തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍. പ്രതിപക്ഷവുമായുള്ള സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിന് പരുക്കേറ്റെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയതിന് പിന്നാലെ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു. റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഈ എംഎല്‍എമാര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി എടുത്തിരിക്കുന്നത്. സസ്‌പെന്റ് ചെയ്യുന്ന പ്രമേയം മന്ത്രി എം ബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.

വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരേ തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നു, സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു- തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൂന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. നേരത്തെ ചീഫ് മാര്‍ഷല്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചീഫ് മാര്‍ഷലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം.

നോട്ടീസ് നല്‍കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന പ്രതിപക്ഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ സഭയില്‍ നടത്തിയത് അഴിഞ്ഞാട്ടമാണെന്നാണ് ഭരണണ പക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയിമിങ് പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉടലെടിത്തിരുന്നു.. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ബോഡി ഷെയിമിങ് പരാമര്‍ശവും ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പൊളിറ്റിക്കലി ഇന്‍കറക്ടായ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. മന്ത്രിമാര്‍ വായില്‍തോന്നിയത് പറഞ്ഞപ്പോള്‍ സ്പീക്കര്‍ കുഴപ്പമുണ്ടായിരുന്നില്ല. സ്പീക്കര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നേരിടാന്‍ സ്പീക്കര്‍ ശ്രമിച്ചെന്ന് വി.ഡി. സതീശന്‍ ആരോപണം ഉയര്‍ത്തി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വന്‍ വിലക്ക് വിറ്റിരിക്കുകയാണ്. അതിന് കൂട്ടുനിന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും സതീശന്‍ വ്യക്തമാക്കി.

വി.ഡി. സതീശന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യ വിളികളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. 'അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍.ഡി.എഫ് രാസവിദ്യ' എന്ന് എഴുതിയ ബാനര്‍ അംഗങ്ങള്‍ ഉയര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയ ബാനറുകള്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, സാധിച്ചില്ല.

പ്രതിപക്ഷ നേതാവ് സഭയില്‍ ഗൂണ്ടായിസം കാണിക്കുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ സഭാ ചോദ്യോത്തരവേളയിലേക്ക് കടന്നു. പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം നടന്നു. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭാ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ എം.എല്‍.എയുടെ ഉയരക്കുറവിനെയാണ് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത്. 'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ പ്രസംഗം. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്നത് മലയാളത്തിലെ ഒരു പദപ്രയോഗമാണ്. പല ഭാഗത്തും പറ്റിപ്പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെയോ ഒരു അവസ്ഥയെയോ ഒക്കെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം ഉപയോഗിക്കുന്നത്.

'എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടു മുക്കാല്‍ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.