരസ്ഥമാക്കിയത്. കേരളത്തിൽ നിന്നടക്കം വലിയ തോതിൽ പിന്തുണ തരൂരിന് കിട്ടിയിരുന്നു.

കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കൾ തരൂരിന് എതിരായ നിലപാട് സ്വീകരിച്ചപ്പോഴും ജനപിന്തുണ വലിയ തോതിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അസുഖബാധിതനായപ്പോൾ ഉമ്മൻ ചാണ്ടി പോലും തരൂരിന് അനുകൂല നിലപാട് സ്വീകരിച്ചു. മാത്യു കുഴൽനാടനും ഹൈബി ഈഡനും എം കെ രാഘവനും ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. ഇതോടെ തരൂർ കേരളത്തിൽ താരമായി മാറുകയായിരുന്നു.

പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തരൂരിനെ ഒഴിവാക്കായിൽ അത് ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം ബോധ്യമായതു കൊണ്ടാണ് തരൂരിനെ ഉൾപ്പെടാൻ സോണിയ ഗാന്ധിയും ഖാർഗെയും നിർദ്ദേശിച്ചത്. തരൂരിനെ ഉൾപ്പെടുത്തിയതോടെ ദേശീയ തലത്തിൽ അദ്ദേഹത്തിന് കൂടുതൽ റോളുകൾ ലഭിക്കും.

കേരളത്തിൽ എല്ലാ സമുദായങ്ങൾക്കും പ്രിയങ്കരനായ വ്യക്തിയാണ് തരൂർ. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ യുഡിഎഫ് എടുത്തുകാണിക്കാൻ ഒരു നേതാവില്ലാത്ത വിധം പ്രതിസന്ധികൾ നേരിടുകയാണ്. പ്രതിപക്ഷത്തെ അനക്കമില്ലായ്മ മുതലെടുത്ത് രാഷ്ട്രീയമായി മുന്നോട്ടു പോകുന്ന പിണറായി വിജയനെയും സിപിഎമ്മിനെയും കാണാൻ സാധിക്കും. ആകെ നിരാശരായ യുഡിഎഫ് പ്രവർത്തകർക്ക് മുന്നിൽ പ്രതീക്ഷയുടെ തിരിവെട്ടം കൊടുക്കുന്ന നേതാവായി മാറിയിരിക്കുന്നത് ശശി തരൂരാണ്. ഇപ്പോൾ പിണറായിയെ വെട്ടിലാക്കിയ മാത്യു കുഴൽനാടനും തരൂർ പക്ഷത്തുള്ള നേതാവാണ്.

പാർട്ടിയിൽ നേതാക്കൾ ചവിട്ടി ഒതുക്കാൻ ശ്രമിക്കുമ്പോഴും സമുദായ നേതാക്കളുടെ പിന്തുണ വലിയ തോതിൽ തരൂരിലേക്ക് കേന്ദ്രീകരിച്ചിരുന്നു. ഇതോടെ അവഗണിക്കാൻ സാധിക്കാത്ത വിധം തരൂർ മാറിയിട്ടുണ്ട്. സുകുമാരൻ നായർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, ക്രൈസതവ സംഘടനകളും തരൂരിനായി വാദിച്ചു. യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തണെങ്കിൽ തരൂരിനെ പോലൊരു നേതാവ് നയിക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മുസ്ലിംലീഗും. ഇതുകൂടി മനസിൽ കാണ്ടാണ് പ്രവർത്തക സമിതിയിൽ തരൂരിനായി കസേര ഒരുക്കി നൽകിയത്. ഭാവിയിൽ സമയം വരുമ്പോൾ പ്രയോഗിക്കേണ്ട വജ്രായുധമായി തരൂരിനെ കരുതി വെക്കുകയാണ് കോൺഗ്രസ് നേതൃത്വം.