- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി യുവജനങ്ങളെ കയ്യിലെടുത്തു; ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണ കമ്മീഷനും വഴി വോട്ട് ബാങ്ക് സുരക്ഷിതമാക്കി; ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി തൊഴിലാളികള്‍ക്കും കരുതല്‍; അതിവേഗം കുതിയ്ക്കാന്‍ ആര്‍ ആര്‍ ടി എസും; പ്രഖ്യാപന ബാധ്യതയെല്ലാം മേയില്‍ അധികാരമേല്‍ക്കും പുതിയ സര്‍ക്കാരിനും; ലക്ഷ്യം വോട്ട് ലാക്ക്; ബജറ്റ് ബാധ്യത ആര്‍ക്ക്?

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ ഹാട്രിക് മോഹവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റ്. കേന്ദ്രത്തിന്റെ 'നോട്ട് ചോരി'ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയും സാധാരണക്കാരന്റെ പോക്കറ്റിലേക്ക് പണമെത്തിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍ വാരി വിതറിയുമാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കേണ്ട ഭാരം അടുത്ത സര്‍ക്കാരിന്റെ ചുമലിലേക്ക് മാറ്റിവെച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ തന്ത്രം കൂടിയായി ഈ ബജറ്റ് മാറുന്നു.
പ്രഖ്യാപന പെരുമഴയാണുള്ളത്. ലക്ഷ്യം വോട്ട് ബാങ്ക് ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1000 രൂപ വീതം ഓണറേറിയം വര്‍ദ്ധിപ്പിച്ചതും, ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയതും വോട്ട് ലക്ഷ്യമിട്ടുള്ള കൃത്യമായ നീക്കങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയിലെ അമര്‍ഷം തണുപ്പിക്കാന്‍ ഡി.എ കുടിശ്ശിക പ്രഖ്യാപിക്കുകയും പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ക്കായി 14,500 കോടി മാറ്റിവെച്ചതിലൂടെ താഴെത്തട്ടിലുള്ള വലിയൊരു വിഭാഗം ജനങ്ങളെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ബാധ്യത അടുത്ത സര്‍ക്കാരിന് എന്നതും പിണറായി സര്‍ക്കാരിന് തലവേദനയാകുന്നില്ല. നിലവില്‍ തലവേദനയില്ല ബജറ്റിലെ പല വമ്പന്‍ പദ്ധതികളും 'ഭാവി' മുന്നില്‍ക്കണ്ടുള്ളതാണ്. ആര്‍.ആര്‍.ടി.എസ് അതിവേഗ പാതയ്ക്ക് പ്രാരംഭ തുകയായി 100 കോടി മാത്രമാണ് നീക്കിവെച്ചിട്ടുള്ളതെങ്കിലും ഇതിന്റെ ഭീമമായ നിര്‍മ്മാണച്ചെലവ് വരാനിരിക്കുന്ന സര്‍ക്കാരുകള്‍ കണ്ടെത്തേണ്ടി വരും. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും എന്നതിനാല്‍ അതിന്റെ സാമ്പത്തിക ഭാരം ഈ സര്‍ക്കാരിനെ ബാധിക്കില്ല. ചുരുക്കത്തില്‍, ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ വോട്ട് ഉറപ്പിക്കുക എന്ന ദൗത്യം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമ്പോള്‍, അതിന്റെ സാമ്പത്തിക ബാധ്യതകള്‍ വരും വര്‍ഷങ്ങളിലെ സര്‍ക്കാരിന് വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.
വികസനത്തിന്റെ 'മാന്ത്രിക വടി' വിഴിഞ്ഞം തുറമുഖത്തിന് 1000 കോടിയും എം.സി റോഡ് വികസനത്തിന് 5217 കോടിയും വകയിരുത്തിയത് വികസന നായകന്‍ എന്ന പിണറായി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ്. കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാനം സ്വന്തം നിലയില്‍ വിഭവങ്ങള്‍ കണ്ടെത്തുന്നു എന്ന മന്ത്രിയുടെ അവകാശവാദം വരാനിരിക്കുന്ന പ്രചാരണ വേളകളില്‍ ഇടത് മുന്നണിയുടെ പ്രധാന ആയുധമാകും.
ബജറ്റിലെ 'ജനപ്രിയ' തന്ത്രങ്ങള്‍ ഒറ്റനോട്ടത്തില്‍:
സൗജന്യ ഡിഗ്രി: ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി
ജീവനക്കാര്‍ക്ക് ആശ്വാസം: ഡി.എ കുടിശ്ശികയും ശമ്പള പരിഷ്‌കരണ കമ്മീഷനും വഴി വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ ശ്രമം
തൊഴിലാളി കരുതലില്‍: ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി തൊഴിലാളികള്‍ എന്നിവര്‍ക്ക് വേതന വര്‍ദ്ധനവ്.
അതിവേഗ പാത: സില്‍വര്‍ ലൈനിന് പകരം ആര്‍.ആര്‍.ടി.എസ് എന്ന പുതിയ സ്വപ്നം.
പത്ത് വര്‍ഷം മുന്‍പത്തെ കേരളമല്ല ഇപ്പോഴത്തേതെന്ന് ആവര്‍ത്തിച്ച ധനമന്ത്രി, കടം കയറി മുടിഞ്ഞെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി തള്ളി. എന്നാല്‍ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ, വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്ന ബജറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടേകുമെന്ന് നിശ്ചയമാണ്.


