അഗർത്തല: ത്രിപുരയിൽ പ്രധാന രണ്ടു മുന്നണികളും ശക്തമായി നിൽക്കുമ്പോഴും തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം തിപ്ര മോത്തയെന്ന ട്രൈബൽ പാർട്ടിയുടേതായിരുന്നു. നിയമസഭയിലെ 60 സീറ്റുകളിൽ 20 എണ്ണം എസ്.ടി. സംവരണ സീറ്റുകളാണ്. മാണിക്യ രാജകുടുംബാംഗമായ പ്രദ്യോത് ദേബ് ബർമന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് ഈ മണ്ഡലങ്ങളിൽ വലിയ സ്വാധീനമുണ്ട്. ത്രിപുരയിലെ കോൺഗ്രസ് അധ്യക്ഷനായിരുന്നു പ്രദ്യോത്. അങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിൽ അതിശക്തമായ സാന്നിധ്യമായി മാറാൻ ബർമനെത്തിയത്. അത് ഫലം കാണുകയാണ്. ഇനി തിപ്രലാൻഡ് ആവശ്യം ഇി കൂടുതൽ ചർച്ചയാകും. വമ്പൻ ഭൂരിപക്ഷത്തിലേക്ക് പോകുന്നതിൽ നിന്നും ബിജെപിയെ തടഞ്ഞത് ഈ പാർട്ടിയാമ്.

2019-ൽ രൂപവത്കരിച്ച പാർട്ടി കഴിഞ്ഞവർഷം നടന്ന ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഈ മേഖലയിലാണ് സംവരണസീറ്റുകളുള്ളത്. 'ഗ്രേറ്റർ തിപ്രലാൻഡ്' എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കായി പ്രത്യേക സംസ്ഥാനമോ കൂടുതൽ സ്വയംഭരണാവകാശമോ വേണമെന്നതാണ് പാർട്ടിയുടെ ആവശ്യം. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി.യും സിപിഎമ്മും പ്രദ്യോതുമായി സഖ്യചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, തിപ്രലാൻഡ് ആവശ്യം അംഗീകരിക്കാതെ ആരുമായും സഖ്യമില്ലെന്നായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം. അങ്ങനെ അവർ ഒറ്റയ്ക്ക് മത്സരിച്ചു. അത്യാവശ്യം സീറ്റുകളും നേടി. സിപിഎമ്മും കോൺഗ്രസും വഴങ്ങിയുന്നുവെങ്കിൽ ത്രിപുരയിൽ ഇത്തവണ ഭരണ തുടർച്ച ഉണ്ടാകുമായിരുന്നില്ല.

'നമുക്ക് മാറാം' എന്ന മുദ്രാവാക്യമുയർത്തിയാണ് കഴിഞ്ഞവട്ടം ബിജെപി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏഴ് എംഎൽഎ.മാർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപി.യിലെത്തി. അത് വിജയം കണ്ടു. കോൺഗ്രസിൽനിന്നെത്തിയവർ ഉൾപ്പെടെ അഞ്ച് എംഎൽഎ.മാർ അഞ്ചുവർഷത്തിനിടെ പാർട്ടി വിട്ടു. ബിപ്ലബ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സുദീപ് റോയ് ബർമനും ഇതിൽപ്പെടും. ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരേയാണ് തങ്ങൾ മത്സരിക്കുന്നതെന്നാണ് സിപിഎമ്മും കോൺഗ്രസും പറഞ്ഞത്. കഴിഞ്ഞതവണ ബിജെപി. പ്രചാരണത്തിനുപയോഗിച്ച 'മാറ്റ'ത്തിനായുള്ള വോട്ടാണ് ഇടത്-കോൺഗ്രസ് മുന്നണി മുന്നോട്ടു വച്ചു. എന്നാൽ അത് ഏശിയില്ല. ബിജെപിയുടെ സംഘടനാ കരുത്ത് അവർക്ക് കഷ്ടിച്ച് ഭരണത്തിനുള്ള ഭൂരിപക്ഷം നൽകി.

ബിജെപിക്കും ത്രിപുരയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി(ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര)ക്കുമെതിരെ ശക്തമായ വിമർശനങ്ങളുമായി തിപ്ര മോത അധ്യക്ഷൻ പ്രചരണത്തിൽ നിറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടെ താടിയെ സ്വീകരിക്കുകയും മുസ്ലിമിന്റെ താടിയെ ദ്വേഷിക്കുകയും ചെയ്യുന്നവരാണ് ബിജെപിയെന്ന് പ്രദ്യോത് ബിക്രം പറഞ്ഞു. ഗ്രേറ്റർ തിപ്രലാൻഡ് എന്ന തിപ്ര മോതയുടെ ആവശ്യം ത്രിപുരയുടെ വിഭജനത്തിലേക്ക് നയിക്കുമെന്ന വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. അങ്ങനെ ബിജെപി വിരുദ്ധത അദ്ദേഹം പ്രചരണത്തിൽ നിറച്ചിരുന്നു. എന്നാൽ തൂക്കു മന്ത്രിസഭയിലേക്ക് കാര്യങ്ങൾ പോകുമെന്ന സൂചനകൾ വന്നപ്പോൾ നിലപാട് മാറ്റി. ആരേയും പിന്തുണയ്ക്കുമെന്ന് പറഞ്ഞു. അവസാന റൗണ്ടിൽ ബിജെപി പൊരുതി ജയിച്ചു. ഇതോടെ ഈ ഗോത്രവർഗ്ഗ പാർട്ടിയുടെ പിന്തുണയില്ലാതെ തന്നെ ഭരണം നിലനിർത്താമെന്ന സ്ഥിതി വന്നു ബിജെപിക്ക്.

ഗ്രേറ്റർ തിപ്രലാൻഡ് എന്ന മുദ്രാവാക്യവുമായി മൂന്ന് വർഷം മുമ്പാണ് ത്രിപ മോത രൂപീകൃതമാകുന്നത്. 2021ൽ ത്രിപുരയെയും ദേശീയ രാഷ്ട്രീയത്തെയും വരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ടി.ടി.എ.എ.ഡി.സി(ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ)യിൽ ത്രിപ മോത വിജയം നേടിയത്. സ്വാധീനമുള്ള ഗോത്രമേഖലകൾക്ക് പുറത്തുള്ള മണ്ഡലങ്ങളിലും നിയസഭാ തെരഞ്ഞെടുപ്പിൽ ത്രിപ മോത മത്സരിച്ചു. ഈ മാജിക്കാണ് നിയമസഭയിലും രണ്ടംഗ സഖ്യങ്ങളുള്ള പാർട്ടിയായി തിപ്ര മോത്ത മാറുന്നത്.

പ്രചണ സമയത്ത് ത്രികോണ മത്സരം സൃഷ്ടിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ ബി ടീമായാണ് തിപ്ര മോതയുടെ പ്രവർത്തനമെന്നും വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നായിരുന്നു പ്രദ്യോതിന്റെ പ്രതികരണം. പക്ഷേ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുവെന്നതാണ് വസ്തുത. ബിജെപിക്ക് ബദലായി ഈ പാർട്ടി സിപിഎമ്മിനും കോൺഗ്രസിനും ഒപ്പം നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

ഗ്രേറ്റർ തിപ്രലാൻഡ് എന്ന ആവശ്യത്തിന് ഗോത്രവർഗക്കാർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. മാത്രമല്ല, അത് വൈകാരികവുമാണ്. ഐ പി എഫ് ടി മേധാവി എൻ സി ദേബ് ബർമയാണ് 2009ൽ ഈ മുദ്രാവാക്യം ആദ്യമായി പ്രയോഗിച്ചത്. ഈ ആയുധ പ്രയോഗമാണ് 2018ൽ അധികാരത്തിന്റെ ഭാഗമാകുന്നതിലേക്ക് വഴിവെച്ചതും. പിന്നീട് ഇത് തിപ്ര മോത്ത ഏറ്റെടുക്കുകയായിരുന്നു.

കോൺഗ്രസ്സും സി പി എമ്മും തിപ്ര മോത്തയെ സമീപിച്ചിരുന്നെങ്കിലും ഗ്രേറ്റർ തിപ്രലാൻഡ് എന്ന പ്രധാന ആവശ്യത്തിൽ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് ശാഠ്യം പിടിച്ചു. പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തോട് കോൺഗ്രസ്സിനും സി പി എമ്മിനും കൈകൊടുക്കാൻ കഴിയുകയുമായിരുന്നില്ല. ഇത് അംഗീകരിച്ചിരുന്നുവെങ്കിൽ ബിജെപി വിരുദ്ധ കക്ഷി ത്രിപുരയിൽ അധികാരം ഉറപ്പിക്കുമായിരുന്നു.