- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമ്മൻ ചാണ്ടിയുടെ വിയോഗം നൽകിയത് ജനസമ്മതിയുള്ള നേതാവിന്റെ കുറവ്; എല്ലാവരേയും ഒരു ചരടിൽ കോർത്തു കെട്ടാൻ വിശ്വപൗരനാകുമെന്ന തിരിച്ചറിവിൽ പ്രവർത്തക സമിതി നിയോഗം; നിർണ്ണായകമായത് ലീഗിന്റെ ഉറച്ച് നിലപാട്; എൻ എസ് എസ് അനുനയവും ഹൈക്കമാണ്ടിന്റെ മനസിൽ; ക്രൈസ്തവ സഭയുടെ പിന്തുണയും കരുത്തായി; യുവാക്കളെ അടുപ്പിക്കാനും നേതാവ്; കേരളത്തിൽ തരൂർ മുഖ്യമന്ത്രിയാകുമോ?
തിരുവനന്തപുരം: ഇനി ശശി തരൂരിന് കേരളാ രാഷ്ട്രീയത്തിലും നിറയാം. പ്രവർത്തക സമിതി അംഗമായി കോൺഗ്രസ് ശശി തരൂരിനെ ഉയർത്തുമ്പോൾ കേരളത്തിലെ പാർട്ടിയിലെ നമ്പർ ടുവായി മാറുകയാണ് തരൂർ. ഏകെ ആന്റണിയാണ് ഒന്നാമൻ. പ്രവർത്തക സമിതിയുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ രണ്ടാമനാണ് തരൂർ. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മൂന്നാമനും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ തരൂരിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പോലും ഉയർത്തിക്കാട്ടും. കേരളത്തിലെ നേതാക്കൾക്ക് തരൂരിനോട് താൽപ്പര്യക്കുറവുണ്ട്. ഹൈക്കമാണ്ടും പൂർണ്ണ തൃപ്തരല്ല. പക്ഷേ മുസ്ലിം ലീഗും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും കേരളത്തിൽ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് ഉയർത്തി കാട്ടുന്നത് തരൂരിന്റെ പേരാണ്. മുസ്ലിം ലീഗിന്റെ അനുകൂല നിലപാടാണ് തരൂരിനെ സംഘടനാ തലത്തിൽ ഉയർത്തി കൂടെ നിർത്താൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ജനസമ്മതിയുള്ള നേതാവിന്റെ അഭാവം കോൺഗ്രസിനുണ്ട്. ഈ യാഥാർത്ഥ്യം ലീഗ് അടക്കം മനസ്സിലാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളിലും സ്വാധീനമുള്ള നേതാവാണ് തരൂർ. യുവാക്കളും തരൂരിന് പിന്നിൽ അണിനിരത്തുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പദത്തിലേക്ക് തരൂരിനെ ഉയർത്തിക്കാട്ടിയാൽ അത് നേട്ടമാകുമെന്ന് തന്നെയാണ് ലീഗിന്റെ പക്ഷം. ഇത് പലപ്പോഴും പറയാതെ പറയുകയും ചെയ്തിട്ടുണ്ട് ലീഗ്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുമായി അടുത്ത ബന്ധമുള്ള തരൂരിന് പാണക്കാട് കുടുംബത്തിന്റെ പിന്തുണയുണ്ട്. എൻ എസ് എസും തരൂരിനെ പിന്തുണയ്ക്കും. ക്രൈസ്തവ സഭകൾക്കും പ്രിയങ്കരനാണ് തരൂർ. അങ്ങനെ കേരളത്തിലെ എല്ലാ വിഭാഗങ്ങളേയും അടുപ്പിക്കാൻ കഴിയുന്ന നേതാവ്.
കേരളത്തിന്റെ വികസന മുന്നേറ്റ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടു വരാൻ തരൂരിന് കഴിയുമെന്ന് കരുതുന്നവർ ഏറെയാണ്. അഴിമതിയുമായി അകലം പാലിക്കുമെന്ന വിശ്വാസവും തരൂരിന്റെ മാറ്റ് കൂട്ടുന്നു. തരൂരിന്റെ പ്രസംഗ വേദിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും മറ്റ് കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ സ്വപ്‌നം കാണാനാകാത്തതാണ്. ജനകീയ അടിത്തറയുള്ള നേതാവാണ് തരൂരെന്ന് പൊതുവേ കേരളം അംഗീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത്. അതൃപ്തിയുമായി തരൂർ മാറി നിന്നാൽ അത് കേരളത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകും. മുസ്ലിം ലീഗ് അടക്കം മുന്നണി പോലും വിട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ തിരിച്ചറിവും തരൂരിനെ ഉൾക്കൊള്ളാൻ കോൺഗ്രസിൽ സമ്മർദ്ദമായി.
കേരളത്തിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അതിശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്. എന്നാൽ പ്രതിപക്ഷത്ത് ശക്തനായ നേതാവില്ലെന്ന തോന്നൽ സിപിഎമ്മിന് ഒരിക്കൽ കൂടി ഭരണ തുടർച്ച നൽകിയേക്കുമെന്ന ചർച്ചകളും സജീവമാണ്. ഇടതു സാസ്‌കാരിക പ്രവർത്തകർ പോലും മാറി ചിന്തിക്കുന്നതിന് തെളിവാണ് കവി സച്ചിദാനന്ദന്റെ വെളിപ്പെടുത്തൽ. ഇത്തരം ശബ്ദങ്ങളെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റി തരൂരിന് കെൽപ്പുണ്ട്. അങ്ങനെ പിണറായിക്ക് ബദൽ തരൂർ എന്ന തരത്തിലേക്ക് പ്രതിപക്ഷത്തെ ചർച്ചകൾ മാറിയേക്കാം. പ്രവർത്തക സമിതി അംഗമായതോടെ കോൺഗ്രസിലെ കേരളത്തിലെ എല്ലാ നയരൂപീകരണ സമിതിയിലും തരൂരിന് പങ്കെടുക്കാം. യുഡിഎഫിലും എത്താം. അങ്ങനെ പ്രതിപക്ഷത്തെ പ്രധാനിയായി മാറാം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കോൺഗ്രസ് ഹൈക്കമാണ്ട് തരൂരിനെ ചേർത്തു നിർത്തുന്നത്. വിശ്വപൗരന് എന്ന നിലയിൽ കേരളത്തിൽ സമാനതകളില്ലാത്ത പിന്തുണ തരൂർ നേടി കഴിഞ്ഞുവെന്നതാണ് വസ്തുത.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തരൂർ മത്സരിച്ച് ജയിച്ച് ലോക്‌സഭയിൽ എത്തിയാലും അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഘടകകക്ഷികളുടെ സമമർദ്ദം തരൂരിന് അനുകൂലമാകും. അങ്ങനെ വന്നാൽ നിയമസഭയിലേക്ക് മത്സരിക്കാനും നേതാവ് എത്തും. അതു തന്നെ കേരളാ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുമെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ഇതിനെല്ലാം തടസ്സമായി നിന്നത് കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള തരൂരിന്റെ അകലമാണ്. ഈ അകലമാണ് ഇനി കുറയാൻ പോകുന്നത്. ഹൈക്കമാണ്ടിലെ അംഗമായി പ്രവർത്തക സമിതിയിലെ സ്ഥാനത്തോടെ തരൂർ മാറിയാൽ അത് കേരളത്തിലെ രാഷ്ട്രീയത്തിലും കോൺഗ്രസിലും സമവാക്യങ്ങൾ മാറ്റി മറിക്കും.
കേരളത്തിൽ കോൺഗ്രസിന് ഇനി തരൂരിനെ മാറ്റി നിർത്താനാകില്ല. അധ്യക്ഷ സ്ഥാനത്തേക്ക് തനിക്കെതിരെ മത്സരിച്ച ശശി തരൂരിനേയും നേതൃത്വത്തെ നിരന്തരം വിമർശിച്ചിരുന്ന 'തിരുത്തൽവാദികൾ' എന്നറിയപ്പെട്ടിരുന്ന ജി 23 നേതാക്കളേയും ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടിയുടെ ഉന്നതസമിതിയായ പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോൾ നൽകുന്ന സന്ദേശം പലതാണ്. അതിൽ പ്രധാനമാണ് കേരളത്തിലെ നേതാക്കൾക്ക് തരൂരിനെ ഉൾപ്പെടുത്തിയുള്ള സന്ദേശം. സ്ഥാനമേറ്റെടുത്ത് പത്ത് മാസത്തിന് ശേഷമാണ് ഖാർഗെ കോൺഗ്രസിന്റെ നയതന്ത്രരൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവർത്തകസമിതിയെ ഉടച്ചുവാർത്തിരിക്കുന്നത്. തരൂരിന് രാജ്യത്തുടനീളമുള്ള ജനസമ്മിതി ഖാർഗെ തിരിച്ചറിയുന്നു. ബിജെപിയെ നേരിടാൻ തരൂരിനെ പോലൊരു കരുത്തനെ വേണമെന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഒടുവിൽ സമ്മതിക്കുകയും ചെയ്യുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഖാർഗെ നടത്തിയ 'പൊളിച്ചുപണി' സമർത്ഥവും സൂക്ഷ്മവുമായ ബാലൻസിങ് ഗെയിമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ നേതാക്കളെ നിലനിർത്തിയും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും അതോടൊപ്പം പാർട്ടിയിയിലെ വിഭാഗീയത ഒതുക്കുന്നതിനുമുള്ള നീക്കങ്ങളാണ് ഖാർഗെ ഇതിലൂടെ നടത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പ്രവർത്തക സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ ഖാർഗെയെ അധികാരപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് കത്തെഴുതുകയും പാർട്ടി നേതൃത്വത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത 23 വിമത നേതാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട മുകുൾ വാസ്‌നിക്, ആനന്ദ് ശർമ, ശശി തരൂർ എന്നിവർ പുതിയ സിഡബ്ല്യുസിയിലെ സ്ഥിരാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.
പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കപ്പെട്ടിരുന്ന രമേശ് ചെന്നിത്തലയെ തള്ളിയാണ് തരൂരിനെ ഖാർഗെ ഉൾപ്പെടുത്തിയിരിക്കുന്നത്. തരൂരിന് ലഭിച്ച പുതിയ പദവി കേരളത്തിലും പ്രതിഫലിക്കും. ഇതിനോടകം തന്നെ തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ രൂപപ്പെട്ട ഗ്രൂപ്പിന് ശക്തി പകരുന്നത് കൂടിയാണ് പുതിയ പദവി. തന്നെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ പ്രവർത്തക സമിതി ചർച്ചയാകും. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന് നേതാവില്ലാ അവസ്ഥയുണ്ട്. ഈ ഗ്രൂപ്പിലെ പല നേതാക്കളും തരൂരുമായി അടുപ്പമുണ്ട്. ഉമ്മൻ ചാണ്ടിയും കേരളത്തിന്റെ ഭാവി തരൂരാണെന്ന സന്ദേശം മുമ്പ് തന്നെ നൽകിയിരുന്നു. ഇതെല്ലാം എ ഗ്രൂപ്പിലെ പിന്തുണ തരൂരിലേക്ക് വന്നു ചേരാനുള്ള സാധ്യതയാണ്. ഉമ്മൻ ചാണ്ടിക്ക് പകരമാണ് പ്രവർത്തക സമിതിയിൽ തരൂർ എത്തുന്നതെന്ന വിലയിരുത്തലുമുണ്ട്.
2020 സെപ്റ്റബർ 11-നാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ അവസാനമായി കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ ആദ്യ പ്രവർത്തക സമിതി കൂടിയാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നിരവധി ചർച്ചകൾക്കൊടുവിലാണ് പുതിയ സമിതി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. 39 അംഗ സ്ഥിരം അംഗങ്ങൾ ഉൾപ്പെടുന്ന 84 അംഗ പുതിയ സമിതിയിൽ 50 വയസ്സിന് താഴെയുള്ളവരും ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവരും 15 സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് വേളയിലുള്ള ഖാർഗെയുടെ സുരക്ഷിത ഗെയിമിൽ യുവാക്കൾക്ക് ഇടംകുറവാണെന്നതും ശ്രദ്ധേയമാണ്. വെറ്ററൻസ് നിറഞ്ഞതാണ് പുതിയ സമിതി. സച്ചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയ്, കമലേശ്വർ പട്ടേൽ എന്നിവർ മാത്രമാണ് 39 സ്ഥിരം പ്രവർത്തക സമിതിയിൽ 50 വയസ്സിന് താഴെ പ്രായമുള്ളവർ.




