- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പു സാധ്യത ഉരുത്തിരിഞ്ഞതോടെ സീറ്റിൽ നോട്ടമിട്ട് ബിഡിജെഎസ്; സീറ്റ് ഞങ്ങൾക്ക് വേണമെന്ന അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി; ബിജെപി കേന്ദ്രനേതൃത്വത്തെ കണ്ട് ചർച്ച നടത്തിയെന്നും റിപ്പോർട്ട്; പിന്തുണ രാഹുലിനല്ല; കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ എന്നു പറഞ്ഞ് യുടേൺ വഴിയിൽ സിപിഎമ്മും; തിരഞ്ഞെടുപ്പെങ്കിൽ പ്രിയങ്കയെ പരിഗണിക്കാൻ കോൺഗ്രസും; വയനാട്ടിൽ ഇനി എന്തു സംഭവിക്കും?
ന്യൂഡൽഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു സാധ്യത ഉണ്ടായതോടെ ഒരുമുഴം മുമ്പേ ബിഡിജെഎസ് കരൂനീക്കം തുടങ്ങി. വീണ്ടും വയനാട് മണ്ഡലത്തിൽ മത്സരിക്കാനാണ് തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമം. അതിന് വേണ്ടി സീറ്റ് തങ്ങൾക്ക് വേണമെന്ന് ഇപ്പോൾ തന്നെ ചോദിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ നിലയിൽ ബിജെപിയും ഇതിന് അനുമതി മൂളാനാണ് സാധ്യത.
ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിഡിജെഎസ് മത്സരിക്കുമെന്നാണ് പുതിയ വിവരം. വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന് പാർട്ടി നേതൃത്വത്തോട് ബിഡിജെഎസ് നേതാക്കൾ ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയാണ്. അതേസമയം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ സിപിഐഎം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, അതിനുള്ള സാധ്യത കുറവാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്ന കാര്യം.
അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്ക് അല്ല സിപിഎമ്മിന്റെ പിന്തുണയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിക്കെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് എം വിഗോവിന്ദൻ വിശദീകരിച്ചു. കേരളത്തിൽ കോൺഗ്രസിനെ അതിശക്തമായി എതിർത്തുതന്നെ മുന്നോട്ടു പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
''അത് രാഹുൽ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ചതല്ല. രാഹുൽ ഗാന്ധിയോട് ബിജെപി എടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനെ ശക്തമായി എതിർക്കുക എന്നതാണ് നയം. അല്ലാതെ വ്യക്തിപരമായി ആർക്കെങ്കിലും പിന്തുണ നൽകുന്നതോ ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കുന്നതോ അല്ലിത്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദത്തിലും ഞങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രിയെ ജയിലിലടച്ചതും കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടു തന്നെയാണ്' ഗോവിന്ദൻ വിശദീകരിച്ചു.
പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യം കേരളത്തിലെ കോൺഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്, പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇക്കാര്യത്തിൽ രംഗത്തുണ്ടായിരുന്നു.
പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതാക്കൾ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകൾ. രാഹുൽ അയോഗ്യനായതോടെ സ്വിച്ചിട്ടതു പോലെയാണ് സിപിഎം നേതാക്കൾ പിന്തുണച്ചത്. ഇതോടെ കോൺഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കി.
സൂറത്ത് കോടതി വിധി മേൽക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതായാലും, അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ൽ വീണ്ടും മത്സരിക്കാൻ രാഹുൽ തയാറാകുമോ എന്ന ചോദ്യവും സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പിന്തുണ അങ്ങനെയൊരു ധാർമിക പ്രതിസന്ധി കോൺഗ്രസിനും രാഹുലിനും മുന്നിൽ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ.
2019 ൽ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എൽഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഒരു കാരണം എന്നതിനാൽ ഇനി ഒരിക്കൽകൂടി അദ്ദേഹം കേരളത്തിൽ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. ആ ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദർഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോൺഗ്രസിൽ പ്രബലമാണ്. രാഹുലിന് പകരം ആളെ പരിഗണിക്കുമ്പോൾ പ്രിയങ്ക തന്നെ നേതൃത്വത്തിലേക്ക് എന്നതാകും ഹൈക്കമാൻഡിൽ ഉരുത്തിരിയുന്ന ഫോർമുല.
അതേസമയം ഉപതിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടായാൽ പ്രിയങ്ക ഗാന്ധിയെ ആകും കോൺഗ്രസ് പകരം പരിഗണിക്കുക. ആ ചിന്തകളിലേക്ക് ഇപ്പോൾ കടന്നിട്ടില്ലെങ്കിലും അണികളും കേരളത്തിലെ നേതാക്കളും പ്രിയങ്ക വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.




