തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്ന അസാധാരണമായ മൃദുസമീപനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് കരുതിയിരുന്നെങ്കിലും, 27 സീറ്റുകള്‍ എന്ന പഴയ കണക്കില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് ലീഗ് തീരുമാനം.

യുഡിഎഫിന്റെ അടിത്തറ തകര്‍ത്ത 'അഞ്ചാം മന്ത്രി' വിവാദം പോലെ മറ്റൊരു സാമുദായിക ധ്രുവീകരണത്തിന് വഴിമരുന്നിടേണ്ട എന്ന കൃത്യമായ രാഷ്ട്രീയ ബോധ്യമാണ് ഇതിന് പിന്നില്‍. അധികാരം തിരിച്ചു പിടിക്കാന്‍ ഇത് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് ലീഗ് കരുതല്‍ എടുക്കുന്നത്. മുമ്പ് അഞ്ചാം മന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഭൂരിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാന്‍ കാരണമായെന്നും ഇത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച നല്‍കിയെന്നുമാണ് ലീഗിന്റെ വിലയിരുത്തല്‍.

ഇക്കുറിയും ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചാല്‍ അത് 'മുസ്ലിം പ്രീണനം' ആയി ചിത്രീകരിച്ച് ഹൈന്ദവ-ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുണ്ട്. ഈ ചതിക്കുഴിയില്‍ വീഴാതിരിക്കാനാണ് കോണ്‍ഗ്രസിന് സമ്മര്‍ദ്ദമുണ്ടാക്കാതെ ലീഗ് വഴങ്ങുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ ഏകദേശ ധാരണയായെങ്കിലും സീറ്റ് വെച്ചുമാറലില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിജയസാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂര്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പകരം ഏത് സീറ്റ് ലഭിക്കുമെന്നത് പ്രധാനമാണ്. തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കിയാല്‍ അവിടെ വി.എസ്. ജോയിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പകരം ലീഗിന് മറ്റൊരു സുരക്ഷിത മണ്ഡലം നല്‍കേണ്ടി വരും. കളമശ്ശേരി ലീഗില്‍ നിന്ന് ഏറ്റെടുത്ത് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിലും ലീഗിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. കേരള കോണ്‍ഗ്രസുമായി ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി കഴിയുന്നതോടെ യുഡിഎഫ് സീറ്റ് വിഭജനത്തിലെ അന്തിമ ചിത്രം വ്യക്തമാകും. ഒരു ഘടകക്ഷിയ്ക്കും കൂടുതല്‍ സീറ്റ് അനുവദിക്കില്ല.