കണ്ണൂര്‍: പാര്‍ട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് വ്യാപകമായി പ്രചരിച്ചു കൊണ്ടിരുക്കുന്ന ഊമക്കത്തിനെ ചൊല്ലിയുളള വിവാദം മുറുകുന്നു. പഞ്ചായത്ത്് പ്രസിഡന്റിനെ കരുവാക്കിയുളള പ്രചാരണത്തിന് പിന്നില്‍ സി.പി.എമ്മിനകത്തെ വിഭാഗീയതയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലാണ് കുഞ്ഞിമംഗലത്തെ നിരവധിയാളുകള്‍ക്ക് പോസ്റ്റലായി ഊമക്കത്ത്് ലഭിച്ചത്.

പോസ്റ്റല്‍ സ്റ്റാമ്പിന് പകരം റവന്യൂ സ്റ്റാംമ്പൊട്ടിച്ചു വന്നതിനാല്‍ പത്തുരൂപ വീതം നല്‍കിയാണ് മേല്‍വിലാസക്കാര്‍ക്ക് ഇതു കൈപ്പറ്റേണ്ടി വന്നത്. സി.പി.എമ്മിനെ നന്നാക്കാനെന്ന രീതിയിലാണ് കത്തിന്റെ ഉളളടക്കം. പ്രതിപക്ഷവും ഇതിനു കൂട്ടുനില്‍ക്കുകയാണോയെന്ന ചോദ്യത്തോടെ ബി.ജെപി ജില്ലാകമ്മിറ്റിയംഗത്തിന്റെ പേരിലും കത്തുണ്ടായിരുന്നു.

പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ ആര്‍. എസ്.എസിന്റെ മേല്‍നോട്ടത്തില്‍ ജാതീയ സംഘടന രൂപീകരിച്ചു പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണെന്ന ആമുഖത്തോടെയാണ് തുടക്കം. നൂറ്റി അന്‍പതു പേര്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ പഞ്ചായത്ത് പ്രസിഡന്റ് അനര്‍ഹമായി മാര്‍ക്ക് നല്‍കി സ്വന്തം അനുജത്തിയെ അങ്കണ്‍വാടി തസ്തികയിലേക്ക് തിരുകിക്കയറ്റി.

ഇന്റര്‍വ്യൂ നടത്തുന്നവരില്‍ രക്തബന്ധത്തിലുളള ആളുകള്‍ ഉണ്ടായിരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു കൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്വജനപക്ഷപാതം നടത്തിയിരിക്കുന്നത്. ഇത്തരം തെറ്റുകള്‍ കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്തു ജനമനസില്‍ ജീവിക്കുന്ന നേതാക്കളോട് ചെയ്യുന്ന കൊടുംചതിയാണ്. പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെ ലാല്‍ സലാം പറഞ്ഞാണ് കത്തു നിര്‍ത്തുന്നത്.

ഊമക്കത്തുകള്‍ ചൂടുപിടിച്ചതോടെ സി.പി. എം ലോക്കല്‍ കമ്മിറ്റി വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്തുവെന്നും ഇതേ തുടര്‍ന്ന് ഊമക്കത്തിന്റെ ഉറവിടം കണ്ടെത്താന്‍ എം. എല്‍. എയുടെ നേതൃത്വത്തിലുളള സബ് കമ്മിറ്റിയെ നിയോഗിച്ചതായും സൂചനയുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടമായി ഇന്റര്‍വ്യൂ ബോര്‍ഡിലുളളവരില്‍ നിന്നും വിവര ശേഖരം നടത്തി.

ആകെയുളള ഒരൊഴിവിലേക്കായി ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡന്റിന്റെ അനുജത്തിയല്ലെന്നും എടാട്ട് സ്വദേശിനിയായ വിധവയാണെന്നും അറിയുന്നു. എണ്‍പതുശതമാനം മാര്‍ക്കിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത് ഉദ്യോഗസ്ഥരാണ്. പതിനഞ്ചു ശതമാനം മാത്രമേ ഇന്റര്‍വ്യൂ ബോര്‍ഡിന് നല്‍കാനാവൂവെന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടിരുന്നുവെങ്കില്‍ പ്രസിഡന്റിന്റെ അനുജത്തിക്ക് ലഭിക്കേണ്ടതല്ലേയെന്നു ചോദ്യവും ഉയരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സി.പി. എമ്മില്‍ പാര്‍ട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് ചില അസ്വസ്ഥതകള്‍ ഉടലെടുത്തിരുന്നു. സി.പി. എം സമ്മേളനങ്ങള്‍ നടക്കാന്‍ പോകുന്ന പശ്ചാത്തലത്തിലുമാണ് ഊമക്കത്തുകളുടെ പ്രചാരണമുണ്ടായത്.

അതേ സമയം ഊമക്കത്തില്‍ പതിപ്പിക്കാന്‍ നിരവധി റവന്യൂ സ്റ്റാംപുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധരണക്കാര്‍ ഇത്രയധികം സ്റ്റാംപുകള്‍ വാങ്ങിയാല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അതിനാല്‍ സ്ഥിരമായി റവന്യൂ സ്റ്റാംപുകള്‍ വാങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെയോ സഹകരണ മേഖലയിലോ ചില വ്യക്തികളിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.