കണ്ണൂർ:സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായി കണ്ണൂരിൽ മത്സരിക്കുമെന്ന മുന്നറിയിപ്പുനിലനിൽക്കവേ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി. എഫിനെ ശക്തിപ്പെടുത്താൻ സി.പി. എം നീക്കം തുടങ്ങി. കഴിഞ്ഞ തവണ തങ്ങളിൽ നിന്നും കൈവിട്ട കണ്ണൂർ ലോക്സഭാ മണ്ഡലം ഇക്കുറി എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെ സി.പി. എം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇടിത്തീപോലെ തൃശൂരല്ലെങ്കിൽ കണ്ണൂരിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന വേദിയിൽ സുരേഷ് ഗോപി രംഗത്തുവന്നത്.

സി.പി. എമ്മിന്റെ തട്ടകമായ കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന മുന്നറിയിപ്പ് സി.പി. എം നേതാക്കൾ ചിരിച്ചുകൊണ്ടു തള്ളിക്കളയുന്നുണ്ടെങ്കിലും ഇനി അഥവാ മത്സരിച്ചാൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ടുചോരാനുള്ള സാധ്യത മുൻകൂട്ടികാണുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ചാൽ കണ്ണൂരിൽ നിന്നും അധികം വോട്ടുപിടിക്കുമെന്ന വിലയിരുത്തൽ സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ മാധ്യമപ്രവർത്തകരോട് പരസ്യമായി പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രഖ്യാപനം കണ്ണൂരിലെ ബിജെപി പ്രവർത്തകരെയും ആവേശഭരിതരാക്കിയിട്ടുണ്ട്. കൈമെയ്മറന്ന് സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്ന നിശ്ചയ ദാർഡ്യത്തിലാണിവർ.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയ കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളുമുള്ള കണ്ണൂരിൽ വോട്ടുചോർച്ചയുണ്ടായാൽ അതു സി.പി. എമ്മിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ കോട്ട തകർന്നാൽ കേരളത്തിലെ പാർട്ടി തന്നെ ദുർബലമായി മാറുന്ന സാഹചര്യവും സൃഷ്ടിച്ചേക്കും. ഇതു മുൻകൂട്ടികണ്ടുകൊണ്ടാണ് എൽ.ഡി. എഫിനെ ശക്തിപ്പെടുത്താൻ സി.പി. എം തീരുമാനിച്ചത്. മുതിർന്ന സി. ഐ. ടി.യു സംസ്ഥാന നേതാവായ കെ.പി സഹദേവനെ എൽ.ഡി. എഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റി സി.പി. എംസംസ്ഥാന കമ്മിറ്റിയംഗം, കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി, സി.പി. എം ജില്ലാസെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എൻ. ചന്ദ്രനെയാണ് പുതിയ എൽ.ഡി. എഫ് കൺവീനറായി ചുമതലപ്പെടുത്തിയത്. ഇതുവഴി എൽ.ഡി. എഫ് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം.

കണ്ണൂർ ജില്ലയിലെ പെരളശേരി മാവിലായി സ്വദേശിയായ എൻ. ചന്ദ്രൻ ജില്ലയിലെ മുൻനിര നേതാക്കളിലൊരാളാണ്. കണ്ണൂരിൽ ഇത്തവണ കെ.സുധാകരൻ വീണ്ടും ജനവിധി തേടില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി. എം. കോൺഗ്രസിനായി മേയർ ടി.ഒ മോഹനൻ, അബ്ദുൾ റഷീദ്, തുടങ്ങിയ നേതാക്കളിലാരെങ്കിലും കളത്തിലിറങ്ങിയേക്കും. എന്നാൽ കെ.കെ ശൈലജയെ മണ്ഡലത്തിലിറക്കി ഇത്തവണ വിജയം കൊയ്യാനാണ് സി.പി. എം ആലോചിക്കുന്നത്. അണികളുടെ ആവേശമായ പി.ജയരാജനും വി.കെ സനോജും എൻ.സുകന്യയും സാധ്യതാ പട്ടികയിലുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവെന്ന പരിഗണനവെച്ചു പി.കെ ശ്രീമതിയും ഒരിക്കൽ കൂടി മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. റിജിൽ മാക്കുറ്റിക്കായി കെ.സുധാകരൻ താൽപര്യമെടുത്താൽ കോൺഗ്രസിലെ സ്ഥാനാർത്ഥി പട്ടികയുടെ ചിത്രം മാറും.

എ. ഐ.സി.സി കടുംപിടിത്തം നടത്തിയാൽ കണ്ണൂരുകാരിയായ എ. ഐ.സി.സി വാക്താവ് ഷമാ മുഹമ്മദിനായി സീറ്റു നൽകേണ്ടിയും വരും. എന്തുതന്നെയായാലും ഇക്കുറി കണ്ണൂർ കോട്ട നിലനിർത്തണമെങ്കിൽ കോൺഗ്രസിന് ഇക്കുറി ഏറെ വിയർപ്പൊഴുക്കേണ്ടി വരും. രണ്ടരവർഷം തികഞ്ഞാൽ കണ്ണൂർ കോർപറേഷൻ മേയർ പദവി കൈമാറണമെന്ന മുസ്ലിം ലീഗ് ആവശ്യം ശക്തമായിരിക്കവേ എംപി സ്ഥാനത്തേക്ക് മേയർ ടി.ഒ മോഹനനെ മത്സരിപ്പിക്കണമെന്ന വാദവും കോൺഗ്രസിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ആരു മത്‌സരിച്ചാലും ഇക്കുറി കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുമെന്ന തീരുമാനത്തിലാണ് സി.പി. എം. സുരേഷ് ഗോപി കണ്ണൂരിൽ മത്സരിച്ചാൽ തന്റെ മുഖം ഒരിക്കലും ഓർക്കാൻ കൂടി പറ്റാത്ത വിധത്തിൽ തോൽക്കുമെന്നാണ് സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചത്.

തലശേരിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയതു പോലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള്ള രഹസ്യധാരണയ്ക്കുള്ള നീക്കമാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തലശേരിയിൽ എ. എൻ ഷംസീറിനെ തോൽപിക്കാൻ എല്ലാവരും ഒരുമിക്കണമെന്നു പറഞ്ഞയാളാണ് സുരേഷ് ഗോപിയെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടി പുറമേക്ക് നിസാരമായി കാണുന്നുവെങ്കിലും കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നത് ഏറെ അപകടം ചെയ്യുമെന്ന വിലയിരുത്തൽ സി.പി. എമ്മിനുള്ളിലുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രായാധിക്യമുള്ള കെ. പി സഹദേവനെ കൺവീനർ സ്ഥാനത്തു നിന്നും മാറ്റി ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ എൻ. ചന്ദ്രനെ തെരഞ്ഞെടുത്തത്.