- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്‍; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്‍
തിരുവനന്തപുരം: സമുദായ സംഘടനകളുടെ പിന്തുണയ്ക്കായി കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലെ മത്സരം പുതിയ തലത്തില്‍. എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും ചേര്‍ത്ത് നിര്‍ത്തി ക്രൈസ്തവ-മുസ്ലീം സംഘടനകളുടെ പിന്തുണ കൂടി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. രമേശ് ചെന്നിത്തലയ്ക്ക് എന്‍ എസ് എസും എസ് എന്‍ ഡി പിയും പിന്തുണ നല്‍കിയതോടെ കരുതലോടെ പ്രതികരിച്ച് വിഡി സതീശന്‍ രംഗത്തു വന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കൂടുതല്‍ ഉയരാന്‍ സമുദായ പിന്തുണയുടെ അനിവാര്യത സതീശനും തിരിച്ചറിയുന്നു. കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേതാവ് കെ സി വേണുഗോപാലും സമാന ഇടപെടലുകള്‍ നടത്തിയേക്കും. കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയില്ലെന്നും എല്ലാവരേയും താന്‍ ഒരുമിച്ച് കൊണ്ടു പോകുമെന്ന സന്ദേശം നല്‍കാനാണ് സതീശന്‍ ശ്രമിക്കുന്നത്. സമുദായ സംഘടനകളുമായി എന്നും അകലം പാലിച്ച സതീശന്‍ പതിയെ നയം മാറ്റുകായണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചതിന് പിന്നാലെയാണിത്. സതീശന്റെ ശൈലി അനുസരിച്ച് ഇത്തരം പ്രസ്താവനകളെ കടന്നാക്രമിക്കുകയായിരുന്നു രീതി. എന്നാല്‍ അത് മാറ്റുകയാണ് ഇപ്പോള്‍. വെള്ളാപ്പളിയുടെ വിമര്‍ശനത്തെ സ്വയം വിലയിരുത്തലിന് ഉപയോഗിക്കുമെന്ന് സതീശന്‍ പറയുകയാണ്. ഇത് ശൈലി മാറ്റമായും വിലയിരുത്തുന്നുണ്ട്.
രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് സതീശന്‍ പറയുന്നത് കൃത്യമായ രാഷ്ട്രീയം ഒളിപ്പിച്ചാണ്. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേത്. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് ശശി തരൂരിനെയും കെ മുരളീധരനെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ ഇന്നലെയും പങ്കെടുത്തുവെന്ന് കൂടി സതീശന്‍ പറയുന്നു.
സമൂഹത്തിലെ ആരുമായും ഏത് കോണ്‍ഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും തനിക്ക് സന്തോഷമാണ്. കോണ്‍ഗ്രസ് ഒരു സമുദായത്തെയും മാറ്റിനിര്‍ത്തില്ല. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളില്‍ മതസംഘടനകള്‍ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ലെന്നും വിഡി സതീശന്‍ വിശദീകരിച്ചു. ഈ പ്രസ്തവനയോടെ സമുദായ സംഘടനകള്‍ക്ക് തന്നോടുള്ള എതിര്‍പ്പ് മാറുമെന്നാണ് സതീശന്റെ പ്രതീക്ഷ. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സതീശന്‍ കരുതലോടെ അടുപ്പിക്കാന്‍ ശ്രമിക്കുന്നു. ചെന്നിത്തലയാണ് മികച്ച നേതാവെന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്നും സതീശന്‍ പറയുന്നു. തെറ്റു തിരുത്തുമെന്നും വെള്ളാപ്പള്ളിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുമെന്നും സതീശന്‍ പറഞ്ഞു വയ്ക്കുകയാണ്. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ സമുദായ സംഘടനകള്‍ക്ക് പ്രധാന റോളുണ്ടാകുമെന്ന് സതീശനും അറിയാം. അതുകൊണ്ട് കൂടിയാണ് നിലപാട് മാറ്റങ്ങള്‍.
കഴിഞ്ഞമാസം വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി, സംസ്ഥാനത്തുട നീളം ഇത്തരത്തില്‍ ആളുകളുടെ അഭിപ്രായം മാറുകയാണെന്നും സതീശന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചെന്നിത്തല കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ്. ചെന്നിത്തലയെ ക്ഷണിക്കുകയും ചെയ്തു. ഇതിനെ പിന്തുണച്ചുകൊണ്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത്. 'സമുദായ സംഘടനകളോട് രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും അടുപ്പം പുലര്‍ത്തണം. സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം. അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം,' വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നും അത്തരത്തിലാണ് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ല. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങി പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്. ചെന്നിത്തല അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു, അത് മികച്ച തീരുമാനമാണ്,' വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.-എന്‍.എസ്.എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണ്. എന്‍.എസ്.എസിനോട് അടുത്ത് നില്‍ക്കേണ്ടയാളാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അതേസയമം, വി.ഡി. സതീശനെതിരായ പ്രസ്താവനകളും വെള്ളാപ്പള്ളി നടത്തിയിരുന്നു. 'പ്രതിപക്ഷ നേതാവിനുവേണ്ട മെയ്വഴക്കം വി.ഡി. സതീശനില്ല. അദ്ദേഹത്തിന്റെ നാക്ക് മോശമാണ്. പക്വതയില്ലാതെ, വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണ് പ്രതിപക്ഷ നേതാവ്', എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
എസ്.എന്‍.ഡി.പി., എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിമാരുമായി ഇപ്പോള്‍ വി.ഡി. സതീശന്‍ അത്ര നല്ല ബന്ധത്തിലല്ല. മാത്രമല്ല, എതിര്‍പക്ഷത്ത് നിന്നുകൊണ്ട് ഇരുസംഘടകള്‍ക്കും എതിരെ പരസ്യമായ പ്രസ്താവനകള്‍ നടത്തിയ ചരിത്രവുമുണ്ടായിരുന്നു. ഈ ചരിത്രം തിരുത്താന്‍ സതീശന്‍ തയ്യാറാകുന്നുവെന്നിടത്താണ് കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുമെന്ന വിലയിരുത്തല്‍ ഉയരുന്നത്. ഐ ഗ്രൂപ്പിലെ നേതാക്കളില്‍ ഭൂരിഭാഗവും ചെന്നിത്തലയ്‌ക്കൊപ്പമാണ്. എന്നാല്‍ എ ഗ്രൂപ്പ് സതീശനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുവെന്നതാണ് വസ്തുത.