തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയില്‍ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ അടിയന്തര പ്രമേയമായി ചര്‍ച്ച വേണമെന്ന ആവശ്യം നിരാകരിച്ചു പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കലാ രാജുവിനെ സ്വാധീനിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചെന്നും കൂറുമാറിയെങ്കില്‍ അവര്‍ രാജിവെക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഭവത്തില്‍ ആകെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം മാതൃകയാണ്. നിലവില്‍ ക്രമസമാധാന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷയെന്ന് അനൂപ് ജേക്കബ് തിരിച്ചടിച്ചു.

എന്നാല്‍ കൂത്താട്ടുകുളത്ത് നടന്നത് എന്താണെന്ന കാര്യം എം.എല്‍.എ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂത്താട്ടുകുളത്ത് അഞ്ച് വര്‍ഷമായി ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫിന്റെ കൗണ്‍സിലറെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അത്തരത്തില്‍ സ്വാധീനിക്കപ്പെട്ടെങ്കില്‍ അവര്‍ രാജിവെക്കണ്ടേ. അതല്ലേ ഇവിടുത്തെ ജനാധിപത്യ രീതി. കാലുമാറ്റത്തെ അതേ രീതിയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.

കലാ രാജുവിന് ചില പരാതികളുണ്ട്. അതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശക്തമായ നടപടി തന്നെ സ്വീകരിക്കും. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തിനു നേരെ ശക്തമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് തെമ്മാടിത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. പൊലീസ് വൃത്തികേടിന് കൂട്ടുനിന്നു. പൊലീസ് ഇത്രയും അധഃപതിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ ഭരണപക്ഷത്തെ എം.എല്‍.എമാര്‍ ബഹളമുണ്ടാക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു രംഗത്തെത്തിയത്. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസില്‍ താമസിപ്പിച്ചതായി കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണിതെന്നും അവര്‍ ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് അരുണ്‍ അശോകന്‍ ആണ് വാഹനത്തില്‍ കയറ്റിയതെന്നും കാല്‍ വണ്ടിയുടെ ഡോറിനിടയില്‍ കുടുങ്ങിയപ്പോള്‍ എത്തിയിട്ട് വെട്ടിത്തന്നേക്കാമെന്ന് പറഞ്ഞുവെന്നും കല ആരോപിച്ചു.

തന്റെ മകനേക്കാള്‍ ചെറിയ കുട്ടിയാണ് അശോകന്‍. അയാളാണ് അങ്ങനെ പറഞ്ഞത്. കഴുത്തിന് കുത്തിപ്പിടിച്ചാണ് വാഹനത്തിലേക്ക് വലിച്ചു കയറ്റിയത്. ഏരിയ കമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളികയാണ് നല്‍കിയത്. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. സി.പി.എമ്മില്‍ തുടരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.

കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെയാണ് കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയരുന്നത്. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടര്‍ന്നാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍ കലാരാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍.