തിരുവനന്തപുരം: മൂന്ന് മുന്നണികള്‍ക്കും ജീവന്‍ മരണ പോരാട്ടമായി മാറിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കേരള രാഷ്ട്രീയം മാറി മറിയുന്നു. എല്‍ഡിഎഫിന്റെ മൂന്നാം ഭരണമെന്ന സ്വപ്നം തകര്‍ന്ന് തരിപ്പണമായി. യുഡിഎഫ് അധികാരത്തിലേക്കുള്ള തങ്ങളുടെ വഴി ആധികാരികമായി ഉറപ്പാക്കി. ഇവര്‍ക്ക് വന്‍ മുന്നേറ്റം സമ്മാനിച്ചപ്പോള്‍, തൃശ്ശൂര്‍ ലോക്സഭാ സീറ്റ് നേട്ടത്തിന് പിന്നാലെ കരുത്ത് തെളിയിച്ച് ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനടക്കം പിടിച്ചടക്കി ഒരു പടികൂടി കടന്നു. തൃശൂരില്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് കിട്ടിയതുമില്ല.

മാസങ്ങള്‍ മാത്രം അകലെ നില്‍ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 'ചൂണ്ടുപലക'യായി തദ്ദേശഫലം മാറുമോ എന്ന ചോദ്യമാണ് ഇനി നിര്‍ണായകം. സാധാരണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മേല്‍ക്കൈ നേടുന്ന പതിവ് ഈ പോരാട്ടത്തില്‍ തെറ്റി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പുകളിലെയും ഉജ്വല വിജയങ്ങള്‍ക്ക് ശേഷം തദ്ദേശവിജയംകൂടി നേടിയതോടെ സംസ്ഥാന ഭരണത്തിലേക്ക് ഒരുപടികൂടി അടുക്കുന്നുവെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ഉറച്ച വിലയിരുത്തല്‍.

ഇടതുമുന്നണിക്ക് മൂന്നാമതും സംസ്ഥാന ഭരണം പിടിക്കാനുള്ള ചവിട്ടുപടിയാകേണ്ടിയിരുന്ന ഈ വിജയം പാളിയതോടെ വന്‍ വിള്ളലാണ് വീണത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം ദേശീയരാഷ്ട്രീയത്തിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ കാരണമാണെന്ന മുന്‍ വ്യാഖ്യാനം ഇതോടെ പൊളിഞ്ഞു. ലോക്സഭയില്‍ ഉണ്ടാകുന്ന പരാജയം തദ്ദേശത്തിലും നിയമസഭയിലും മറികടക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ 'ഗെയിം പ്ലാന്‍', എന്നാല്‍ ഭരണവിരുദ്ധവികാരവും ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിവാദവും ഇടതുസ്വപ്നങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തി. കൊല്ലം പോലുള്ള ഉറച്ച ഇടതു കോട്ടകളില്‍ പോലും വിള്ളല്‍ വീണത് ഇതിന്റെ വ്യക്തമായ സൂചനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫലം വന്നശേഷം പുറത്തേക്ക് പോലും വന്നില്ല. ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പ്രതികരണം ഒതുക്കി.

മൂന്നാമതും പ്രതിപക്ഷത്തിരുന്നാല്‍ തകരുന്ന കപ്പലാകും തങ്ങളെന്ന തിരിച്ചറിവായിരുന്നു യുഡിഎഫിന്റെ വിജയം. ദുര്‍ബലമാകും എന്ന ബോധ്യത്തില്‍ പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ച് നേതൃത്വം പൊതുധാരണയില്‍ ഒന്നിച്ചു. നേരത്തെ തുടങ്ങിയ മുന്നൊരുക്കങ്ങളും, ശബരിമല പോലുള്ള വിശ്വാസകാര്യങ്ങള്‍ ആഴത്തില്‍ ജനങ്ങളെ സ്പര്‍ശിക്കുമെന്ന് കണ്ടുള്ള പ്രചാരണവും യുഡിഎഫിന് പ്രാണവായു നല്‍കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിലെ യുഡിഎഫ് തരംഗം തുടരും എന്ന് തെളിയിക്കും വിധമായിരുന്നു യുഡിഎഫ് പ്രചാരണത്തിനുള്ള തിരക്കഥയൊരുക്കിയത്.

ആശാസമരം, ശബരിമല സ്വര്‍ണക്കൊള്ള, മാസപ്പടി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഒരുവശത്ത് ശക്തമായ ആയുധങ്ങളാക്കി. തൃശ്ശൂരിലെ ബിജെപി വിജയമടക്കം സിപിഎം-ബിജെപി ഒത്തുകളിയെന്ന വ്യാഖ്യാനം യുഡിഎഫ് ശക്തമാക്കി. മുസ്ലിം ന്യൂനപക്ഷ പ്രീണനം വിട്ട് സിപിഎം ഭൂരിപക്ഷ മൃദുസമീപനത്തിലേക്ക് മാറിയപ്പോള്‍, സാമുദായിക നേതൃത്വത്തോട് ബഹുമാനം കളയാതെ ദൂരം പാലിച്ച യുഡിഎഫ് തന്ത്രം പൊതു അംഗീകാരം നേടിയെടുത്തു.

ബിജെപി വോട്ടുവിഹിതം ഉയര്‍ത്തി യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കുന്ന ശക്തിയായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടുപ്രാവശ്യമായി രണ്ടാംസ്ഥാനത്ത് നിന്ന ബിജെപി ഇത്തവണ ഭരണവിരുദ്ധ വികാരമുണ്ടാക്കിയ വോട്ടുകൂടി കൈക്കലാക്കിയത് ഇക്കാരണത്താലാണ്. 26 ഗ്രാമപ്പഞ്ചായത്തും രണ്ട് നഗരസഭയിലും ഒരു കോര്‍പ്പറേഷനിലുമെത്തിയ ബിജെപിയും ആത്മവിശ്വാസത്തിലാണ്.