കോട്ടയം: ശശി തൂരിനെ വരവേറ്റ് കേരളത്തിലെ കോൺഗ്രസ്. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോൾ കിട്ടിയതിന് സമാനമായിരുന്നു തരൂരിന് പുതുപ്പള്ളിയിലും പ്രവത്തകർ നൽകിയത്. അതിനിടെ തന്നെ വിമതനായി കണ്ടവർക്കുള്ള മറുപടിയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വമെന്ന് ശശി തരൂരും പ്രതികരിച്ചു. വിയോജിപ്പ് പറഞ്ഞാൽ വിമതനാകില്ല. അതെല്ലാം ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയും. അതിന് തെളിവാണ് തന്റെ പ്രവർത്തക സമിതി അംഗത്വമെന്നും തരൂർ കൂട്ടിച്ചേർത്തു.

'ഇന്ത്യ' മുന്നണിയിൽ മുഖത്തേക്കാൾ പ്രധാന്യം വിഷയങ്ങൾക്കാണ്. കോൺഗ്രസ് പാർട്ടി വേദികളിൽ അഭിപ്രായം പറയാൻ അവസരം വേണം. തന്നെ ഒരിക്കൽ തള്ളി പറഞ്ഞവർ പുതുപ്പള്ളിയിലും കോട്ടയത്തും സ്വീകരിച്ചു. ഇത് പുതിയ തുടക്കമാണ്. പഴയതെല്ലാം മറക്കാമെന്നും തരൂർ വിശദീകരിച്ചു. അതിനിടെ ഇന്ത്യയെ വീണ്ടെടുക്കേണ്ട നിർണായക സന്ദർഭത്തിലാണു ശശി തരൂരിനു പാർട്ടിയിൽ പുതിയ അവസരം ലഭിച്ചിരിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി പ്രതികരിച്ചു. പ്രവർത്തകസമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ശശി തരൂർ എ.കെ.ആന്റണിയെ വീട്ടിൽ സന്ദർശിച്ചു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ കൊണ്ടുവരാനുള്ള നീക്കം ഇന്ത്യയെ തകർച്ചയിലേക്കു നയിക്കുമെന്നും ഭരണാധികാരികൾ ഇത്തരം മണ്ടത്തരം കാണിക്കരുതെന്നും തരൂരിനൊപ്പം മാധ്യമങ്ങളെ കണ്ട ആന്റണി പറഞ്ഞു. പുതുപ്പള്ളിയിൽ ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിനുള്ള ശിക്ഷ എൽഡിഎഫിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംസ്ഥാന കോൺഗ്രസിൽ എല്ലാ നേതാക്കളേയും കൂടെ നിർത്താനാണ് തരൂരിന്റെ ശ്രമം. തിരുവനന്തപുരത്ത് എത്തിയ തരൂരിന് സമാനതകളില്ലാത്ത പിന്തുണയാണ് ലഭിച്ചത്.

എഐസിസി പ്രസിഡന്റ് സ്ഥാനത്ത് തരൂർ മത്സരിച്ചപ്പോൾ മുന്നിൽ നിന്ന് എതിർത്തത് ആന്റണിയായിരുന്നു. മല്ലികാർജുന ഖാർഗെയെ പ്രസിഡന്റായി നിർദ്ദേശിച്ചതും വിജയിപ്പിച്ചതിനു പിന്നിലും ആന്റണി നിർണ്ണായക റോളിലുണ്ടായിരുന്നു. ആ ആന്റണിയും ഇപ്പോൾ തരൂരിനെ അംഗീകരിക്കുകയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ തരൂരിനുള്ള ജനപിന്തുണ ആന്റണിയും തിരിച്ചറിയുന്നു. ഇതോടെയാണ് തരൂരിന് പരസ്യ പിന്തുണ ആന്റണിയും നൽകുന്നത്.

പുതുപ്പള്ളി നിയോജക മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു ശശി തരൂർ എംപിയുടെ റോഡ് ഷോ. കോൺഗ്രസ് പ്രവർത്തക സമിതിയംഗമായ ശേഷം കേരളത്തിൽ എത്തി പങ്കെടുത്ത ആദ്യ തിരഞ്ഞെടുപ്പ് പരിപാടി തരൂർ ആവേശത്തിമർപ്പിലാക്കി. മണർകാട് മുതൽ പാമ്പാടി വരെയായിരുന്നു റോഡ് ഷോ. ഇതിനു മുൻപ് പുതുപ്പള്ളി പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു. മണർകാട് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറോളം വാഹനങ്ങൾ അകമ്പടിയായി. തുറന്ന വാഹനത്തിലേക്കു കയറാൻ എത്തിയ ശശി തരൂരിനെ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.

റോഡ് ഷോ പാമ്പാടിയിലേക്ക് അടുത്തപ്പോൾ സ്ഥാനാർത്ഥി ചാണ്ടി ഉമ്മനുമെത്തി. തുടർന്ന് ഇരുവരും ചേർന്നു റോഡ് ഷോ തുടർന്നു. ചാണ്ടി ഉമ്മന്റെ കൈപിടിച്ച് പാമ്പാടിയിലെ പൊതുസമ്മേളന വേദിയിലേക്ക് എത്തിയ ശശി തരൂരിനെ ആവേശത്തോടെയാണു പ്രവർത്തകർ സ്വീകരിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ പരിചയം ഓർമിച്ചെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ശശി തരൂർ എംപിയും പരിചയവും പുതിയ തലത്തിലെത്തിച്ചു. സെന്റ് സ്റ്റീഫൻസിൽ ചെയർമാൻ ആയിരിക്കെ ജൂബിലി ആഘോഷത്തിനു മുഖ്യാതിഥിയായി കോളജിലെ പൂർവ വിദ്യാർത്ഥിയും അന്നത്തെ യുഎൻ അണ്ടർ സെക്രട്ടറി ജനറലുമായിരുന്ന ശശി തരൂരിനെ ക്ഷണിച്ച കാര്യം ചാണ്ടി ഉമ്മൻ ഓർമിച്ചു. പരിപാടിക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി ഓടിയെത്തിയ കൊച്ചുപയ്യനെ താനും ഓർമിക്കുന്നെന്നു തരൂരും പറഞ്ഞു.

താൻ സെന്റ് സ്റ്റീഫൻസ് കോളജ് ചെയർമാൻ ആയതിനു ശേഷം 33 വർഷം കഴിഞ്ഞ് ചാണ്ടി ഉമ്മൻ അതേ സ്ഥാനത്ത് എത്തിയതിൽ ഏറെ അഭിമാനമുണ്ടെന്നും തരൂർ പറഞ്ഞു. പുതുപ്പള്ളിക്കു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള ചെറുപ്പക്കാരനാണു ചാണ്ടി ഉമ്മനെന്ന് തരൂർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി 17 വർഷക്കാലത്തോളമുള്ള ആത്മബന്ധമുണ്ടെന്ന് ഓർമിച്ച ശശി തരൂർ അദ്ദേഹത്തെ ഒസി ചേട്ടൻ എന്നാണു വിളിച്ചിരുന്നതെന്നും പറഞ്ഞു. ജനങ്ങൾ ചുറ്റും നിന്നിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ഒരിക്കലും ആരുടെയും മനസ്സുകളിൽ നിന്നു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.