- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്റ്റോ?
തിരുവനന്തപുരം: മന്ത്രി സ്ഥാനം എകെ ശശീന്ദ്രനില്‍ ഉറപ്പിച്ച് നിര്‍ത്തിയത് ആന്റണി രാജു എംഎല്‍. എന്‍സിപിയിലെ വിഭാഗീയതയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ചത് ഈ വിഷയമാണെന്നും വ്യക്തമായി. അതിനിടെ ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി ഓഫര്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി ഇടത് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തു വന്നു. ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ആന്റണി രാജുവിന്റെ ആരോപണം സംശയ നിഴലിലായി. എം.എല്‍.എമാര്‍ തമ്മില്‍ ഈ ഇക്കാര്യം സംസാരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി കൊട്ടാരക്കര ഗസ്റ്റ്ഹൗസില്‍ വച്ച് തന്നോട് ചോദിച്ചിരുന്നു. ഇത്തരത്തില്‍ ഒരു സംസാരം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നല്‍കി.
ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി-ലെനിനിസ്റ്റ്) എന്നിവര്‍ക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തതത്രെ. ഇക്കാര്യം സ്ഥിരീകരിച്ച് ആന്റണി രാജു രംഗത്തു വന്നു. അതിനിടെ കുട്ടനാട് സീറ്റിനോടുള്ള കേരളാ കോണ്‍ഗ്രസ് താല്‍പ്പര്യമാണ് ആന്റണി രാജുവിനെന്ന് തോമസ് കെ തോമസ് തിരിച്ചടിച്ചു. തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ലെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. ഏതായാലും വിവാദത്തില്‍ കേസെടുക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ വെളിപ്പെടുത്തലിലെ വിവാദം ഇടതുമുന്നണിയേയും പിടിച്ചുലയ്ക്കും. അതിനിശത ഭാഷയിലാണ് കോവൂര്‍ കുഞ്ഞുമോന്‍ ആരോപണം നിഷേധിച്ചത്.
രണ്ടാഴ്ച മുമ്പ് കൊല്ലത്തെ കെ.എന്‍ ബാലഗോപാലിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രി ആരാഞ്ഞത്. മുഖ്യമന്ത്രിയുെട ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് കൊട്ടാരക്കര ഗസ്റ്റ്ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. നിയമസഭ സമ്മേളനം നടക്കുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. നിയമസഭയില്‍ എം.എല്‍.എമാരോടൊപ്പം ചായ കുടിക്കാന്‍ പോകാറുണ്ട്. എന്നാല്‍, സഭയില്‍ ഏതെല്ലാം എം.എല്‍.എമാര്‍ ആരോടെല്ലാം സംസാരിക്കുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ല. തനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാന രഹിതമാണെന്നും 30 വര്‍ഷം നീണ്ട തന്റെ പ്രതിച്ഛായക്കെതിരെയാണ് ആരോപണം ഉയര്‍ന്നതെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രിയ്ക്ക് ഈ സംഭവം അറിയാമെന്നും വ്യക്തമായി. ഇതേതുടര്‍ന്നാണ് തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സൂചനയുണ്ട്.
കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. ഇതിനിടെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചര്‍ച്ചകളാണ് നടക്കുന്നത്. നവീന്‍ ബാബു ആത്മഹത്യയും പിവി അന്‍വറിന്റെ കടന്നാക്രമണവും ഇടതിനെ പ്രതിക്കൂട്ടിലാക്കി. ഇതില്‍ നിന്നെല്ലാം ചര്‍ച്ച മറ്റൊരു തലത്തിലേക്ക് കൂറുമാറാന്‍ കോടികള്‍ എന്ന വിവാദം എത്തിക്കുമോ എന്നാണ് അറിയേണ്ടത്. ഇതില്‍ മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുമോ എന്നും വ്യക്തമല്ല. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എങ്ങനെ എത്തിയെന്നതാണ് അറിയേണ്ടത്. ആന്റണി രാജു നേരിട്ട് പറഞ്ഞതാണോ അതോ മറ്റേതെങ്കിലും വഴിയില്‍ മുഖ്യമന്ത്രി അറിഞ്ഞതാണോ ഇതെന്നാണ് ഉയരുന്ന ചോദ്യം. ഏതായാലും ഇതിന് മറുപടി നല്‍കേണ്ട മുഖ്യമന്ത്രി എപ്പോള്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും അറിയില്ല. തോമസ് കെ തോമസിനെ ക്രിമിനല്‍ അന്വേഷണം ഉണ്ടാകുമോ എന്നതും നിര്‍ണ്ണായകമാണ്. പിപി ദിവ്യയുടെ അറസ്റ്റിനെ വഴി തിരിച്ചു വിടാനുള്ള ഗൂഡാലോചനയും ഈ വാര്‍ത്തകളില്‍ കാണുന്നവരുണ്ട്. വാര്‍ത്ത അജണ്ട വഴി തിരിക്കാനുള്ള ശ്രമമെന്ന സംശയവും സജീവമായി ചര്‍ച്ചകളിലുണ്ട്.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭ സമ്മേളനകാലത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചു കൊണ്ടുപോയാണ് ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയതത്രെ. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ച സമയമായിരുന്നു അത്. ശരദ് പവാറും അജിത് പവാറും പിളര്‍ന്നപ്പോള്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കുതിരക്കച്ചവട ശ്രമം എന്നാണ് ആരോപണം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍.സി.പിയുടെ ആവശ്യം തള്ളാന്‍ ഇടയാക്കിയത്. വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു സ്ഥിരീകരിച്ചു.
250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍.ഡി.എഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും അറിയിച്ചു. 'മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തല്‍ക്കാലം കൂടുതല്‍ പറയാനില്ല' -അദ്ദേഹം പറഞ്ഞു. അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ. തോമസും പ്രതികരിച്ചു. '50 കോടി വീതം വാഗ്ദാനം ചെയ്യാന്‍ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റില്‍ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്' -തോമസ് പറഞ്ഞു. ആന്റണി രാജുവെല്ലാം അമ്പത് കോടിയുടെ മുതലാണോ എന്ന സംശയവും തോമസ് കെ തോമസ് ഉയര്‍ത്തുന്നു.
ഇക്കാര്യത്തില്‍ ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും അതിന് താനുമായി ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ വാഗ്ദാനം കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും ആരോപങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തോമസ് കെ തോമസ് പറഞ്ഞു അതേസമയം, കോഴ വാഗ്ദാനം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി ആലപ്പുഴ ജില്ലാ ഘടകം 29ന് നേതൃയോഗം വിളിച്ചിട്ടുണ്ട്.