- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റങ്ങൾ നിർദേശിക്കാതെ ഗവർണർ; നിയമസഭ ചേരുന്നത് 33 ദിവസങ്ങൾ; ഫെബ്രുവരി മൂന്നിന് ബജറ്റ്; ആറു മുതൽ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചർച്ചയും
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടങ്ങും. രാവിലെ ഒൻപതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവർണർ അംഗീകരിച്ചു. തിരുത്തലൊന്നും നിർദേശിക്കാതെയാണ് സമ്മേളനം അവസാനിപ്പിച്ചത്. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറുമുതൽ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളിൽ സൂക്ഷ്മപരിശോധന നടത്തും.
ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ 2023-24 വർഷത്തെ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. മാർച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്. തിങ്കളാഴ്ച ഗവർണറുടെ നയപ്രഖ്യാപനം കഴിഞ്ഞാൽ ബുധനാഴ്ച ഒരുദിവസം മാത്രമാണ് ജനുവരിയിൽ സഭയുണ്ടാകുക. ബാക്കിദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് വീണ്ടും അവധിയിലേക്ക് കടക്കും. പിന്നീട് ഫെബ്രുവരി 27-ന് തുടങ്ങി മാർച്ച് 30-ന് അവസാനിക്കും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച. മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ കാലയളവിൽ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
ഈ സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നിശ്ചിത സമയത്തിനകം നൽകണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഷംസീർ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നതുകൊടുക്കൽ വാങ്ങലുകളും ഒത്തുതീർപ്പുമാണെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. സർക്കാർ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാൽ ഉടൻ മുഖ്യമന്ത്രി ഗവർണർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് ഇവർ തമ്മിൽ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീർപ്പാക്കും.
ഒത്തുതീർപ്പ് നടത്തിയാണ് സർവകലാശാലകളെ ഒരു പരുവത്തിലാക്കിയത്. സംസ്ഥാനത്തെ സിപിഎമ്മും കേന്ദ്രത്തിലെ സംഘ്പരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. ബിജെപി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവർണറുമായി സർക്കാരിന് പ്രത്യയശാസ്ത്രപരമായ തർക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവർണർക്ക് നൽകിയത്.
നിയമസഭ സമ്മളേനത്തിൽ നിരവധി ജനകീയ വിഷയങ്ങൾ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാൻ പോകുകയാണ്. ബജറ്റിൽ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുർചെലവുകൾ വർധിച്ചും ഖജനാവ് കാലിയായി. സംസ്ഥാനത്തെ എങ്ങനെ തകർക്കാം എന്നതിന്റെ ഉദാഹരണമാണ് സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ്. വികസന പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ബഫർ സോണും തീരദേശ മേഖകളിലെ വിഷയങ്ങളും സർക്കാരിന്റെ സംഭരണം തകർന്ന് തരിപ്പണമായതിനെ തുടർന്ന് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളും സഭയിൽ ഉന്നയിക്കും.
കേരളത്തിൽ മുഴുവൻ ജപ്തി നോട്ടീസുകൾ പ്രവഹിക്കുകയാണ്. ജനങ്ങൾ കടക്കെണിയിലാണ്. അതിനൊപ്പമാണ് ഭക്ഷണത്തിൽ മായം കലർത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകർന്നു തരിപ്പണമായി. വനാതിർത്തികളിൽ ജീവിക്കുന്നവർ പ്രതിസന്ധിയിലായിട്ടും സർക്കാർ കൈയുംകെട്ടി ഇരിക്കുകയാണ്. അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സർക്കാർ മാറി. രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുഖ്യം നൽകുന്നത്. എല്ലാത്തിലും വിമർശനങ്ങൾ മാത്രല്ല, ബദൽ നിർദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയിൽ അവതരിപ്പിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ