- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി കണ്ണുവയ്ക്കുന്നത് കേരള നിയമസഭയിലേക്ക്
തിരുവനന്തപുരം: ഒന്നുപ്രതീക്ഷിച്ചിടത്ത് രണ്ടുകിട്ടി. തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയാകുമ്പോൾ, ബിജെപിയുടെ ന്യൂനപക്ഷ മുഖമായ കുര്യനുള്ള അംഗീകാരം മാത്രമല്ല, അത് ന്യൂനപക്ഷങ്ങളോട് കൂടുതൽ അടുക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന സന്ദേശം കൂടിയാണ്. ദേശീയ തലത്തിൽ ക്രിസ്ത്യൻവിഭാഗങ്ങളെ പാർട്ടിയിലേക്ക് എത്തിക്കാൻ പ്രയത്‌നിക്കുന്ന നേതാവാണ് ജോർജ് കുര്യൻ.
താമര വിരിഞ്ഞ തൃശൂരും ഭാവിയും
ത്രികോണ മത്സരം നടന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 74,686 വോട്ടുകളുടെ തകർപ്പൻ ജയം വലിയൊരു സൂചനയാണ്. അരാഷ്ട്രീയ വോട്ടുകളാണ് തന്നെ ജയിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും, ഭരണവിരുദ്ധ വികാരവും, എൻഡിഎയുടെ തീവ്രയത്‌നവും കുറച്ചുകണ്ടുകൂടാ. ജനുവരിയിൽ മഹിള മോർച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത് മുതൽ കൊട്ടിക്കലാശം വരെ സുരേഷ് ഗോപിയും ബിജെപിയും വിശ്രമിച്ചിട്ടില്ല.
കഴിഞ്ഞ തവണ 28.2 ശതമാനം വോട്ട് നേടിയ സുരേഷ് ഗോപി ഇക്കുറി അത് 37.8 ശതമാനത്തിലേക്ക് ഉയർത്തി. മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തി. ലൂർദ് മാത പള്ളിയിലേക്ക് സ്വർണ കിരീടം നേർന്നും സഭാമേലധികാരികളുടെ ആശിർവാദം നേടിയും പള്ളിപ്പെരുന്നാളുകളിൽ പങ്കെടുത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ഉദ്ദേശിച്ചുള്ള നീക്കം ഫലിച്ചുവെന്ന് വേണം കരുതാൻ.
ക്രൈസ്തവരെ ഒപ്പം നിർത്താൻ തീവ്രശ്രമം
ഗോവയിലെയും മേഘാലയയിലെയും മോഡലിൽ ബിജെപി ക്രൈസ്തവരെ ഒപ്പം നിർത്താൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമെന്ന തിരിച്ചറിവിലാണ് ബിജെപി നേതൃത്വം പരിശ്രമം തുടരുന്നത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോൾ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായി സുരേഷ് ഗോപിയും, രാഹുൽ ചന്ദ്രശേഖറുമൊക്കെ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത് തുടർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ഡിസംബറിൽ ബിജെപി സ്‌നേഹയാത്ര നടത്തി. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ നിന്നായിരുന്നു ഭവന സന്ദർശനത്തിന്റെ തുടക്കം. ഭവന സന്ദർശനത്തിൽ രാഷ്ട്രീയമില്ല, ക്രിസ്തുമസ് ആശംസകൾ നേരുക മാത്രമാണ് ഉദ്ദേശമെന്ന് പറഞ്ഞപ്പോഴും കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു ബിജെപിയുടെ സ്‌നേഹയാത്ര. മണിപ്പൂർ വിഷയത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിന് കോൺഗ്രസിനെക്കാൾ വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തിൽ നിന്നും വ്യത്യസ്തമായി വിപുലമായ രീതിയിലായിരുന്നു സ്‌നേഹയാത്ര. പഞ്ചായത്ത് തലത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പടെ ഭവനസന്ദർശനത്തിന് ഇറങ്ങി.
കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള തന്ത്രം ഫലിച്ചില്ല
ക്രൈസ്തവ വോട്ടിൽ കണ്ണ് നട്ട് ഒന്നാം മോദി സർക്കാർ നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കമായിരുന്നു മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രസഹമന്ത്രിയാക്കിയത്. കണ്ണന്താനത്തിന്റെ മന്ത്രി സഭാ പ്രവേശനത്തിലൂടെ കേരളത്തിലെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്തുക എന്ന തന്ത്രമാണ് പയറ്റിയത്. എന്നാൽ, 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആ നീക്കം വേണ്ടത്ര ഫലം കണ്ടില്ല.
2023 ഏപ്രിലിൽ, ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയും ബിജെപി നീക്കം നടത്തി. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിനു പിന്നാലെയാണ്, അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ജോർജ് കുര്യന്റെ വരവ്
സുരേഷ് ഗോപിയുടെ തൃശൂരിലെ ജയത്തിൽ ക്രൈസ്തവ വോട്ടുകളും നിർണായകമായെന്ന തിരിച്ചറിവിലാണ് കേരളത്തിൽ ചുവടുപ്പിക്കാൻ ജോർജ് കുര്യനെ കൂടി കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത്. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ബിജെപി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. ഒ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങൾ
തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സർക്കാർ ഡബിൾ എഞ്ചിനോടെ പ്രവർത്തിക്കണമെന്നാണ് സിപിഎം വിലയിരുത്തിയത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടുചോർന്നു. 11 സിറ്റിങ് മണ്ഡലങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയി. ജനവിശ്വാസം വീണ്ടെടുക്കാൻ സിപിഎം ആലോചിക്കുമ്പോൾ, കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ തങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതാണ് ബിജൈപിയെ സന്തോഷിപ്പിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ പതിനാറായിരത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂർക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങൽ(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂർ(14117), ഒല്ലൂർ(10363), മണലൂർ(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളിൽ മുന്നിലെത്തി. 2019 ൽ അത് 123 മണ്ഡലങ്ങളായിരുന്നു.
8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്. 2016ൽ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തും 2021ൽ നേമം ഉൾപ്പെടെ ഒമ്പത് മണ്ഡലങ്ങളിൽ രണ്ടാമതെത്തിയതുമായിരുന്നു ബിജെപിയുടെ മുൻകാല വലിയ മുന്നേറ്റം. 2016ൽ നേമത്ത് ഒ രാജഗോപാൽ ജയിച്ചു. മഞ്ചേശ്വരം (കെ. സുരേന്ദ്രൻ 56781 ), കാസർകോഡ്(രവീശ തന്ത്രി കുണ്ടാർ 56120 ), വട്ടിയൂർക്കാവ് (കുമ്മനം രാജശേഖരൻ 43700 ), കഴക്കൂട്ടം (വി. മുരളീധരൻ 42732 ), ചാത്തന്നൂർ (ബി.ബി. ഗോപകുമാർ 33199 ), പാലക്കാട് (ശോഭ സുരേന്ദ്രൻ 40076 ), മലമ്പുഴ (സി. കൃഷ്ണകുമാർ 46,157 ) എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
വോട്ടിങ് രീതിയിലെ മാറ്റവും വെല്ലുവിളിയും
സിഎസ്ഡിഎസ്-ലോകനീതി പോസ്റ്റ് പോൾ സർവേ പ്രകാരം വോട്ടിങ് രീതിയിൽ വന്ന ചെറിയ വ്യത്യാസം കാരണമാണ് ബിജെപിയുടെ വോട്ട് വിഹിതം കൂടിയതെന്ന വിലയിരുത്തി. നായർ വിഭാഗത്തിൽ പെട്ട ഭൂരിപക്ഷം പേരും (45%) ബിജെപി/ എൻഡിഎക്ക് വോട്ട് ചെയ്തു. പരമ്പരാഗതമായി ഇടതുമുന്നണിയെ തുണയ്ക്കാറുള്ള ഈഴവ സമുദായത്തിൽ വലിയൊരു വിഭാഗവും ബിജെപിക്ക് വോട്ട് കുത്തി (32%). എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ അത് സാരമായി ബാധിച്ചു. ഇതാദ്യമായി ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ (5%) ബിജെപിക്ക് പോയി. വോട്ടിങ് പാറ്റേണിലെ ഈ മാറ്റം ഉണ്ടായിട്ടും, യുഡിഎഫ് തങ്ങളുടെ പരമ്പരാഗത മുസ്ലിം, ക്രിസ്ത്യൻ, മറ്റുസമുദായ വോട്ടുവിഹിതം നിലനിർത്തി. അതാണ് 18 സീറ്റിലെ വിജയത്തിലേക്ക് നയിച്ചത്.
2019ൽ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി. എൽഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തിൽ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്തുകയും ചെയ്തു. ചുരുക്കത്തിൽ കേരളത്തിൽ, ബിജെപിക്ക് കാറ്റ് അനുകൂലമായി വീശുകയാണ്. നേമത്ത് മാത്രമല്ല, കേരളത്തിലാകെ നിയമസഭാ മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അത് മുന്നിൽ കണ്ടാണ് സുരേഷ് ഗോപിയുടെയും, ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനങ്ങൾ. എൽഡിഎഫും, യുഡിഎഫും ആ വെല്ലുവിളി തിരിച്ചറിഞ്ഞ് നടത്തുന്ന നീക്കങ്ങൾ ആശ്രയിച്ചിരിക്കും ഇരുമുന്നണികളുടെയും രാഷ്ട്രീയ ഭാവി.