- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒരു ദിവസം നേരത്തെ സമ്മേളനം അവസാനിപ്പിച്ചത്. പ്രതിപക്ഷ അഭാവത്തില്‍ 11 ബില്ലുകള്‍ പാസാക്കി.
വെളളിയാഴ്ച (ഒക്ടോബര്‍ -10) വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഇന്ന് അവസാനിപ്പിച്ചത്. വെളളിയാഴ്ച പരിഗണിക്കേണ്ട ബില്ലുകളും ഇന്നുപാസാക്കി. ശബരിമല സ്വര്‍ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും അത് സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് ഇന്നും അരങ്ങേറിയത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് മൂന്ന് പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.വിന്‍സെന്റ്, സനീഷ്‌കുമാര്‍, റോജി എം.ജോണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച തൊട്ട് പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സഭയ്ക്കകത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകള്‍ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കി. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തെന്നും മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. പരുക്കേറ്റ ചീഫ് മാര്‍ഷല്‍ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് എംഎല്‍എ മാര്‍ക്കെതിരായ നടപടിയെടുത്തത് .
അതേസമയം, ഭരണപക്ഷം ഒളിച്ചോടിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. മൂന്നുഎംഎല്‍എമാരുടടെ സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നടപടി ഒരു തെറ്റും ചെയ്യാതെയാണ്. ഒരു ആക്രമണവും നടന്നിട്ടില്ല. സ്പീക്കറും സര്‍ക്കാരും ഗൂഢാലോചന നടത്തിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ അസാധാരണ സംഭവങ്ങള്‍ക്ക് സഭ വേദിയായിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഇന്നലത്തെ സമ്മേളനത്തില്‍ വാ വിട്ട വാക്കുകള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.