- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായോ? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാഷ്ട്രങ്ങൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവോ? വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തോ? രാഹുൽ ഗാന്ധി ലണ്ടനിൽ പറഞ്ഞത് എന്ത്?
ന്യൂഡൽഹി: വിദേശ മണ്ണിൽ രാഹുൽ ഗാന്ധി ഇന്ത്യയെ അപകീർത്തിപ്പെടുത്തിയോ? കേംബ്രിഡ്ജ് സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുമായി സംസാരിക്കവേ, രാഹുൽ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയെന്നും, അദ്ദേഹം മാപ്പുപറയണമെന്നും ഉള്ള വാദത്തിൽ ബിജെപി ഉറച്ചുനിൽക്കുമ്പോൾ, പ്രസംഗത്തിലെ വാക്കുകൾ ബിജെപി വളച്ചൊടിക്കുകയാണെന്ന് രാഹുലും കോൺഗ്രസും എതിർവാദം ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമാണെന്ന് വരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് പറഞ്ഞു. പാർലമെന്റ് നടപടികൾ ഈ വിഷയത്തിൽ തുടർച്ചയായി സ്തംഭിക്കുകയും ചെയ്തു. ആരോപണങ്ങളിൽ മറുപടി പറയാൻ രാഹുലിന് അവസരം കിട്ടിയതുമില്ല.
ബിജെപിയുടെ ആരോപണങ്ങൾ
യുകെ സന്ദർശനത്തിനിടെ, രാഹുൽ, മാധ്യമപ്രവർത്തകരും, വിദ്യാർത്ഥികളും, ഗവേഷകരും, ആക്റ്റിവിസ്റ്റുകളും ആയി ഒക്കെ സംസാരിച്ചു.
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്നു. എന്താണ് നിങ്ങളുടെ ഉദ്ദേശം?' ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിംഗുകൾ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്റിനെയും അപമാനിക്കുകയാണ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആരോപിക്കുന്നത് തന്നെയാണ് മറ്റ് ബിജെപി നേതാക്കളും ആവർത്തിക്കുന്നത്.
ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചത് പോലെ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടോ? പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത് പോലെ ലണ്ടനിൽ രാഹുൽ ഇന്ത്യയെ അപമാനിച്ചുവോ? ഉത്തരം തേടി രാഹുലിന്റെ ലണ്ടൻ പ്രസംഗങ്ങളിലേക്ക് തന്നെ പോകാം.

രാഹുൽ ആരോട് എന്തുപറഞ്ഞു?
മുൻകാലങ്ങളിലെ പോലെ മോദി സർക്കാരിന് എതിരെ ആഞ്ഞടിക്കാനാണ് ലണ്ടനിലെ പ്രസംഗങ്ങളിലും രാഹുൽ ഗാന്ധി ശ്രമിച്ചത്. ചാതും ഹൗസിൽ നടത്തിയ പ്രഭാഷണത്തിൽ ഒരു ചോദ്യത്തിന് മറുപടി ഇങ്ങനെ:
' നോക്കൂ, മോദി സർക്കാരിന് കീഴിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ ശോഷണമാണ് ഞങ്ങളുടെ പ്രശ്‌നം. അതൊരു ആഭ്യന്തര പ്രശ്‌നമാണ്. അത് ഇന്ത്യയുടെ പ്രശ്‌നമാണ്, പരിഹാരം പുറത്തുനിന്നല്ല, രാജ്യത്തിന് അകത്ത് നിന്നാണ് വരേണ്ടത്. ഇന്ത്യൻ ജനാധിപത്യം തകർന്നാൽ, അത് ലോകത്തിലെ തന്നെ ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് അത് ഞങ്ങൾക്ക് മാത്രമല്ല, നിങ്ങൾക്കും പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ പ്രശ്‌നം ഞങ്ങൾ പരിഹരിച്ചുകൊള്ളാം. പക്ഷേ ഈ പ്രശ്‌നം ആഗോളതലത്തിലും ബാധിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണവും ഭീഷണിയും നടക്കുകയാണ്'
ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ രാഹുൽ വിദേശ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് ബിജെപി ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് അഭിമാനിക്കുന്ന പാശ്ചാത്യ ശക്തികളായ അമേരിക്കയും, ബ്രിട്ടനും ഒക്കെ, ഇന്ത്യയിലെ ജനാധിപത്യശോഷണത്തെ കുറിച്ച് ഓർമിക്കാത്തവരാണ് എന്ന് രാഹുൽ പറഞ്ഞിരുന്നു.
Here is the full Video of Rahul Gandhi's Lecture at @CambridgeMBA @CambridgeJBS
- Sam Pitroda (@sampitroda) March 3, 2023
"The art of listening" when done consistently and diligently is "very powerful," - @RahulGandhi https://t.co/4ETVo0X45f#BharatJodoYatra#RahulGandhiinCambridge pic.twitter.com/tDI4ONieG0
കേംബ്രിഡ്ജ് സർവകലാശാലയിലെ ആദ്യ പരിപാടിയിൽ രാഹുൽ പറഞ്ഞത്
'ഇന്ത്യൻ ജനാധിപത്യത്തിന് നേരേ ആക്രമണവും, സമ്മർദ്ദവും ഉണ്ടാകുന്നുവെന്ന് വാർത്തകൾ വന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ് ഞാൻ. ഈ സാഹചര്യത്തെയാണ് ഞങ്ങൾ നേരിടുന്നത്. പാർലമെന്റ്, സ്വതന്ത്ര മാധ്യമ പ്രവർത്തനം, ജുഡീഷ്യറി, ഇങ്ങനെ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടുകളെല്ലാം പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണത്തെ നേരിടുകയാണ് ഞങ്ങൾ. ഭരണഘടനയിൽ ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ ഐക്യത്തെ നിലനിർത്തണമെങ്കിൽ ചർച്ചകളും വിട്ടുവീഴ്ചകളും വേണം. ആ വിട്ടുവീഴ്ചകളുടെ നേർക്കാണ് ഇപ്പോൾ ആക്രമണവും ഭീഷണിയും.

ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ്‌സ് അസോസിയേഷന്റെ പരിപാടിയിൽ രാഹുൽ പറഞ്ഞത് ഇങ്ങനെ
'ഇന്ത്യയുടെയും അതിന്റെ ജനാധിപത്യത്തിന്റെയും വ്യാപ്തി ആളുകൾ മനസ്സിലാക്കുന്നില്ല. യൂറോപ്പിൽ ജനാധിപത്യം പെട്ടെന്ന് അപ്രത്യക്ഷമായാൽ, നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്റെ ദൈവമേ എന്താണ് ഈ സംഭവിക്കുന്നത് എന്ന മട്ടിൽ ഞെട്ടലോടെയാവും നിങ്ങളുടെ പ്രതികരണം. യൂറോപ്പിനേക്കാൾ മൂന്നരമടങ്ങ് വലിപ്പമുള്ള ജനാധിപത്യ ഘടന പെട്ടെന്ന് ശോഷിച്ചാലോ? അതാണ് ഇപ്പോൾ സംഭവിക്കുന്നത്. അത് ഭാവിയിൽ സംഭവിക്കാവുന്ന ഒരുകാര്യമല്ല. അത് സംഭവിച്ചുകഴിഞ്ഞു',
ഇതേ വാദം തന്നെയാണ് ചാതും ഹൗസിലും രാഹുൽ ആവർത്തിച്ചത്
'ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് പറയപ്പെടുന്ന യുഎസും, യുറോപ്യൻ രാഷ്ട്രങ്ങളും ഇന്ത്യയിലെ ജനാധിപത്യ മാതൃകയ്ക്ക് സംഭവിച്ച വലിയ ശോഷണത്തെ കണ്ടില്ലെന്ന് നടിക്കുന്നത് അദ്ഭുതകരമാണ്. പ്രതിപക്ഷം ഈ ശോഷണത്തിന് എതിരെ പോരാട്ടത്തിലാണ്. ഇതൊരു ഇന്ത്യൻ യുദ്ധം മാത്രമല്ല, അതിലും വലിയ യുദ്ധമാണ്, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള യുദ്ധം'
ഫോണിലെ പെഗസ്സസ് ചാരൻ
തന്റെ പ്രസംഗങ്ങളിൽ, പ്രതിപക്ഷത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
തന്റെ ഫോണിൽ ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗസ്സസ് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. കേംബ്രിജ് ബിസിനസ് സ്‌കൂളിലെ 'ലേണിങ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ചറി' എന്ന വിഷയത്തിൽ എംബിഎ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
''എന്റെ ഫോണിൽ പെഗസ്സസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗസ്സസ് ഉണ്ട്. ഫോൺ കോളുകൾ റെക്കോഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സമ്മർദ്ദമാണ് നിരന്തരമായി ഞങ്ങൾ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകൾ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനൽ കുറ്റം ചാർത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും എന്റെ നേരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്ഠ
നോട്ടുനിരോധനം, ജിഎസ്ടി പ്രശ്‌നങ്ങൾ, കർഷക നിയമങ്ങൾ, അതിർത്തിയിൽ ചൈനയുടെ അധിനിവേശ ശ്രമം തുടങ്ങിയ വിവാദ വിഷയങ്ങളിൽ ചർച്ചകൾ അനുവദിക്കുന്നില്ലെന്നും രാഹുൽ തന്റെ പ്രസംഗങ്ങളിൽ ആരോപിച്ചിരുന്നു. മാധ്യമങ്ങൾ പക്ഷപാതപരമായി വാർത്തകൾ കൊടുക്കുകയും, ഭരണകൂടം സ്ഥാപനങ്ങളെ പിടിച്ചടക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ ജനങ്ങളുമായി എങ്ങനെ നമ്മൾ ആശയവിനിമയം നടത്തും? ഇതിനുകോൺഗ്രസ് പാർട്ടി കണ്ടെത്തിയ ഉത്തരമായിരുന്നു രാജ്യത്തുടനീളമുള്ള ഭാരത് ജോഡോ യാത്ര.'

ആർഎസ്എസിനും വിമർശനം
ലണ്ടനിൽ ആർഎസ്എസിനെതിരെ തുറന്ന വിമർശനം ഉന്നയിക്കാനും രാഹുൽ മടിച്ചില്ല. ആർഎസ്എസിനെ മുസ്ലിം ബ്രദർഹുഡുമായാണ് രാഹുൽ താരതമ്യം ചെയ്തത്. ഫാസിസ്റ്റ്, മൗലികവാദ സംഘടനയാണ് ആർഎസ്എസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.' ഞാൻ 2004 ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ, ജനാധിപത്യ പോരാട്ടം രാഷ്ട്രീയ കക്ഷികൾ തമ്മിലായിരുന്നു. അത് പൂർണമായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഫാസിസ്റ്റ്, മൗലികവാദ സംഘടനയായ ആർഎസ്എസ് കാരണമാണ് ആ മാറ്റം സംഭവിച്ചത്.'
ആർഎസ്എസ് തലപ്പത്തെ രണ്ടാമനായ ദത്താത്രേയ ഹൊസബാളെ രാഹുലിന്റെ പരാമർശങ്ങളെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
രാഹുലിന്റെ പ്രസംഗങ്ങൾ പാളിയോ?
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പുതുമയില്ല. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഈ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മാനങ്ങൾ മാറുകയാണ്. വിദേശത്ത് മോദി സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ രാഷ്ട്രീയമായ ഔചിത്യക്കുറവുണ്ടെന്ന് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നു. പാർട്ടിക്കുള്ളിൽ രാഹുൽ മാത്രമാണ് ഇത്രയും ശക്തമായി മോദി സർക്കാരിനെ ആക്രമിക്കുന്നതും. തിരഞ്ഞെടുപ്പിൽ, കോൺ്രഗ്രസിന് ഇതുഗുണം ചെയ്യില്ലെന്ന് വാദിക്കുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ദേശീയവാദം മുൻനിർത്തി ബിജെപി പ്രചാരണം നയിക്കുമ്പോൾ, ജനങ്ങളോട് കൂടുതൽ അടുക്കാവുന്ന വിഷയങ്ങളാണ് ഉന്നയിക്കേണ്ടതെന്ന അഭിപ്രായവും ഉയരുന്നു. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും കണക്കാക്കാതെ മോദി സർക്കാരിന് എതിരായ രൂക്ഷ വിമർശനം തുടരുകയാണ്. ക്യത്യമായി ഈ അവസരം മുതലെടുത്തുകൊണ്ടുള്ള തിരിച്ചടിയാണ് ബിജെപി ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ ഇടിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.




