- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭയ്ക്ക് 'താക്കോൽ സ്ഥാനം' കിട്ടുമോ?
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ബിജെപി മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ഇത്തവണയും സംഭവിച്ചത് അങ്ങനെയാണ്. ആറ്റിങ്ങലിലോ പാലക്കാടോ മത്സരിക്കാനായിരുന്നു ശോഭയ്ക്ക് താൽപ്പര്യം. കോഴിക്കോടിന്റെ സംഘടനാ ചുമതല നൽകിയത് ആ മണ്ഡലത്തിൽ മത്സരിക്കാനായിരിക്കുമെന്ന് പ്രതീക്ഷിച്ച് പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ പാർട്ടി ശോഭയെ നിയോഗിച്ചത് ആലപ്പുഴയിലേക്കാണ്. തോൽക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിക്കുകായണ് ശോഭ. ബിജെപി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ച് ആലപ്പുഴയിൽ ശോഭ നേടിയത് പോൾ ചെയ്തതിന്റെ 28.3 ശതമാനം വോട്ടായിരുന്നു. ഈ മുന്നേറ്റമാണ് സിപിഎം പ്രതീക്ഷകളെ തകർത്തത്.
ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയാണ്. 412338 വോട്ടാണ് സുരേഷ് ഗോപി നേടിയത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി പരിവേഷവുമായി രാജീവ് ചന്ദ്രശേഖർ രണ്ടാമത് എത്തി ബിജെപിക്ക് വേണ്ടി പോരാട്ടം കടുപ്പിച്ചു. 342078 വോട്ടാണ് തിരുവനന്തപുരത്ത് രാജീവ് നേടിയത്. മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും തിരുവനന്തപുരം ലോക്‌സഭയിൽ കിട്ടാത്ത വോട്ട്. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനും മൂന്ന് ലക്ഷം വോട്ട് നേടി. 311779 മുരളീധരനും നേടി. ഇവർക്കൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് വേണ്ടിയും എക്‌സിറ്റ് പോളുകൾ വിജയമന്ത്രിമൊരുക്കി. എന്നാൽ അനിലിന് പ്രതീക്ഷ കാക്കാനായില്ല. ഇവിടെയാണ് ശോഭാ സുരേന്ദ്രന്റെ 299648 വോട്ടിന്റെ പ്രസക്തി. ശോഭയുടെ ഈ വോട്ടു പിടിത്തമാണ് ആലപ്പുഴയിലെ സിപിഎം കനൽത്തിരി കെടുത്തിയത്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ കഴിയുന്ന ജനപ്രീതി തനിക്കുണ്ടെന്ന് വീണ്ടും തെളിയിക്കുയാണ് ശോഭ.
കോൺഗ്രസിന്റെ ദേശീയ നേതാവായ കെസി വേണുഗോപാൽ വന്നതോടെ തന്നെ ആലപ്പുഴയിൽ പ്രചരണ ചൂട് ശക്തമായി. ക്രൈസ്ത-നായർ വോട്ടുകളെല്ലാം കെസിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയിൽ സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്ക് കൂടിയാകുമ്പോൾ ശോഭയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമുണ്ടായി. താൻ മൂന്ന് ലക്ഷം വോട്ടു നേടുമെന്ന് പറഞ്ഞാണ് ശോഭ മത്സരിച്ചത്. സർവ്വേകളിലും ശോഭയ്ക്ക് ആരും വിജയം പ്രതീക്ഷിച്ചില്ല. സർവ്വേയും എക്‌സിറ്റ് പോളുമെല്ലാം ശോഭയ്ക്ക് മുന്നിൽ അപ്രസക്തരായി. ആരും പ്രവചിക്കാത്ത വിധമാണ് ശോഭ 28 ശതമാനത്തിൽ അധികം വോട്ട് ആലപ്പുഴയിൽ നേടിയത്. മൂന്ന് ലക്ഷത്തിന് കുറവുള്ളത് വെറും 4159 വോട്ട്. അങ്ങനെ ആലപ്പുഴയിൽ ശോഭ ബിജെപിക്കായി പുതു ചരിത്രം രചിച്ചു. ഇനി ശോഭയ്ക്ക് സംഘടനയിലെ താക്കോൽ സ്ഥാനം കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. അടുത്ത ബിജെപിയുടെ സംസ്ഥാന അധ്യക്ഷയാകാൻ യോഗ്യ താനാണെന്ന് പറഞ്ഞു വയ്ക്കുകയാണ് ശോഭ ആലപ്പുഴയിലെ മത്സരത്തിലൂടെ.
2019ൽ ബിജെപിക്ക് വെറും 16 ശതമാനം മാത്രമുണ്ടായിരുന്ന ആലപ്പുഴയിലാണ് ശോഭാ സുരേന്ദ്രൻ 28 ശതമാനം അധികം വോട്ടുകൾ നേടിയത്. ശോഭാ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും ജനങ്ങൾ സ്വീകരിച്ചുവെന്നതിന് തെളിവാണ് ഈ പത്തു ശതമാനം വോട്ടുയർച്ച. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ആലപ്പുഴയിൽ എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്താൻ 2,99,648 വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രനായി. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി നേടിയത് 17.24 ശതമാനം വോട്ടാണെങ്കിൽ ഇത്തവണ 11.13 ശതമാനം വോട്ട് അധികമാണ് ശോഭ സുരേന്ദ്രൻ നേടിയിരിക്കുന്നത്.
ആലപ്പുഴയിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം വർധിച്ചു. 40,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള എ എം ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്. ഒരുലക്ഷത്തിൽ അധികം വോട്ടുയർത്തിയ രണ്ട് ബിജെപി സ്ഥാനാർത്ഥികളിൽ ഒരാളാണ് ശോഭാ സുരേന്ദ്രൻ. തൃശൂരിൽ ജയിച്ച സുരേഷ് ഗോപി മാത്രമാണ് വോട്ടുയർത്തലിൽ ശോഭയ്ക്ക് മുന്നിലുള്ളത്. ആറ്റിങ്ങലിൽ 2019ൽ ശോഭാ സുരേന്ദ്രൻ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ വി മുരളീധരന് നേടാനായി. ശോഭാ സുരേന്ദ്രൻ 2,48,081 വോട്ടുകളാണ് നേടിയതെങ്കിൽ മുരളീധരന് ഇത് 3,11,459 ആയി ഉയർത്താനായി.
ശക്തമായ ത്രികോണ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അടൂർ പ്രകാശിന് ലഭിച്ച വോട്ടുകളെക്കാൾ 16,394 വോട്ടുകൾക്ക് മാത്രം പിന്നിലാണ് വി മുരളീധരൻ ഫിനിഷ് ചെയ്തത്. അപ്പോഴും വോട്ട് വർദ്ധന ഒരു ലക്ഷത്തിന് മുകളിലാക്കാൻ മുരളീധരന് കഴിഞ്ഞതുമില്ല. തിരുവനന്തപുരത്ത് അവസാന നിമിഷം വരെ മുന്നിൽ നിന്ന ശേഷമാണ് രാജീവ് ചന്ദ്രശേഖർ ശശി തരൂരിന് മുന്നിൽ കീഴടങ്ങിയത്. 16,077 വോട്ടുകൾക്കായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം. ശശി തരൂരിന് 3,58,155 വോട്ടുകളും രാജീവിന് 3,42,078 വോട്ടുകളുമാണ് ലഭിച്ചത്. 2019ൽ കുമ്മനം രാജശേഖരൻ 3,16,142 വോട്ടുകളാണ് നേടിയത്. അവിടേയും ശോഭയ്ക്കുണ്ടായതിന്റെ അത്ര വോട്ട് വിഹിത വർദ്ധന തിരുവനന്തപുരത്തും ഉണ്ടായില്ല.
ആലത്തൂരിൽ ടി എൻ സരസുവിന്റേത് മികച്ച പ്രകടനമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചപ്പോൾ 89,837 വോട്ടുകൾ മാത്രം ലഭിച്ച സ്ഥാനത്ത് ഇത്തവണ സരസു നേടിയത് 1,88,230 വോട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച് ആത്മവിശ്വാസം നൽകിയ എൻഡിഎ സ്ഥാനാർത്ഥിയെന്ന പേരിൽ ടി എൻ സരസു ഇലക്ഷൻ സമയത്ത് വാർത്തകളിലിടം നേടിയിരുന്നു. രാഷ്ട്രീയത്തിൽ പുതുമുഖമായിട്ടു കൂടി സരസു നേടിയ 1,88,230 വോട്ടുകൾ തള്ളികളയാനാവുന്നതല്ല. അവിടേയും നേട്ടം ലക്ഷം വോട്ട് കഴിഞ്ഞില്ല. വിക്ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പാളായിരുന്ന ടി എൻ സരസുവിന്റെ റിട്ടയർമെന്റ് ദിവസം എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം ഒരുക്കി യാത്രയാക്കിയതും വാർത്തകളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കാസർഗോഡ് ബിജെപി സ്ഥാനാർത്ഥി എം എൽ അശ്വിനി ഇത്തവണ പിടിച്ചത് 2,17,669 വോട്ടുകളാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി രവിഷ തന്ത്രി കുണ്ടാർ ലഭിച്ചതിനെക്കാൾ നാൽപതിനായിരത്തോളം അധികം വോട്ടുകളാണ് അശ്വനി പിടിച്ചത്. കോഴിക്കോട് എം ടി രമേശും വോട്ട് വർധിപ്പിച്ചു. 180666 വോട്ടുകളാണ് രമേശ് നേടിയത്. എന്നാൽ പത്തനംതിട്ടയിൽ ബിജെപിക്ക് അറുപതിനായിരത്തോളം വോട്ടുകൾ കുറഞ്ഞു. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ 2,97,396 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ അനിൽ ആന്റണിക്ക് നേടാനായത് 2,34,306 വോട്ടുകളാണ്.