തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസം പകരാൻ വേണ്ടി സംസ്ഥാന ബജറ്റിൽ പ്രഖ്യാപനങ്ങൾ. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. നോർക്ക-റൂട്ട്‌സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രിഗേഷനായി പ്രത്യേക പോർട്ടൽ നടപ്പിലാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് മേഖലയിലുള്ള പ്രവാസികൾ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവുകൾ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാരുടെയും ട്രാവൽ ഏജൻസികളുടെയും പ്രവാസി അസോസിയേഷനുകളുമായും സർക്കാർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം..തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്സിഡി വിഹിതം 600 കോടിയാക്കി. കേന്ദ്ര നികുതി- നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കും. ജിഎസ്ടി പുനഃസംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളം ആണ്.സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺ ലൈൻ ആക്കും. വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കും. ഭരണ സംവിധാനത്ത പുനഃസംഘടിപ്പിക്കും. ബജറ്റ് വിഹിതത്തിൽ നിന്ന് ക്ഷേമ പദ്ധതികൾ ഏറ്റെടുക്കണം. അധികം ചെലവ് ചുരുക്കൽ എളുപ്പമല്ല.

കേരളം കടക്കെണിയിൽ അല്ലെന്നും കൂടുതൽ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വായ്പയെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളർച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയിൽ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തിൽ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു. കേരളം വളർച്ചയുടെ പാതയിൽ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉൾപ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു.