തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ ചർച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് ചർച്ചക്കെടുത്തത്. റോജി എം ജോൺ എംഎ‍ൽഎയാണ് അടിയന്തര പ്രമേയം കൊണ്ടു വന്നത്. സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യും. ഉച്ചക്ക് ഒരു മണി മുതലായിരിക്കും അടിയന്തര പ്രമേയത്തിലുള്ള ചർച്ച. സാമ്പത്തിക പ്രതിസന്ധിയിൽ വിശദമായ ചർച്ച ആകാമെന്ന് ധനമന്ത്രി പറഞ്ഞു. വിശദചർച്ച പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുന്നത്. നേരത്തെ സോളാർ കേസുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. ഷാഫി പറമ്പിൽ എംഎ‍ൽഎയാണ് അന്ന് അടിയന്തര പ്രമേയം കൊണ്ടു വന്നത്. തുടർന്ന് രണ്ടര മണിക്കൂറിലധികം ചർച്ച നടന്നിരുന്നു.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നത്. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്ത്. ഇനി 800 കോടി മാത്രമേ കേരളത്തിന് കടമെടുക്കാൻ സാധിക്കു.