തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതിക്ക് വിധേയമായി നിയമ നിയമഭേദഗതി നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എ.പി അനിൽകുമാറിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കലാരംഗത്തെ പ്രമുഖർ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനിൽക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ചിലരെങ്കിലും പിന്മാറാൻ തയ്യാറായത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021 ഫെബ്രുവരിയിൽ 1960-ലെ കേരളാ ഗെയിമിങ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാൽ ഇതിനെതിരെ വിവിധ ഗെയിമിങ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹർജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവർക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓൺലൈൻ ഗെയിം സൈറ്റുകൾ. വൻ സമ്മാന തുക വാഗ്ദാനം ചെയ്തും ആകർഷകമായ ഓഫറുകൾ നൽകിയുമാണ് ആൾക്കാരെ ആകർഷിക്കുന്നത്. ആദ്യം ഫ്രീ ഗെയിമുകൾക്ക് ഓഫർ നൽകുകയും പിന്നീട് അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കുന്നതുമാണ് ഗെയിമിങ് കമ്പനികളുടെ രീതി. ഇതിന്റെ അഡ്‌മിന്മാർ നിരന്തരം കളി നിരീക്ഷിക്കുകയും കൂടുതൽ കളിക്കുന്നതിനുള്ള പ്രേരണ നൽകുകയും ചെയ്യും. പിന്നീട് ഇതിലെ ചതിക്കുഴികളിൽ നിന്നു രക്ഷപ്പെടാനാവാത്ത സ്ഥിതിയിലേക്ക് വീഴുകയും ചെയ്യുകയാണ് ഉണ്ടാവുക. എതിർഭാഗത്ത് ആരാണ് കളിക്കുന്നത് എന്നതിന് യാതൊരു വ്യക്തതയുമില്ല.

നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് എതിർഭാഗത്ത് കളി നിയന്ത്രിക്കുന്നത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഓൺലൈൻ റമ്മികളിക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നൽകുന്ന മൊബൈൽ ആപ്പുകളും ഓൺലൈൻ വായ്പാ പരസ്യങ്ങളും വ്യാപകമായി. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവർ വായ്പയെടുത്ത് കളിക്കുന്ന നിലയുണ്ട്. പണം സമയത്ത് തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവരികയും ലക്ഷങ്ങൾ നഷ്ടമാകുന്നതോടെ ആത്മഹത്യയിലേയ്ക്ക് പോകുന്ന സാഹചര്യവുമാണ് ഉണ്ടാകുന്നത്.

അതേസമയം, ഒരു ഭാഗത്ത് ഓൺലൈൻ റമ്മിയിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതിനായി വൻതോതിൽ പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖർ ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഓൺലൈൻ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനിൽക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ചിലരെങ്കിലും പിന്മാറാൻ തയ്യാറായത് അനുകരണീയമായ മാതൃകയാണ്.

ഓൺലൈൻ റമ്മികളിക്ക് നിലവിൽ നിരോധനമില്ലാത്ത സാഹചര്യത്തിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. സോഷ്യൽ പൊലീസിങ് സംവിധാനവും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ വിവിധ പദ്ധതികൾ വഴിയും, മാധ്യമങ്ങൾ മുഖേനയുമുള്ള ബോധവൽക്കരണവും നടത്തിവരുന്നുണ്ട്. ഓൺലൈൻ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകൾക്കും മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണ്.