തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാംസമ്മേളനം തിങ്കളാഴ്ച തുടങ്ങുമ്പോൾ സഭ പ്രക്ഷുബ്ദമാകും. ഗവർണർ-സർക്കാർ പോരും വിഴിഞ്ഞം തുറമുഖവിരുദ്ധസമരവും പ്രതിപക്ഷം ആയുധമാക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനുൾപ്പെടെയുള്ള നിയമനിർമ്മാണങ്ങൾ അജണ്ടയിലുണ്ട്. സമ്മേളനം 15 വരെ തുടരും. വിഴിഞ്ഞം സമരവും സർവ്വകലാശാല കേസുകളിലെ നിരന്തര തിരിച്ചടിയും സർക്കാരിനെ പ്രതിരോധത്തിലാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും സിപിഎം റിക്രൂട്ട്‌മെന്റുമെല്ലാം പ്രതിപക്ഷത്തിന് സുവർണ്ണാവസരമാണ്.

ഒമ്പതുദിവസമാണ് സമ്മേളനം. 15-നു സമ്മേളനം അവസാനിപ്പിച്ച് അതിന്റെ തുടർച്ചയായി ജനുവരി പകുതിയോടെ വീണ്ടുംചേർന്ന് ബജറ്റ് അവതരിപ്പിക്കും. ജനുവരി 20-നാവും ബജറ്റ്. ജനുവരിയിലെ സമ്മേളനം ഡിസംബറിൽ തുടങ്ങിയതിന്റെ തുടർച്ചയാണെന്ന് വരുന്നതോടെ ഗവർണറുടെ നയപ്രഖ്യാപനം ഈ സമ്മേളനത്തിൽ ഉണ്ടാവില്ല. ഗവർണ്ണറെ സഭയിലേക്ക് ആനയിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മടികാരണമാണ് ഇത്. നയപ്രഖ്യാപനം നിശ്ചയിച്ചാൽ ഗവർണ്ണർ എത്താതിരിക്കാനും സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തന്ത്രം സർക്കാർ എടുത്തത്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ നീക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ ാ നിലപാടിൽ അല്ല. സർവകലാശാലകളിലെ സിപിഎമ്മിന്റെ പാർട്ടിബന്ധുനിയമനങ്ങളെ ചോദ്യംചെയ്തതും സർക്കാരിനെ നിരന്തരം വിമർശിക്കുന്നതുമാണ് ഗവർണറെ പ്രതിപക്ഷത്തിന് അഭികാമ്യനാക്കിയത്. പ്രിയാ വർഗ്ഗീസ് കേസിലെ വിധിയും സർക്കാരിന് തലവേദനയാണ്. അതുകൊണ്ട് തന്നെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള ബില്ലിനെ പ്രതിപക്ഷം എതിർക്കും. എന്നാൽ കോൺഗ്രസും ബിജെപി.യും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറെ നീക്കിയത് ഉന്നയിച്ചാവും ഭരണപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്. പക്ഷേ അതിവിടെ കോൺഗ്രസ് കാര്യമായി കാണില്ല.

വിഴിഞ്ഞം തുറമുഖത്തിനെതിരേ ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടക്കം മുതൽ പ്രതിപക്ഷം പിന്തുണയ്ക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിൽ സർക്കാർ കാട്ടിയ വീഴ്ച കഴിഞ്ഞ സമ്മേളനത്തിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും സിപിഎം നടത്തുന്ന പാർട്ടി ബന്ധുനിയമനങ്ങളും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുമൊക്കെ പിണറായിക്ക് തിരിച്ചടിയാകും. ശശി തരൂർ കേരളരാഷ്ട്രീയത്തിൽ സജീവമായതോടെ കോൺഗ്രസിലുണ്ടായ അടിയൊഴുക്കുകൾ മാത്രമാണ് സിപിഎമ്മിനുള്ള പ്രതിരോധത്തിനുള്ള ഏക ആയുധം.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ടു ബില്ലുകൾ പരിഗണിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ എന്നു കൊണ്ടു വരണമെന്ന് തീരുമാനിച്ചിട്ടുള്ള. കാര്യോപദേശകസമിതി തീയതി തീരുമാനിക്കും. സഹകരണസംഘങ്ങളുടെ ഭരണസമിതിയിൽ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനുള്ള ഭേദഗതിബിൽ ചെവ്വാഴ്ച അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു.

ഹൈക്കോടതി സർവീസിലെ വിരമിക്കൽപ്രായം 58 ആക്കണമെന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ, വിരമിക്കൽപ്രായം സംബന്ധിച്ച് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ഹൈക്കോടതി സർവീസുകൾ (വിരമിക്കൽപ്രായം നിജപ്പെടുത്തൽ) ഭേദഗതിബിൽ അതിനുള്ളതല്ല. വിരമിക്കൽപ്രായം നിലവിൽ സർക്കാരിലേതിനു തുല്യമായി 56 ആണ്. എന്നാൽ ചട്ടങ്ങളിൽ ഇപ്പോഴും 55 എന്നാണ്. ഈ തെറ്റുതിരുത്തി 56 ആക്കാനുള്ള ബില്ലാണ് സഭയിൽവരുന്നത്.

തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ നൽകുന്നതും ഏറ്റുമുട്ടലിന്റെ സൂചനയാണ്. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. എന്നാൽ ഇതിനൊപ്പം ആഭ്യന്തര വകുപ്പ് അവതരണാനുമതി തേടിയ ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ബില്ല് അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. ഈ ബിൽ മുഖ്യമന്ത്രിയാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് ഈമാസം ഒന്നിനുചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്‌സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടത്. ഇരുബില്ലുകളും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച് ദൂതൻ വഴി സർക്കാർ രാജ്ഭവനിലെത്തിക്കുകയായിരുന്നു.

കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. രാത്രി ഒമ്പതോടെ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതിവകുപ്പിന്റേത് മാറ്റിവച്ചു. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മേലുള്ള തന്റെ പ്രീതി നഷ്ടമായെന്നും അദ്ദേഹത്തിനെതിരെ ഉചിതനടപടിയെടുക്കണമെന്നും ഗവർണർ ഒക്ടോബറിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ രാജി വേണ്ടെന്നും ബാലഗോപാലിൽ തനിക്ക് വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചും കത്തു നൽകി.

ഒരു മന്ത്രിക്ക് മേൽ പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കി നടപടിയാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത് അപൂർവ്വ നീക്കമായിരിക്കെ തുടർചലനങ്ങളിൽ അന്നേ ആകാംക്ഷയുണ്ടായിരുന്നു. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ ഡിസംബറിൽ നിയമസഭ വിളിച്ചതുപോലും തിരിച്ചടി ഒഴിവാക്കാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു.