രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റ്; സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിച്ച് ഖജനാവിലേക്ക് പണമെത്തിക്കാൻ പദ്ധതികളുണ്ടാകും; റബ്ബർ തറവില കൂട്ടും; ക്ഷേമ പെൻഷനിൽ വ്യക്തത വരുത്തും; സർക്കാർ ജീവനക്കാരും പ്രതീക്ഷയിൽ; മാന്ത്രിക വടിയില്ലാത്ത ബാലഗോപാൽ! ബജറ്റ് അവതരണം ഇന്ന് നിയമസഭയിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ബജറ്റ്. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് വഴി തേടലും ബജറ്റിൽ ഉണ്ടാകും. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങൾ സർക്കാരിന് വലിയ പ്രതിസന്ധിയാണ്,. കേന്ദ്രത്തെ കടന്നാക്രമിച്ച് പരിമിതികൾക്കുള്ളിൽ നിന്നുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകും. ഇന്ധനസെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.
സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വരുമാനം കൂട്ടാൻ പുതിയ മേഖലകളിൽനിന്ന് വിഭവസമാഹരണം നടത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാവും. ക്ഷേമപെൻഷൻ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം അതിനുള്ള സാധ്യതകൾ മങ്ങി. ക്ഷേമ പെൻഷൻ ഉൾപ്പെടെ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, ധനപ്രതിസന്ധി മറിടകടക്കാൻ അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. റബറിന്റെ താങ്ങുവിലയിൽ 20 രൂപയുടെങ്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബജറ്റ് അവതരണത്തിന് മുന്നേ സംസാരിക്കവെ തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയും നെല്ല് സംഭരണം തുടങ്ങി ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ ബജറ്റിൽ ഇടപെടലുകൾ ഉണ്ടായേക്കും. കിഫ്ബി പോലുള്ള ധനസമാഹരണ മാർഗ്ഗങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിന് ബജറ്റ് ഊന്നൽ നൽകും.
മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. നികുതികളും സെസും അടക്കം വരുമാന വർധനയ്ക്കു സർക്കാരിനു മുന്നിൽ മാർഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി, സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിർദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്നും സൂചന നൽകിയിട്ടുണ്ട്. വരുമാന പരിധികൂടി കണക്കിലെടുത്ത് സർക്കാർ സേവനങ്ങളിൽ പരിഷ്‌കരണങ്ങൾ വന്നേക്കാം.
സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) റിട്ടേണുകളിൽ ഘടനാപരമായ പരിഷ്‌കരണം വരാത്തതിനാൽ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തിന് ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പള പരിഷ്‌കരണ കുടിശിക ഇനത്തിൽ 4,000 കോടി രൂപ ജീവനക്കാർക്ക് നൽകാനുണ്ട്. ഇതുൾപ്പെടെ 26,226 കോടി രൂപയാണ് ആകെ കുടിശിക. അതേസമയം, പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര വിഹിതത്തിലെ കുടിശികയാണെന്ന് സർക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ