- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥികളുടെ വിദേശ കുടിയേറ്റം കുറ്റമല്ല; ഗാന്ധിജി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി; വാക്പോരും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും
തിരുവനന്തപുരം: കേരളം വിട്ട് വിദേശ സര്‍വകലാശാലകളിലേക്കുള്ള കുടിയേറ്റത്തിലെ പൊതുവായ ആശങ്കയാണ് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷവും പ്രകടിപ്പിച്ചത്. ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും, ഇരുവിഭാഗത്തിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നതായിരുന്നു വാക്പോര്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല നല്ലനിലയിലാണ് മുന്നോട്ട് പോകുന്നതെന്നും വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ലെന്നും സ്ഥാപിക്കാനാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു ശ്രമിച്ചത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അടക്കമുള്ളവര്‍ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിദേശത്ത് ഉപരിപഠനത്തിന് പോകുന്നത് കുറ്റമല്ല. അത് പുതിയ കാര്യവുമല്ല. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിദേശത്താണ് പഠിച്ചത്. നെഹ്റുവും അംബേദ്കറും ഇന്ദിരാഗാന്ധിയും വി.കെ. കൃഷ്ണമേനോനും ലണ്ടനിലാണ് പഠിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കെയ്റോ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ മികവ് തന്നെയാണ് വിദ്യാര്‍ഥികളുടെ മൈഗ്രേഷന്‍ അവരെ സഹായിക്കുന്നത്. മികച്ച സാധ്യതകള്‍ തുറന്നുകിട്ടുമ്പോള്‍ അവര്‍ പോകട്ടെ. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളിലേക്ക് പോകുന്നതിന് പ്രത്യേക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്- മന്ത്രി സഭയില്‍ പറഞ്ഞു.
ഏറ്റവും ഗൗരവമുള്ള കാര്യത്തില്‍ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കുട്ടികള്‍ പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും സംസ്ഥാനത്തിന്റെ പണം പുറത്തേക്ക് പോകുന്നുവെന്നും സതീശന് ആരോപിച്ചു. നോര്‍ക്കയുടെ കുടിയേറ്റ സര്‍വേയിലെ കണ്ടെത്തലുമായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ എത്തിയത്. ഇന്ത്യയില്‍ വിദ്യാര്‍ഥി കുടിയേറ്റം താരതമ്യേന കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി മറുപടി പറഞ്ഞു. പ്രസംഗം നീണ്ടു പോകുന്നതിനിടെ സ്പീക്കര്‍ ഇടപെട്ട് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചില കാര്യങ്ങള്‍ പറഞ്ഞു പോകാതെ പറ്റില്ലാല്ലോ എന്ന് പറഞ്ഞ മന്ത്രി വീണ്ടും തുടരുകയായിരുന്നു.
വിദേശപഠനത്തെ പ്രോത്സാഹിക്കണമെന്ന് ഭരണകക്ഷി എംഎല്‍എ ശ്രീനിജനും ആവശ്യപ്പെട്ടു. ധിക്കാരത്തോടെയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും വിരല്‍ചൂണ്ടി സംസാരിച്ചതില്‍ പ്രതിഷേധമുണ്ടെന്നും ആര്.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവിനു പുച്ഛവും ധാര്‍ഷ്ട്യവുമാണെന്ന് മന്ത്രി എം.ബി.രാജേഷും കുറ്റപ്പെടുത്തി. നിങ്ങള്‍ക്കുമാകാം തിരുത്തലെന്നായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തോട് പറഞ്ഞത്
കേരളത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് യുവതലമുറ വിശ്വസിക്കുന്നതായി മാത്യു കുഴല്നാടന് പറഞ്ഞു. ഇത്തരത്തില്‍ യുവതലമുറ നാട്ടില്‍ നിന്ന് പോയാല്‍ കേരളം വൃദ്ധസദനമായി മാറുമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. പറഞ്ഞു. സംസ്ഥാനമൊട്ടാകെ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശിച്ചു. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.