തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. അത് സഭ അംഗീകരിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഒരുമിച്ച് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നോട്ടീസ് ഒഴിവാക്കി. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.

നിയമസഭയിൽ കൂടുതൽ കടുപ്പിക്കുകയാണ് എന്ന സൂചന പ്രതിപക്ഷം നൽകിയിരുന്നു. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയിൽ സത്യഗ്രഹമിരുന്നത്. ഈ സാഹചര്യത്തിലാണ് സഭ നടപടികൾ പൂർത്തിയാക്കി പിരിയാനുള്ള തീരുമാനം സർക്കാർ എടുത്തത്.

പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ നടുക്കളത്തിൽ പ്രതിഷേധം തുടർന്നു.

എന്നാൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിച്ചില്ല. എന്നാൽ സഭ പിരിയുമ്പോൾ ദേശീയ ഗാനാലാപന സമയത്ത് നടുത്തളത്തിൽ പ്രതിപക്ഷം നിൽക്കുന്ന ദൃശ്യങ്ങൾ കാട്ടുകയും ചെയ്തു. ബഹളത്തിനിടെ സഭ പരിയുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുകയായിരുന്നു. ചരമോപചാരവും സഭയിൽ സ്പീക്കർ അവതരിപ്പിച്ചു. അതിന് ശേഷം സഭ പിരിയുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ചു. ഇത് അംഗീകരിച്ചു.

സത്യാഗ്രഹവും നിരാഹാരമിരിക്കുന്നതും സഭയുടെ ചട്ടങ്ങൾക്ക് അനുസൃതമായ കാര്യമല്ലെന്ന് നേരത്തെ മന്ത്രി രാജൻ പറഞ്ഞിരുന്നു. സഭയുടെ നടുത്തളത്തിൽ സമാന്തരസഭ സംഘടിപ്പിച്ചു എന്ന കുറ്റം പ്രധാനപ്രശ്നമായി നിലനിൽക്കവെ, സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവളിയാണ്. സ്പീക്കർ പ്രത്യേക റൂളിങ് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഇത് ശരിവെച്ച സ്പീക്കർ എ.എൻ. ഷംസീർ പ്രതിപക്ഷത്തിന്റെ സമീപനം കേരളത്തിന്റേത് പോലെയൊരു സംസ്ഥാന നിയമസഭയ്ക്ക് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. 'നേരത്തെ, സഭയിൽ സ്പീക്കറെ തന്നെ അവഹേളിക്കുന്ന രീതിയിൽ സമാന്തര സ്പീക്കറെയടക്കം നിയമിച്ച് സഭ നടത്തി. അതിന് റൂളിങ് നൽകി. തുടർന്നും സഭാസമ്മേളനം നടത്തിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവും ഉപനേതാവും ദീർഘകാലത്തെ പരിചയമുള്ളവരാണ്.', സ്പീക്കർ പറഞ്ഞു.

സഭാധ്യക്ഷൻ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ, വിളിച്ചിട്ട് വന്നില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ലോക്സഭയിൽ പോലും സഭ നിർത്തിവെച്ച് പ്രതിപക്ഷവുമായി ചർച്ച നടത്താറുണ്ട്. അങ്ങനെയൊന്ന് ഇവിടെയുണ്ടായില്ല. സഭ നിർത്തിവെച്ച് എന്തുകൊണ്ട്, പ്രതിപക്ഷത്തിന്റെ പ്രശ്നമെന്താണെന്ന് സഭാധ്യക്ഷൻ സംസാരിക്കുന്നില്ല? ഞങ്ങളും സർക്കാർ നടത്തിക്കൊണ്ടുപോയ ആളുകൾ അല്ലേ, കൂടിയാലോചന വേണ്ടേ. എന്തുകൊണ്ട് ചർച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പ്രതിപക്ഷം ബോധപൂർവമാണ് സഭ തടസ്സപെടുത്തുന്നതെന്ന് ആരോപിച്ച തദ്ദേശമന്ത്രി എം.ബി. രാജേഷ് സമാന്തര സഭ നടത്തിയ പ്രതിപക്ഷത്തിനെതിരെ റൂളിങ് നൽകണമെന്ന് ആവശ്യപ്പെട്ടു. 'സഭ ചേർന്നുകൊണ്ടിരിക്കെ സമാന്തരസഭ ചേരുന്നത് പാർലമെന്ററി ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണ്. നിയമസഭയെ മാത്രമല്ല, പാർലമെന്ററി നടപടിക്രമങ്ങളെയാകെ വെല്ലുവിളിക്കുന്നതും ലംഘിക്കുന്നതുമാണ് പ്രതിപക്ഷത്തിന്റെ നടപടിയെന്നും ആരോപിച്ചു.

പ്രതിപക്ഷ നേതാവും ഉപനേതാവും ഇതിന് നേതൃത്വം കൊടുക്കുന്നത് നിർഭാഗ്യകരമാണ്. ബോധപൂർവ്വമാണ് സഭ തടസ്സപ്പെടുത്തുന്ന നടപടി പ്രതിപക്ഷം സ്വീകരിക്കുന്നത്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും നിരന്തരമായി വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സഭയേയും സ്പീക്കറേയും അവഹേളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇക്കാര്യത്തിൽ സ്പീക്കറുടെ തീർപ്പുണ്ടാവണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്.