തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും, യഥാര്‍ത്ഥ മരണസംഖ്യ മറച്ചുവെച്ച് ആരോഗ്യവകുപ്പ് മേനി നടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ വിമര്‍ശനം. പകര്‍ച്ചവ്യാധിയല്ലെങ്കില്‍ പോലും രോഗം ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് എന്‍. ഷംസുദ്ദീന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഈ കപ്പല്‍ പൊങ്ങാനാവാത്ത വിധം മുങ്ങിയെന്നും കപ്പിത്താനുണ്ടായിട്ട് കാര്യമില്ല കപ്പല്‍ മുങ്ങിയെന്നും ആരോഗ്യമന്ത്രിയെ പരഹസിച്ചുകൊണ്ട് എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

കേരളത്തില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന ഈ രോഗം ബാധിച്ച് ഇതിനകം ഇരുപതോളം പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍ പ്രാദേശികമായി കാണുന്ന രോഗം, ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമീബയുള്ള വെള്ളത്തില്‍ കുളിക്കുന്ന 26 ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരാന്‍ സാധ്യതയുള്ള അത്യപൂര്‍വമായ ഈ രോഗം കേരളത്തില്‍ വ്യാപകമാകുന്നതില്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് അമേരിക്കന്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (CDC) പഠനം ഉദ്ധരിച്ച് എംഎല്‍എ വിമര്‍ശിച്ചു.

എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിന് യാതൊരുവിധ വ്യക്തതയുമില്ല. ജനങ്ങള്‍ ആശങ്കയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ, പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും 'രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ്' എന്ന ആപ്തവാക്യം സര്‍ക്കാര്‍ വിസ്മരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ഉറവിടം കണ്ടെത്തുന്നതിലും പ്രതിരോധത്തിലും പരാജയം. യഥാര്‍ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നു. ഉത്തരവാദിത്തം യു.ഡി.എഫ് സര്‍ക്കാരില്‍ ചാരുന്നു. വിമര്‍ശനം വന്നപ്പോള്‍ മന്ത്രി മലക്കംമറിഞ്ഞു. സര്‍ക്കാര്‍ സ്വകാര്യമേഖലയെ സഹായിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. രോഗബാധിതരുടെയും മരിച്ചവരുടെയും യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്നു ദിവസം മുമ്പ് വരെ മരിച്ചത് രണ്ടു പേരാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാധ്യമങ്ങളില്‍ ആക്ഷേപം വന്നപ്പോള്‍ ലിസ്റ്റ് പരിഷ്‌കരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി. പിന്നീട് രണ്ടുപേര്‍ കൂടി മരിച്ചതോടെ എണ്ണം 19 ആയി.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 66 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും, ഇത് മറച്ചുവെച്ച് മേനി നടിക്കാനാണ് മന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നതെന്നും ഇത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. കുളത്തിലോ പുഴയിലോ കുളിക്കുന്നതിലൂടെയാണ് രോഗം വരുന്നതെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ വീട്ടില്‍ കുളിച്ചവര്‍ക്കും, നാലുമാസം പ്രായമായ കുഞ്ഞിനും രോഗം വന്ന് മരിച്ചത് രോഗവ്യാപനത്തെക്കുറിച്ച് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുവെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു.

മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ വരെ തള്ളല്‍ എന്ന് പറയുകയാണെന്നും തള്ളല്‍ അപകടകരം എന്ന് മുന്‍ ആരോഗ്യസെക്രട്ടറി തന്നെയാണ് പറയുന്നതെന്നും പ്രതിപക്ഷ പറഞ്ഞു. നിപയിലും മസ്തിഷ്‌ക ജ്വരത്തിലും ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. എന്നിട്ടും ആരോഗ്യ മന്ത്രി പലരെയും പഴി ചാരുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടല്ലാത്ത 2018ലെ റിപ്പോര്‍ട്ട് 2013ലേതാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ പഴിചാരി കെകെ ശൈലജ ടീച്ചറെ അടിക്കാനുള്ള സൂത്രമാണ് ആരോഗ്യമന്ത്രി പ്രയോഗിച്ചതെന്നും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. തന്റെ കാലത്ത് എല്ലാം ഭദ്രം എന്ന് പറയുകയാണ് മന്ത്രി. പ്രശ്‌നങ്ങളെ നേരിടാനുള്ള ആര്‍ജവം കാണിക്കണമെന്നും പഠന റിപ്പോര്‍ട്ടിന്റെ തീയതി വെട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും വിമര്‍ശിച്ചു.

ഡോക്ടറെ ആക്രമിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിച്ചതെന്നും ഡോ.ഹാരീസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇടതു പക്ഷ സമീപനവും വലതുപക്ഷ സമീപനവും രണ്ടും രണ്ടാണെന്നും എല്ലാ ആശുപത്രിയും ഗംഭീരമാക്കി എന്നാണ് ആരോഗ്യമന്ത്രി പറയുന്നതെന്നും ആരോഗ്യ രംഗത്തിന്റെ രേഖാചിത്രമാണ് ഹാരിസിന്റെ തുറന്ന് പറച്ചിലിലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ഡോ. ഹാരിസിന് വേദനയുണ്ടായതോടെയാണ് എല്ലാം തുറന്നുപറഞ്ഞത്. എല്ലാ ആശുപത്രികളിലും ഇതേ സ്ഥിതിയാണ്. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് പത്ത് മാസമായി. എന്നിട്ടും നമ്പര്‍ വണ്‍ എന്ന് പറയുകയാണ്.

ആരോഗ്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമം

ആരോഗ്യസംവിധാനത്തെ തകര്‍ത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയെ സഹായിക്കുകയാണ് പ്രതിപക്ഷമെന്ന് ഭരണപക്ഷ എംഎല്‍എ ടിഐ മധുസൂദനന്‍ തിരിച്ചടിച്ചു.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നതില്‍ പ്രതിപക്ഷത്തിന് എന്തിന് വേവലാതിയെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തു കാണിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.കുറെ കാലമായി ആരോഗ്യമന്ത്രിയെ കാണുമ്പോള്‍ പ്രതിപക്ഷത്തിന് പ്രശ്‌നമാണ്. വീണയുടെ രാജി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണമെന്നാണ് കെ മുരളീധരന് പറയുന്നത്.ആരോഗ്യമന്ത്രിയോട് വ്യക്തിപരമായ പ്രശ്മാണ് കോണ്‍ഗ്രസിന്. ആരോഗ്യമന്ത്രി ഗ്ലിസറിന് ഉപയോഗിച്ച് കരഞ്ഞെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ആരോഗ്യമന്ത്രി വലിയ സീറോ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രിയെ വേട്ടയാടാമെന്ന് കരുതേണ്ട. ആരോഗ്യവകുപ്പ് ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം എന്തെല്ലാം ആരോപണം ഉയര്‍ത്തി.അത് കൊണ്ടല്ലേ അവയവങ്ങള്‍ ദാനം ചെയ്യാനായത്. പകര്‍ച്ചവ്യാധി തടയുന്നതില്‍ കേരളം സ്വപ്ന തുല്യമായ രാജ്യങ്ങളേക്കാള്‍ മുന്നിലാണ്.കേരളത്തില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വര മരണനിരക്ക് കുറവാണെന്നും ടിഐ മധുസൂദനന്‍ പറഞ്ഞു.